പത്തനംതിട്ട : 17കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ മദ്ധ്യവയസ്‌കനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം ചേരിക്കൽ ലക്ഷം വീട് കോളനിയിൽ ഷാജഹാൻ (48) ആണ് പിടിയിലായത്. ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. സ്വകാര്യ ട്യൂഷൻ സെന്ററിലേക്ക് പോകുമ്പോൾ പന്തളം നഗരത്തിൽ എം.സി റോഡിനോട് ചേർന്നുള്ള നടപ്പാതയിലായിരുന്നു അതിക്രമം. അശ്ലീലം പറഞ്ഞുകൊണ്ട് പിന്നാലെ കൂടിയ പ്രതി, കുട്ടിയുടെ ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമത്തിനു ശ്രമിച്ചു. പെൺകുട്ടി ബഹളം കൂട്ടിയപ്പോൾ ഇയാൾ ഓടിപ്പോയി. ഭയന്നുപോയ കുട്ടി വീട്ടിലെത്തി വിവരം ധരിപ്പിച്ചു. തുടർന്ന് വീട്ടുകാർ അറിയിച്ചതനുസരിച്ച് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പന്തളം പൊലീസ് കേസെടുത്തു. പ്രതിയെ പന്തളം മുട്ടാർ ഭാഗത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലുകൾക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |