
തിരുവനന്തപുരം: നഗരത്തിൽ എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വൻ ലഹരിവേട്ട നടന്നു.തിങ്കളാഴ്ച രാത്രി 7 മുതൽ വെളുപ്പിന് 2 വരെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ.ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് യുവാക്കളിൽ നിന്നായി 125.397 ഗ്രാം എം.ഡി.എം.എ പിടികൂടി. ശാസ്തമംഗലത്തെ ഒരു ഐസ്ക്രീം പാർലറിൽ വച്ച് പാങ്ങോട് മകയിരം വീട്ടിൽ ശ്രീജിത്ത്(31), വേറ്റിക്കോണം അമ്പാടിഹൗസിൽ രാഹുൽ(29) എന്നിവരിൽ നിന്ന് 109.5 ഗ്രാമും ഔഷധി ഭവനിൽ വിഷ്ണുവിൽ(29) നിന്ന് 15.43 ഗ്രാം എം.ഡി.എം.എയും പിടികൂടി. വൻ തോതിൽ ഇത്തരത്തിലുള്ള രാസവസ്തു കൈവശം വച്ച് വില്പന നടത്തിയതിനു ശ്രീജിത്തിന്റെ സഹോദരൻ കഴിഞ്ഞമാസം എക്സൈസിന്റെ പിടിയിലായിരുന്നു. പ്രാവച്ചമ്പലം,പെരിങ്ങമല ഭാഗത്ത് നിന്നും നെല്ലിവിള പുന്നവിള വീട്ടിൽ മുഹമ്മദ് ആദിലും(28) 0.467 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായി.എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച രണ്ട് ബൈക്കുകളും ഒരു സ്കൂട്ടറും പിടികൂടി. ബംഗളൂരുവിൽ നിന്ന് വൻതോതിൽ രാസവസ്തുക്കൾ വാങ്ങിക്കൊണ്ടുവന്ന് വ്യാവസായിക അടിസ്ഥാനത്തിൽ കച്ചവടം നടത്തിവന്നിരുന്ന യുവാക്കളാണ് പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ തെളിവ് ശേഖരണത്തിനായി കസ്റ്റഡിയിൽ വാങ്ങും.പ്രതികളുടെ ദേഹപരിശോധന അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ സുഭാഷിന്റെ സാന്നിദ്ധ്യത്തിലാണ് നടത്തിയത്. എക്സൈസ് ഇൻസ്‌പെക്ടർ ആർ.രതീഷ്, പ്രിവന്റീവ് ഓഫീസർ സന്തോഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്ബാബു, പ്രേബോധ്, അക്ഷയ് സുരേഷ്, നന്ദകുമാർ, ആരോമൽ രാജൻ, കൃഷ്ണപ്രസാദ്, ഡ്രൈവർ അനിൽകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |