കോന്നി: തണ്ണിത്തോട് പഞ്ചായത്തിലേക്കുള്ള നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനരാരംഭിക്കമെന്ന ആവശ്യം ശക്തമാകുന്നു. കോന്നി കരുമാൻതോട് റോഡ് ബി.എം ആൻഡ് ബിസി നിലവാരത്തിൽ വികസിപ്പിച്ചിട്ടും മലയോര മേഖലയിലെ പ്രധാന കുടിയേറ്റ മേഖലയായ തണ്ണിത്തോട് പഞ്ചായത്തിലെ നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനരാരംഭിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിട്ടില്ല. നിരവധി തവണ നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാർ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുൻപിൽ പ്രതിഷേധ സമരവും നടത്തിയിരുന്നു. തണ്ണിത്തോട് പഞ്ചായത്തിലേക്ക് കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറിയും ഫാസ്റ്റ് പാസഞ്ചറും അടക്കം 10 സർവീസുകളാണ് ഉണ്ടായിരുന്നത്. രാവിലെ 5: 10ന് കരുമാൻതോട്ടിൽ നിന്നും പുറപ്പെട്ട് 6: 30ന് പത്തനംതിട്ടയിൽ എത്തുന്ന പത്തനംതിട്ട കരുമാൻതോട് കെ.എസ്.ആർ.ടി.സി സ്റ്റേ സർവീസ് മലയോര മേഖലയ്ക്ക് പ്രയോജനപ്രദമായിരുന്നു. രാവിലെ, 7ന് കരുമാൻതോട്ടിൽ നിന്നും പുറപ്പെട്ട്കോട്ടയം മെഡിക്കൽ കോളേജിൽ എത്തുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസിനും യാത്രക്കാരുടെ തിരക്കുണ്ടായിരുന്നു. കരുമാൻതോട് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സർവീസും ലാഭകരമായിരുന്നു.
സർവീസ് നിറുത്തിയത് കൊവിഡിന് ശേഷം
കൊവിഡ് കാലത്തിനു ശേഷമാണ് തണ്ണിത്തോട് പഞ്ചായത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ നിറുത്തലാക്കിയത്. തിരുവനന്തപുരം കരുമാൻതോട് ഫാസ്റ്റ് പാസഞ്ചർ സർവീസ് ഇടയ്ക്ക് പത്തനംതിട്ട ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്തെങ്കിലും പിന്നീട് നിലച്ചു. തണ്ണിത്തോട് പഞ്ചായത്തിലെ അടവി ഇക്കോ ടൂറിസം പദ്ധതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സർവീസുകളും അടവിയിലേക്കും, അടവിവഴി ഗവിയിലേക്കും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.
.....................................................................
കോന്നി മെഡിക്കൽ കോളേജിലേക്കും തണ്ണിത്തോട് പഞ്ചായത്ത് നിന്നും കെ.എസ്.ആർ.ടി.സി സർവീസുകൾ ഇല്ല. അധികൃതർ ഇടപെട്ട് അടിയന്തര പരിഹാരം കാണണം.
(നാട്ടുകാർ)
........................................................................................................
ഉണ്ടായിരുന്നത് ഓർഡിനറിയും ഫാസ്റ്റ് പാസഞ്ചറും അടക്കം 10 സർവീസുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |