മസൂദിന്റെ സഹോദരനും മകനും ഉൾപ്പെടെ 44 പേരെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാൻ

Wednesday 06 March 2019 12:00 AM IST

jaish

ഇസ്ളാമാബാദ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ മകനും സഹോദരനും ഉൾപ്പെടെ 44 ഭീകരരെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാൻ അറിയിച്ചു. മസൂദിന്റെ മകൻ ഹമദ്, സഹോദരൻ മുഫ്തി അബ്ദുൽ റൗഫ് എന്നിവർ ഉൾപ്പെടെയുള്ള ഭീകരരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പാക് ആഭ്യന്തര മന്ത്രി ഷെഹ്‌രാർ ഖാൻ അഫ്രീദി വാർത്താസമ്മേളനത്തിൽ അറിയിച്ചതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്താൻകോട്ട് ആക്രമണക്കേസ് ഉൾപ്പെടെ ഇന്ത്യയിൽ നടന്ന പല ആക്രമണങ്ങളിലെയും പ്രതിയാണ് മുഫ്തി അബ്ദുൽ റൗഫ്.

റൗഫ് കരുതൽ തടങ്കലിലാണെന്നാണ് വിവരം. 2007 ൽ മസൂദ് അസർ ഒളിവിൽ പോയതുമുതലാണ് ഇയാൾ ജെയ്‌ഷെ കമാൻഡറായി സ്ഥാനമേറ്റെടുക്കുന്നത്.

നിരോധിക്കപ്പെട്ട സംഘടനകൾക്കെതിരായ നടപടികൾക്കു വേഗം കൂട്ടുന്നതിന്റെ ഭാഗമായി കരുതൽ നടപടിയായാണ് അറസ്റ്റെന്നും പാക് ആഭ്യന്തര മന്ത്രി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ കരുതൽ തടങ്കലിൽ വച്ചിരിക്കുന്നത്. പാകിസ്ഥാനിലെ ദേശീയ സുരക്ഷാ കമ്മിറ്റിയുടെ (എൻ.എസ്‍.സി) നിർദ്ദേശപ്രകാരമാണു നടപടി. ജെയ്ഷെ മുഹമ്മദിനെതിരെ ഇന്ത്യ കഴിഞ്ഞ ആഴ്ച പാകിസ്ഥാന് നൽകിയ കേസ് രേഖകളിൽ അറസ്റ്റിലായവരുടെ പേരുണ്ട്. എന്നാൽ മതിയായ തെളിവ് ലഭിച്ചില്ലെങ്കിൽ അവരെ വിട്ടയയ്ക്കുമെന്നും പാക് ആഭ്യന്തര മന്ത്രി പറഞ്ഞു. എല്ലാ നിരോധിത സംഘടനകൾക്കെതിരെയും നടപടി സ്വീകരി‌‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദ പ്രവർത്തനങ്ങൾക്കു ഫണ്ടെത്തുന്നത് തടയുന്നതിനായുള്ള രാജ്യാന്തര സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) പാകിസ്ഥാന് അന്ത്യശാസനം നൽകിയിരുന്നു.

ഭീകര ഗ്രൂപ്പുകളും അവരുടെ അനുയായികളും പാകിസ്ഥാനിൽ സ്വതന്ത്രമായി വിഹരിക്കുന്നതു തടയണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. സംഘടനയുടെ ബ്ലാക്ക് ലിസ്റ്റിൽ അകപ്പെട്ടാൽ പാകിസ്ഥാന് ലോകബാങ്ക് ഉൾപ്പെടെയുള്ളവയിൽനിന്നു വായ്പ എടുക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്റെ അടിയന്തര നീക്കമെന്നാണ് കരുതുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA