പ്രൊഫ.എച്ച്.വെങ്കടേശ്വർലു അന്തരിച്ചു
കാസർകോട്: കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എച്ച്.വെങ്കടേശ്വർലു (64) അന്തരിച്ചു.
ഹൈദരാബാദ് മേഡക് സ്വദേശിയായ പ്രൊഫ. എച്ച്.വെങ്കടേശ്വർലു 2020 ആഗസ്റ്റ് 14നാണ് കേരള കേന്ദ്ര സർവകലാശാലയുടെ മൂന്നാമത്തെ വൈസ് ചാൻസലറായി ചുമതലയേറ്റത്. ഹൈദരാബാദ് ഉസ്മാനിയ സർവകലാശാലയിൽ 25 വർഷം കൊമേഴ്സ് അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്നു. ഭാര്യ: ഡി.സുഗുണദേവി. മക്കൾ: എച്ച്. കീർത്തന പ്രവീൺ, എച്ച്. ഗൗതം ഭാർഗവ. മരുമകൻ: പ്രവീൺ.
October 29, 2023
എൻ.ഐ.ടി വിദ്യാർത്ഥി ഹോസ്റ്റൽ
കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
കുന്ദമംഗലം: കോഴിക്കോട് എൻ.ഐ.ടി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ഹൈദരാബാദ് കുക്കാട്ട്പള്ളി സ്വദേശി ചെന്നുപതി വെങ്കിട്ട നാഗേശ്വര റാവുവിന്റെ മകൻ ചെന്നുപതി യശ്വവന്ത് (19) ആണ് വീണത്. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ മൂന്നുമണിക്കായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി. മാതാവ്: ചെന്നുപതി ഭാരതി.
December 06, 2022
പത്താം ക്ളാസ് വിദ്യാർത്ഥികൾ
കല്ലടയാറ്റിൽ മുങ്ങിമരിച്ചു
കുളത്തുപ്പുഴ: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ ഏഴംഗ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ കുളത്തൂപ്പുഴ ഏഴംകുളം പൊയ്കയിൽ വീട്ടിൽ ബിജുമാത്യു - സൂസി ദമ്പതികളുടെ മകൻ റുബൈൻ ബിജു (15), കണ്ടച്ചിറ റോഷ്‌ന മൻസിലിൽ ഷറഫുദ്ദീൻ - നാഫി ദമ്പതികളുടെ മകൻ മുഹമ്മദ് റോഷൻ (16) എന്നിവരാണ് മരിച്ചത്. മറ്റ് പേർ കൂടി ഒഴുക്കിൽപ്പെട്ടെങ്കിലും രക്ഷപ്പെടുത്തി.
ഇന്നലെ രാവിലെ പത്തോടെയാണ് സാം ഉമ്മൻ മെമ്മോറിയൽ ഹൈസ്കൂളിന് സമീപത്തെ തടി ഡിപ്പോയോട് ചേർന്ന് കല്ലടയാറ്റിൽ ഏഴംഗ സംഘം കുളിക്കാനിറങ്ങിയത്. വേനൽക്കാലത്തും ശക്തമായ ഒഴുക്കുള്ള ഭാഗമാണിവിടം. നീന്തുന്നതിനിടയിൽ നാലുപേർ അടിയൊഴുക്കിൽപ്പെടുകയായിരുന്നു. ഇവരിൽ ചിതറ സ്വദേശി സൗരവിനെയും കുളത്തൂപ്പുഴ സാം നഗർ സ്വദേശി അദ്വൈത് വിജയിനെയും മറ്റ് മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് രക്ഷപ്പെടുത്തി. അപ്പോഴേക്കും റൂബൈൻ ബിജുവും മുഹമ്മദ് റോഷനും ഒഴുക്കിൽപ്പെട്ട് പോയിരുന്നു. വിദ്യാർത്ഥികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ നടത്തിയ തെരച്ചിലിൽ പത്തരയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്നും നൂറ് മീറ്റർ അകലെ ആറിന്റെ അടിത്തട്ടിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പൊലീസ് പരിശോധനയ്ക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശവാസികളായ നെടുവന്നൂർ കടവ് സ്വദേശി ബിജു, കല്ലുവെട്ടാംകുഴി സ്വദേശിയായ രാജ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
കഴിഞ്ഞ ദിവസങ്ങളിൽ സാം ഉമ്മൻ സ്കൂളിൽ വച്ചാണ് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്രമേള നടന്നത്. മേളയ്ക്കായി മാറ്റിയ ക്ലാസ് മുറികളിലെ ബഞ്ചും ഡെസ്കുകളും ക്രമീകരിക്കേണ്ടതിനാൽ ഇന്നലെ സ്കൂളിന് അവധിയായിരുന്നു. സ്കൂളിൽ പോകേണ്ടാഞ്ഞതിനാലാണ് ഏഴംഗ സംഘം ട്യൂഷൻ കഴിഞ്ഞ് ആറ്റിൽ കുളിക്കാൻ പോയത്. രക്ഷപ്പെട്ട അദ്വൈത് വിജയ് ശ്വാസ തടസത്തെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കാര്യമായ പ്രശ്നങ്ങളില്ലാത്ത സൗരവ് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.
November 29, 2022
അമൃതോത്സവം 2022 സാംസ്‌ക്കാരിക സദസ്
കാസർകോട് മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തിൽ അമ്മയുടെ ജന്മദിന ആഘോഷ പരിപാടിയോടാനുബന്ധിച്ച് അമൃതോത്സവം 2022 ഭാഗമായി നടന്ന സാംസ്കാരിക സദസ്സ് മധുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ ഉത്ഘാടനം ചെയ്യുന്നു
കാസർകോട്: കാസർകോട് മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തിൽ അമ്മയുടെ ജന്മദിന ആഘോഷ പരിപാടിയോടാനുബന്ധിച്ച് വിവേകാനന്ദ നഗർ മാതാ അമൃതാനന്ദമയി മഠത്തിൽ വിവിധ പരിപാടികളോടെ അമൃതോത്സവം 2022 ആഘോഷിച്ചു.രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെ ആരംഭിച്ച ആഘോഷപരിപാടികൾക്ക് മഠാധിപതി ബ്രഹ്മചാരി വേദവേദ്യാമൃത ചൈതന്യ ദീപപ്രോജ്ജ്വലനം നടത്തി തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭജന സംഘങ്ങളുടെ ഭക്തിഗാന സുധയും നടന്നു. സാംസ്കാരിക സദസ്സ് മധുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ ജനനി, കാഞ്ഞങ്ങാട് അമൃത വിദ്യാലയം പ്രിൻസിപ്പാൾ ബ്രഹ്മ ഗുരുദീപാമൃത ചൈതന്യ എന്നിവർ സംസാരിച്ചു. ജയശീല ടീച്ചർ സ്വാഗതവും ദേവിപ്രസാദ് നന്ദിയും പറഞ്ഞു.
October 23, 2022
സയ്യിദ് സൈനുൽ ആബിദീൻ
ബാഫഖി അന്തരിച്ചു
കോഴിക്കോട്: മർകസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ (82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം. ഇന്നു രാവിലെ ഒമ്പതുവരെ തിരൂർ നടുവിലങ്ങാടിയിലെ വസതിയിൽ പൊതുദർശനവും ജനാസ നമസ്‌കാരവും നടക്കും. ഉച്ചയ്ക്ക് രണ്ടിന് കൊയിലാണ്ടി വലിയകത്ത് മഖാമിൽ ഖബറടക്കും. മുപ്പത് വർഷത്തോളം മലേഷ്യയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം തൊണ്ണൂറോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മക്കൾ: സയ്യിദ് സഹൽ ബാഫഖി,ശരീഫ സുൽഫത്ത് ബീവി. മരുമക്കൾ: സയ്യിദ് ഫൈസൽ, ശരീഫ ഹന ബീവി. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പിതൃസഹോദരപുത്രനാണ്.
September 01, 2022
അടുക്കളക്കുന്ന് ഭഗവതി
ക്ഷേത്രത്തിൽ തുളസിവനം
August 29, 2022
തേങ്ങ തലയിൽ വീണ്
യുവതിക്ക് ദാരുണാന്ത്യം
ഒറ്റപ്പാലം: പാത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങ വീണ് യുവതിക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം മീറ്റ്ന കളത്തിൽ മണികണ്ഠന്റെ മകൾ രശ്മിയാണ് (30) മരിച്ചത്. ഇന്നലെ രാവിലെ 10.15നായിരുന്നു സംഭവം. വീടിന്റെ അടുക്കളയോട് ചേർന്ന് നിന്നിരുന്ന തെങ്ങിൽ നിന്നാണ് തേങ്ങ വീണത്. ഗുരുതരമായി പരിക്കേറ്റ രശ്മിയെ ഉടൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: വിജയലക്ഷ്മി. മക്കൾ: അഭിനവ്, അഭിമന്യൂ.
July 27, 2022
പൊരുത്തമില്ലെന്ന പേരിൽ വിവാഹം
മുടങ്ങി; വിഷം കഴിച്ച യുവതി മരിച്ചു
കാസർകോട് : ജാതകം ചേരാത്തതിന്റെ പേരിൽ വിവാഹം മുടങ്ങിയതിന് എലിവിഷം കഴിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചെമ്മനാട് കൊമ്പനടുക്കം സ്വദേശി മല്ലികയാണ് (22) മരിച്ചത്. ജൂലായ് ഒന്നിനാണ് യുവതിയെ ഗുരുതരനിലയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയായിരുന്നു മരണം.
കുമ്പള സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു യുവതി. വിവാഹം സംബന്ധിച്ച് ധാരണയിലെത്തിയ ഇരുവീട്ടുകാരും സമീപിച്ച ജ്യോത്സ്യൻ ജാതകങ്ങൾ ചേരില്ലെന്ന് പ്രവചിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി വിഷം കഴിച്ചതെന്ന് പറയുന്നു. സംഭവത്തെ തുടർന്ന് മേൽപ്പറമ്പ് പൊലീസിന്റെ റിപ്പോർട്ട് പരിഗണിച്ച കാസർകോട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ആശുപത്രിയിലെത്തി മരണമൊഴി രേഖപ്പെടുത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബദിയടുക്കയിലെ ബന്ധുവീട്ടിൽ സംസ്കരിച്ചു. മേൽപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
July 13, 2022
കാനഡയിൽ ബോട്ടപകടം:
രണ്ടു മലയാളികൾ മരിച്ചു
■ഒരു മലയാളിയെ കാണാതായി
കാലടി: കാനഡയിൽ ഉല്ലാസ യാത്രയ്ക്കിടെ ബോട്ടപകടത്തിൽ രണ്ടു മലയാളികൾ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. ഒരാൾ രക്ഷപ്പെട്ടു.
മലയാറ്റൂർ നീലീശ്വരം കോനുക്കുടി വീട്ടിൽ പൈലി - ജാൻസി ദമ്പതികളുടെ മകൻ ജിയോ പൈലി (32), കളമശേരി സ്വദേശി കെവിൻ ഷാജി (21) എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളി സ്വദേശി ലിയോ മാവേലിയെ (41) കാണാതായി. തൃശൂർ സ്വദേശി ജിജോ ജോഷി രക്ഷപ്പെട്ടു.
കാനഡയിലെ ആൽബർട്ടയിൽ ബാൻഫ് നാഷണൽ പാർക്കിലെ കാൻമോ സ്‌പ്രേ തടാകത്തിൽ ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 10.30 നായിരുന്നു അപകടം. ജിയോയുടെ ബോട്ടിൽ ഉല്ലാസയാത്രയ്ക്കും മീൻ പിടിക്കാനും പോയപ്പോഴാണ് അപകടം. നീന്തലറിയാത്ത ജിജോ വെള്ളത്തിൽ വീണപ്പോൾ മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ടു പേരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തു. ലിയോ മാവേലിക്കായി തെരച്ചിൽ തുടരുന്നതായാണ് നാട്ടിൽ ലഭിച്ച വിവരം.
ജിയോ പൈലി പത്ത് വർഷമായി കാനഡയിലാണ് താമസം. വാഹന വർക്ക്‌ഷോപ്പ് നടത്തുകയാണ്. മൂന്നു വർഷം മുമ്പ് നാട്ടിൽ വന്ന് തിരികെ പോയതാണ്. ഭാര്യ: ശ്രുതി. മകൻ: ഒലിവർ.കെവിൻ ഷാജിയും കുടുംബവും ഇരുപതു വർഷമായി കാനഡയിൽ സ്ഥിര താമസമാണ്.
July 13, 2022
സെപ്റ്റിക് ടാങ്കിൽ വീണ പണമെടുക്കാനിറങ്ങിയ
അന്യസംസ്ഥാന തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു
തൃശൂർ : ക്ലോസറ്റിലൂടെ സെപ്റ്റിക് ടാങ്കിലേക്ക് വീണ പണമെടുക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളായ സഹോദരങ്ങൾ ശ്വാസംമുട്ടി മരിച്ചു. വെസ്റ്റ് ബംഗാൾ ഇരോർ ബർദമാനിൽ സത്താർ സേക്കിന്റെ മക്കളായ അലമാസ് സേക്ക് (44), അഷ്‌റഫുൾ അലം (33) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് എട്ടോടെ തിരൂരിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് ബാത്ത് റൂമിൽ പോയ സമയത്ത് മരണപ്പെട്ടവരുടെ സഹോദരൻ മുഹമ്മദ് ഇബ്രാഹിം സേക്കിന്റെ അടിവസ്ത്രത്തിൽ സൂക്ഷിച്ച 13,000 ഓളം രൂപ അറിയാതെ ക്ലോസറ്റിൽ വീഴുകയായിരുന്നു. ഇതെടുക്കാനായി മരണപ്പെട്ട സഹോദരങ്ങൾ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് നീക്കി കോണി വെച്ച് ഇറങ്ങി. ഈ സമയം ഒരാൾ ബോധരഹിതനായി വീഴുകയായിരുന്നു. ഇതുകണ്ട മറ്റേ സഹോദരൻ കൈയിൽ കയറിപ്പിടിക്കുകയും തുടർന്ന് രണ്ടു പേരും സെപ്റ്റിക് ടാങ്കിലേക്ക് വീഴുകയുമായിരുന്നു. ആഴത്തിലുള്ള സെപ്റ്റിക് ടാങ്കായതിനാൽ ഫയർഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിയ്യൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. കിഴക്കേ അങ്ങാടിയിൽ ദേശ സമുദായം കപ്പേളയ്ക്ക് സമീപം ഡെന്നി തിരൂർ എന്ന ആളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് താമസിക്കുന്നവരാണ്. 20 ഓളം ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്.
June 28, 2022
അഡ്വ. കെ.കെ. ധർമ്മലാൽ നിര്യാതനായി
പറവൂർ: കൊങ്ങോർപ്പിള്ളി കളപ്പുരയ്ക്കൽ വീട്ടിൽ അഡ്വ. കെ.കെ. ധർമ്മലാൽ (83) നിര്യാതനായി. എസ്.എൻ.ഡി.പി.യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമന്റെ മാതൃസഹോദരന്റെ മകനാണ്. പറവൂർ ഒഫീഷ്യൽ റിസീവർ, ഇലക്ട്രിസിറ്റി ബോർഡ് സ്റ്റാൻഡിംഗ് കൗൺസൽ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് അപ്പലേറ്റ് ട്രൈബ്യൂണൽ (എറണാകുളം) ഗവ. സ്റ്റാൻഡിംഗ് കൗൺസൽ, മുൻ ആലങ്ങാട് പഞ്ചായത്ത് മെമ്പർ, കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് സ്ഥാപക വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വാവക്കാട് വള്ളാട്ടുതറ വത്സ (റിട്ട. ഹെഡ്മിസ്ട്രസ്, മൂത്തകുന്നം എസ്.എൻ.എം.എച്ച്.എസ്). മക്കൾ: നിഷ (അദ്ധ്യാപിക, പറവൂർ പുല്ലംകുളം എസ്. എൻ.എച്ച്.എസ്.എസ്), ജയ്ഷ (കാനഡ), ജയേഷ് ലാൽ (സ്വീഡൻ ). മരുമക്കൾ: സുനിൽ (എൻജിനിയർ), മുകേഷ് (കാനഡ), രാധിക (സ്വീഡൻ). സഹോദരങ്ങൾ: പരേതനായ ഡോ. കെ.കെ. ഗോപി, അഡ്വ. കെ.കെ. ബാബു (ഹൈക്കോടതി ), മല്ലിക പണ്ടാല മലയാറ്റൂർ.
June 26, 2022