ആലപ്പുഴ : വി.എസ്.അച്യുതാനന്ദൻ അന്തിയുറങ്ങുന്ന വലിയ ചുടുകാട്ടിലേക്ക് ഇന്നലെയും കൂട്ടമായെത്തി അണികൾ. ബുധനാഴ്ച രാത്രി തോരാമഴയുടെ അകമ്പടിയിൽ ചിത എരിഞ്ഞ് തീരും വരെ തങ്ങളുടെ പ്രിയ നേതാവിനായി മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടേയിരുന്നവർ നൂറു കണക്കിനാണ്. ഇന്നലെ നേരം പുലർന്നപ്പോഴേക്കും ജനസഞ്ചയം വീണ്ടും എത്തിത്തുടങ്ങി.
ചിത എരിഞ്ഞടങ്ങും വരെ കാത്തുനിന്നിട്ടും തിരികെപ്പോകാൻ മനസ്സനുവദിക്കാതെ ആലപ്പുഴയിൽ തുടർന്ന വിവിധ ജില്ലക്കാരുമുണ്ടായിരുന്നു. അതി രാവിലെ സകുടുംബമാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി അജിത്തെത്തിയത്. നാട്ടിൽ നിന്ന് ഭാര്യയ്ക്കും മൂന്ന് വയസ്സുള്ള മകൾക്കും ഒമ്പത് മാസം പ്രായമുള്ള മകനുമൊപ്പമെത്തി ബുധനാഴ്ച വി.എസിന് അന്ത്യോപചാരം അർപ്പിച്ച ശേഷം രാത്രി ആലപ്പുഴയിൽ മുറിയെടുത്ത് താമസിച്ചാണ് ഇന്നലെ വീണ്ടും വി.എസിനരികിലേക്ക് എത്തിയത്.ഇതു പോലെ ധാരാളം പേരാണ് ഇന്നലെ കുടുംബ സമേതമെത്തിയത്. പലരും കുട്ടികളെക്കൊണ്ട് എരിഞ്ഞടങ്ങിയ ചിതയ്ക്കരികിൽ പൂക്കൾ വയ്പിച്ചു. ചിലർ കണ്ണീരോടെ ചിതയ്ക്ക് വലം വച്ചു. മുദ്രാവാക്യങ്ങൾ വിളിച്ചു.
വി.എസിന്റെ മക്കളായ അരുൺകുമാറും ആശയും മറ്റ് കുടുംബാംഗങ്ങളും അതി രാവിലെ വി.എസിന്റെ അന്ത്യ വിശ്രമസ്ഥലത്തെത്തി. സി.പി.എം ജില്ലാ കമ്മിറ്റി ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു.വലിയ ചുടുകാട്ടിൽ ഇന്നലെയും ആൾത്തിരക്ക് കൂടിയതോടെ മഴ നനയാതിരിക്കാൻ കഴിഞ്ഞ ദിവസം കെട്ടിയ വലിയ പന്തൽ നില നിറുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |