പത്തനംതിട്ട: ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ എല്ലാ ഞായറാഴ്ചയും വള്ളസദ്യ നടത്താനുള്ള നീക്കത്തിനെതിരെ പള്ളിയോട സേവാസംഘം. ദേവസ്വം ബോർഡ് നേരിട്ട് ബുക്കിംഗ് നടത്തി ക്ഷേത്രത്തിൽ വള്ളസദ്യ നടത്താനാണ് തിരുമാനിച്ചത്. വഴിപാട് വള്ളസദ്യ നടത്തുന്നവർക്കാണ് നിലവിൽ ഷേത്രത്തിൽ നൽകുന്നത്. വള്ളസദ്യ കഴിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് ക്ഷേത്രത്തിന് പുറത്ത് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ പള്ളിയോട സേവാസംഘം വള്ളസദ്യ നൽകുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം പാക്കേജിൽ എത്തുന്നവർക്കും 250രൂപ അടച്ച് ഓൺലൈൻ ബുക്കിംഗിലൂടെ എത്തുന്നവർക്കും ഇത്തരത്തിൽ ഓഡിറ്റോറിയത്തിൽ വള്ളസദ്യ നൽകുന്നുണ്ട്. ഇതേ മാതൃകയിൽ ഞായറാഴ്ചകളിൽ ക്ഷേത്രത്തിൽ വള്ളസദ്യ നൽകാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചത്.
ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായ തീരുമാനമാണിതെന്നും വള്ളസദ്യയെ കച്ചവടമാക്കാൻ അനുവദിക്കില്ലെന്നും പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ പറഞ്ഞു. ക്ഷേത്രത്തിൽ വഴിപാട് വള്ളസദ്യയല്ലാതെ അനുവദിക്കില്ല. ഇത് സംബന്ധിച്ച് ഇന്ന് നടക്കുന്ന പൊതുയോഗത്തിൽ അന്തിമതീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഷേത്രത്തിൽ ഞായറാഴ്ചകളിൽ വള്ളസദ്യ നടത്താൻ പള്ളിയോട സേവാസംഘവുമായി നേരത്തെ ധാരണയിലെത്തിയതാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.ഇപ്പോൾ വിവാദം ഉണ്ടാക്കുന്നത് എന്തിനാണെന്ന് അറിയില്ല.
ആറൻമുള വള്ളസദ്യ
അഭീഷ്ടകാര്യ സിദ്ധിക്കും സന്താന ലബ്ദ്ധിക്കും സർപ്പദോഷം മാറുന്നതിനുമായി ഭക്തർ തിരുവാറന്മുളേശന് സമർപ്പിക്കുന്ന സവിശേഷമായ അന്നദാന വഴിപാടാണ് വള്ളസദ്യ. ഭക്തർ നേരിട്ട് പള്ളിയോട കരകളുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങി വഴിപാടുകാരന്റെ വസതിയിലോ സൗകര്യപ്രദമായി കരയിലെ ക്ഷേത്രങ്ങളിലോ ആണ് വഴിപാട് നടത്തിയിരുന്നത്. പിന്നീട് പള്ളിയോട കരകളുടെ കൂട്ടായ്മയിൽ പള്ളിയോട സേവാസംഘം രൂപീകരിച്ച് നടത്തിപ്പ് ഇവരുടെ നേതൃത്വത്തിലാക്കി വള്ളസദ്യ ആറന്മുള ക്ഷേത്രത്തിലേക്ക് കേന്ദ്രീകരിച്ചു. ചെന്നിത്തല മുതൽ റാന്നി വരെ പമ്പയുടെ ഇരുകരകളിലുമായി 52 പള്ളിയോടങ്ങളാണ് വള്ളസദ്യയിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |