സിസ്റ്റർ ലൂസി കളപ്പുരയോട് സഭ , മഠം വിട്ടുപോകൂ, അല്ലെങ്കിൽ സഭയിൽ നിന്ന് പുറത്താക്കും

പ്രത്യേക ലേഖകൻ | Saturday 16 March 2019 12:00 AM IST

sister-lucy

കൊച്ചി: കത്തോലിക്കാ സഭയ്ക്കുള്ളിൽ പോരാട്ടം നടത്തുന്ന സിസ്റ്റർ ലൂസി കളപ്പുരയോട് മഠം വിട്ടുപോകാൻ ആവശ്യപ്പെട്ട് അധികാരികൾ വീണ്ടും നോട്ടീസ് നൽകി. അല്ലെങ്കിൽ സഭയിൽ നിന്ന് പുറത്താക്കുമെന്ന് ആലുവ ആസ്ഥാനമായ ഫ്രാൻസിസ് ക്ളാരിസ്റ്റ് കോൺഗ്രിഗേഷന്റെ (എഫ്.സി.സി) നോട്ടീസിൽ മുന്നറിയിപ്പുമുണ്ട്.

തെറ്റുകൾ ആവർത്തിച്ചതിനും സഭാനിയമങ്ങൾക്ക് വിരുദ്ധമായി പെരുമാറിയതിനും വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നു. ഏപ്രിൽ 16 നകം രേഖാമൂലം മറുപടി നൽകണം. ആവശ്യപ്പെട്ടാൽ മേയ് 16 വരെ സമയം നീട്ടിനൽകും.

വയനാട് മാനന്തവാടി കാരയ്ക്കാമല വിമല ഹോം അംഗമാണ് സിസ്റ്റർ ലൂസി. കുറ്റപത്രം പോലെ 18 പേജുള്ള നോട്ടീസാണ് സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ്, സെക്രട്ടറി സിസ്റ്റർ ഫിൽബി എന്നിവർ നൽകിയത്. മുമ്പ് നൽകിയ നോട്ടീസിൽ സിസ്റ്റർ ലൂസി ആലുവ അശോകപുരത്തെ എഫ്.സി.സി ആസ്ഥാനത്തെത്തി കഴിഞ്ഞ 11ന് വിശദീകരണം നൽകിയിരുന്നു. ഇതിന്റെ പിറ്റേന്നാണ് പുതിയ നോട്ടീസ് നൽകിയത്.

സഭാവിരുദ്ധ നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട് നോട്ടീസുകൾ നൽകുകയും നേരിൽ ഹാജരായി വിശദീകരണം നൽകാൻ സമയം അനുവദിക്കുകയും ചെയ്തെങ്കിലും അനുസരിച്ചില്ലെന്ന് നോട്ടീസിൽ പറയുന്നു. കഴിഞ്ഞദിവസം പൊലീസ് ഉദ്യോഗസ്ഥയുടെ ഒപ്പമാണെത്തിയത്. അതിനാൽ സ്വതന്ത്രമായി സംസാരിക്കാൻ കഴിഞ്ഞില്ല. കത്തോലിക്കാസഭയുടെയും എഫ്.സി.സിയുടെയും നിയമങ്ങളും വ്യവസ്ഥകളും കാനോനിക നിയമങ്ങളും ആവർത്തിച്ച് ലംഘിക്കുന്നു. സന്യാസം സ്വീകരിക്കുമ്പോൾ ദാരിദ്ര്യം, അനുസരണ എന്നീ വ്രതങ്ങൾ പാലിക്കാമെന്ന് പ്രതിജ്ഞ ചെയ്യാറുണ്ട്. അവ ലംഘിക്കുകയും തന്നിഷ്ടപ്രകാരം ജീവിക്കുകയും സഭയ്ക്കും മഠത്തിനുമെതിരെ പ്രവർത്തിക്കുകയുമാണ്.

കന്യാസ്ത്രീയായി സ്വന്തം ഇഷ്ടപ്രകാരം കഴിയുന്നതിന് തടസമില്ല. എഫ്.സി.സി വിട്ടുപോകാൻ ലൂസിക്ക് സ്വാതന്ത്ര്യമുണ്ട്. അതാണ് താത്പര്യമെങ്കിൽ നോട്ടീസിന് മറുപടി നൽകാതെ രാജിക്കത്ത് നൽകി പുറത്തുപോയി സ്വതന്ത്രമായി കഴിയാമെന്നും അല്ലെങ്കിൽ പുറത്താക്കാൻ ആവശ്യമായ തെളിവുകളുണ്ടെന്നും പറയുന്നു.

സന്യാസിയായി സഭയിലും സമൂഹത്തിലും നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി മാറാൻ തയ്യാറാണെന്ന് സിസ്റ്റർ ലൂസി നേരത്തേ അറിയിച്ചിരുന്നു.

ലൂസിയുടെ പാപങ്ങൾ

 അനുസരണാവ്രതവും ദാരിദ്ര്യവ്രതവും ആവർത്തിച്ച് ലംഘിക്കുന്നു

 അദ്ധ്യാപനത്തിന് കിട്ടുന്ന ശമ്പളം 2017 ഡിസംബർ മുതൽ എഫ്.സി.സിക്ക് കൈമാറുന്നില്ല

 മദർ സുപ്പീരിയറിനെ നേരിൽ കാണണമെന്ന ഉത്തരവുകൾ പാലിച്ചില്ല

 2015ൽ നൽകിയ സ്ഥലംമാറ്റം സ്വീകരിച്ചില്ല. ചുരിദാർ ധരിച്ച ചിത്രം ഫേസ്ബുക്കിലിട്ടു

 അനുമതിയില്ലാതെ കാർ വാങ്ങി, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു, ടി.വി ചർച്ചയിൽ പങ്കെടുത്തു

 എവിടേയ്ക്കാണെന്ന് അറിയിക്കാതെ പുറത്ത് പോകുന്നു. അർദ്ധരാത്രിക്കു ശേഷം തിരിച്ചുവരുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA