കൊലപാതകത്തിനു ശേഷം ഭാര്യയെ ഉപേക്ഷിച്ചു,​ രണ്ടുസ്ത്രീകളുമായി നാടുവിട്ടു,​ 12 വർഷത്തിന് ശേഷം പിടിയിൽ

Thursday 06 December 2018 7:45 PM IST
murder-case

ചങ്ങനാശേരി ∙ കൊലപാതകത്തിനുശേഷം ഒളിവിൽപോയ പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ. പായിപ്പാട് നാലുകോടി പുളിമൂട്ടിൽ കൊല്ലംപറമ്പിൽ റോയിയെയാണ് (48) കോട്ടയം ജില്ലാപൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. തമിഴ്നാട്ടിലെ കൊടൈക്കനാലിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

12 വർഷം മുമ്പ് 2006ൽ തൃക്കോടിത്താനം ആരമലക്കുന്ന് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു കൊലപാതകം. കൊലപാതകത്തിനുശേഷം റോയി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച ശേഷം പായിപ്പാട് നാലുകോടിയിലുള്ള രണ്ടു സ്ത്രീകളുമായി നാടുവിടുകയായിരുന്നു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈൽ ഫോൺ നമ്പർ ശേഖരിച്ചു കോട്ടയം സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

2006 ൽ അടിപിടിയെത്തുടർന്ന് ഒന്നാംപ്രതി നാലുകോടി കുടത്തേട്ട് ബിനുവും രണ്ടാംപ്രതി റോയിയും ചേർന്നു തൃക്കോടിത്താനം ആരമലക്കുന്ന് പനംപറമ്പിൽ വീട്ടിൽ ലാലൻ എന്നയാളെ കുത്തിക്കൊലപ്പെടുത്തി എന്നാണു കേസ്. അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ റോയി തുടർന്ന് ഒളിവിൽ പോകുകയായിരുന്നു.

ബിനുവിനെ കോട്ടയം സെഷൻസ് കോടതി 10 വർഷത്തേക്കു തടവിനു ശിക്ഷിച്ചു.പോൾ മുത്തൂറ്റ് വധക്കേസിലെ മാപ്പുസാക്ഷിയാണ്. ഒളിവിൽ പോയ റോയിയെപ്പറ്റി വർഷങ്ങളായി അന്വേഷണങ്ങൾ നടത്തിയിട്ടും യാതൊരു വിവരവും ലഭിച്ചില്ല. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ അന്വേഷണം നടത്തി.

സൈബർ സെല്ലിന്റെ സഹായത്തിൽ സ്ഥലം കണ്ടെത്തിയ പൊലീസ്, തമിഴ്നാട് ഡിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാലിൽ ആറ്റുവാംപെട്ടിക്കു സമീപമുള്ള വനപ്രദേശത്തു നിന്നാണു റോയിയെ സാഹസികമായി പിടികൂടിയത്. ഇവിടെ ‘ജോസഫ്’ എന്ന പേരിൽ കെട്ടിടനിർമാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA