ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, അവസരം ലഭിച്ചവർ കടിച്ചു തൂങ്ങി പുതിയ ഊർജ്ജത്തിനുള്ള അവസരം നഷ്ടമാക്കരുത് : ഹൈബി ഈഡൻ

Tuesday 04 December 2018 9:38 PM IST
hibi-edan

കൊച്ചി: യൂത്ത് കോൺഗ്രസിന്റെ പുതിയെ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനായി നടക്കുന്ന സംഘടന തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അറിയിച്ച് യുവ എം.എൽ.എ ഹൈബി ഈഡൻ രംഗത്ത്. യൂത്ത് കോൺഗ്രസ് സമരസജ്ജമായ ഒരു സംഘടനയാക്കി മാറ്റി അതിന് ഊർജ്ജം നൽകി നാളെയുടെ നേതാക്കളെ സൃഷ്ടിക്കുക എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ലക്ഷ്യവും. അത് കൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹൈബി ഈഡൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഈഡൻ ഇക്കാര്യം അറിയിച്ചത്.

തന്റെ തീരുമാനം സംഘടനയിൽ നിന്ന് മറ്റൊരു നേതൃത്വത്തിന് അവസരം നൽകുന്നതിനാണ്. സംഘടനയിൽ ഏറെ അവസരം ലഭിച്ചവർ വീണ്ടും ഭാരവാഹിത്വത്തിൽ കടിച്ചു തൂങ്ങി സംഘടനയിൽ പുതിയ ഊർജ്ജത്തിനുള്ള അവസരം നഷ്ടമാക്കരുത് എന്നാണു തന്റെ അഭിപ്രായമെന്നും ഹൈബി ഈഡൻ പറഞ്ഞു. മറ്റൊരു തലമുറയ്ക്ക് വേണ്ടി പാർട്ടിയിലെ സ്ഥിരം മുഖങ്ങൾ മാറി നിൽക്കണം. അതിനു നിങ്ങളുടെ പിന്തുണയു ണ്ടാവണമെന്നാണ് എന്റെ അഭ്യർത്ഥന. ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനായി, കെ.എസ്.യു.ക്കാരന്റെ അതേ വീറും വാശിയമോടെ പോരാട്ട വീഥിയിൽ പുതിയ നേതൃത്വത്തിന്റെ കൂടെ ഞാൻ എന്നും ഉണ്ടാവുമെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലോകത്തിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനമായ യൂത്ത് കോൺഗ്രസിൽ ജനാധിപത്യപരമായി ഒരു പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുവാനുള്ള പ്രക്രിയ നടക്കുകയാണ്. ഇതിന്റെ ആദ്യ ഘട്ടമായ അംഗത്വ വിതരണം ഇന്ന് അവസാനിക്കും. പതിനെട്ടു വയസ്സ് മുതൽ മുപ്പത്തിയഞ്ചു വയസ്സ് വരെയുള്ളവർക്കു ഈ സംഘടനയോട് ചേർന്ന് പ്രവർത്തിക്കാൻ വേണ്ടി തികച്ചും സുതാര്യമായ ഒരു പ്രക്രിയയാണ് ഇത്. ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന എല്ലാ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും അഭിവാദ്യങ്ങൾ.

ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന എല്ലാ സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ഉപദേശം ഞാൻ ഉൾക്കൊള്ളുന്നു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ പാർട്ടിയിൽ ഏറെ അംഗീകാരം ലഭിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. സേക്രട്ട് ഹാർട്ട് കോളേജിൽ പഠനം തുടങ്ങിയപ്പോൾ മുതലാണ് പാർട്ടിയുടെ സജീവ പ്രവർത്തകനാവുന്നത്. കെ.എസ്.യു.വിന്റെ യൂണിറ്റ് സെക്രട്ടറിയായി, പിന്നീട് പ്രീഡിഗ്രി പ്രതിനിധി, യൂണിറ്റ് പ്രസിഡന്റ്, യൂണിവേഴ്സിറ്റി യൂണിയൻ അംഗം, കോളേജ് യൂണിയൻ ചെയർമാൻ പിന്നീട് കെ.എസ്.യു.വിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് പിന്നീട് ഒരു വിദ്യാർത്ഥി സംഘടനാ പ്രവർത്തകന് ഏറ്റവും വലിയ അംഗീകാരമായി എൻ..എസ്.യു.(ഐ) ദേശീയ അധ്യക്ഷൻ വരെ എത്താൻ സാധിച്ചു. പാർട്ടിയുടെ നേതൃത്വം വിശ്വാസമർപ്പിച്ചു എനിക്ക് നൽകിയ മറ്റു ഉത്തരവാദിത്വങ്ങൾ വേറെയും നിരവധിയായിരുന്നു. രണ്ടായിരത്തി പതിനൊന്നിൽ പതിമൂന്നാം നിയമസഭയുടെ ബേബി അംഗമാവാൻ എനിക്ക് സാധിച്ചത് പാർട്ടി എനിക്ക് സംഘടനാതലത്തിൽ നൽകിയ അംഗീകാരമാണ്. പിന്നീട് രണ്ടായിരത്തി പതിനാറിലും എം.എൽ.എ. ആകുവാനുള്ള അവസരം പാർട്ടി തന്നു.

സംഘടനാ പ്രവർത്തനമാണ് ഒരു രാഷ്ട്രീയ പ്രവർത്തകന് പക്വത നൽകുന്നത്. പുതിയ നേതൃത്വം ഉയർന്നു വരേണ്ടതും സംഘടനാ പാടവത്തിൽ നിന്നാണ്. പുതിയ ഒരു നേതൃത്വത്തിന്റെ കടന്നു വരവിനു അതിനുള്ള അവസരം നൽകുക എന്നതാണ് ഇന്നത്തെ ആവശ്യം. യൂത്ത് കോൺഗ്രസ് സമരസജ്ജമായ ഒരു സംഘടനയാക്കി മാറ്റി അതിനു ഊർജ്ജം നൽകി നാളെയുടെ നേതാക്കളെ സൃഷ്ടിക്കുക എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ലക്ഷ്യവും. അത് കൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കാൻ ആഗ്രഹിക്കുന്നില്ല.

അത് മറ്റൊരു നേതൃത്വത്തിന് അവസരം നൽകുന്നതിനാണ്. സംഘടനയിൽ ഏറെ അവസരം ലഭിച്ചവർ വീണ്ടും ഭാരവാഹിത്വത്തിൽ കടിച്ചു തൂങ്ങി സംഘടനയിൽ പുതിയ ഊർജ്ജത്തിനുള്ള അവസരം നഷ്ടമാക്കരുത് എന്നാണു എന്റെ അഭിപ്രായം. മറ്റൊരു തലമുറയ്ക്ക് വേണ്ടി പാർട്ടിയിലെ സ്ഥിരം മുഖങ്ങൾ മാറി നിൽക്കണം എന്നതാണ്. അതിനു നിങ്ങളുടെ പിന്തുണയുണ്ടാവണമെന്നാണ് എന്റെ അഭ്യർത്ഥന. ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനായി, കെ.എസ്.യു.ക്കാരന്റെ അതേ വീറും വാശിയുമോടെ പോരാട്ട വീഥിയിൽ പുതിയ നേതൃത്വത്തിന്റെ കൂടെ ഞാൻ എന്നും ഉണ്ടാവും. ഈ ജനാധിപത്യ പ്രക്രിയയിൽ ഭാഗമാവുന്ന എല്ലാ സഹപ്രവർത്തകർക്കും ആശംസകൾ..

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA