ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുത്തോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ ലീഗ്, കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ കടന്നാക്രമിക്കുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലീഗിനെതിരെ നടത്തിയ പ്രസംഗം പുറത്ത്. രാജ്യസഭാംഗവും മുന്‍ കെപിസിസി അദ്ധ്യക്ഷനുമായിരുന്ന സികെ ഗോവിന്ദന്‍ നായര്‍ മുസ്‌ലിം ലീഗിനെതിരെ സ്വീകരിച്ച നിലപാടുകളെ കുറിച്ച് ചെന്നിത്തല സംസാരിക്കുന്നതാണ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലഘട്ടത്തിൽ നിന്നുമുള്ള വീഡിയോയിലുള്ളത്.
മുസ്ലിം ലീഗുമായി കൂട്ടുകൂടുന്നതിനെ ശക്തമായി എതിർക്കുന്ന നിലപാടുകൾ സ്വീകരിച്ച ആളാണ് അദ്ദേഹമെന്നും മലബാറിൽ രണ്ടോ മൂന്നോ സീറ്റുകൾ ലീഗിന് കൊടുക്കുന്നത് ഭാവിയിൽ കൂടുതൽ സീറ്റുകൾ അവർ ആവശ്യപ്പെടുന്നതിന് കാരണമാകുമെന്നും സികെ ഗോവിന്ദന്‍ നായര്‍ പറഞ്ഞതായി ചെന്നിത്തല തന്റെ പ്രസംഗത്തിലൂടെ പറയുന്നു. ഒരു വാർത്താ മാദ്ധ്യത്തിന്റെ ആർക്കൈവ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
'അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാണെന്ന് പില്‍ക്കാലത്തെ കേരള രാഷ്ട്രീയം തെളിയിച്ചിട്ടുണ്ട്. വര്‍ഗീയ ശക്തികളുമായും സാമുദായിക സംഘടനകളുമായും കോണ്‍ഗ്രസ് പുലര്‍ത്തുന്ന ബന്ധം, ആ ബന്ധത്തിന് ഒരു ലക്ഷ്മണ രേഖ വേണം എന്നുള്ള സി കെ ഗോവിന്ദന്‍ നായരുടെ പ്രസ്താവനയെ ഒരു കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ ഞാനീ കോഴിക്കോട് വെച്ച് പൂര്‍ണമായും അംഗീകരിക്കുന്നു എന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്.'-രമേശ് ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെ.
മുഖ്യമന്ത്രി ലീഗിനെക്കുറിച്ച് നടത്തിയ പ്രസ്താവനയിൽ അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ച യു.ഡി.എഫ് നേതാക്കളിൽ ഒരാളാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം പച്ചയായ വർഗീയതയാണെന്നും ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശ്വാസികളെ അപമാനിച്ച വിജയന്‍ ഇപ്പോള്‍ മുസ്ലിം ലീഗിനെയും കോണ്‍ഗ്രസിനെയും പഴിക്കുന്നത് എന്തു ലക്ഷ്യം മുന്നില്‍ കണ്ടാണെന്ന് മനസിലാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയുമെന്നുമായിരുന്നു വിഷയത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |