റാഫേലിൽ തട്ടി വഴിമുട്ടിയ കാസർകോട് എച്ച്.എ.എല്ലിന് പ്രതീക്ഷ

ഒ.സി.മോഹൻരാജ് | Thursday 10 January 2019 12:00 AM IST

hal
hal

കണ്ണൂർ:റാഫേൽ അഴിമതി വിവാദത്തിൽ വികസനം വഴിമുട്ടിയ പൊതുമേഖലാ സ്ഥാപനമായ കാസർകോട് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമന്റെ വാക്കുകളിൽ പ്രതീക്ഷ.73,000 കോടിയുടെ കരാർ എച്ച്.എ.എല്ലിന് നൽകുന്നതിന്റെ നടപടികൾ പുരോഗമിക്കുകയാണെന്നാണ് മന്ത്രി ലോക്‌സഭയിൽ അറിയിച്ചത്

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കാസർകോട് കേന്ദ്രം ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത നിലയിലായിരുന്നു. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകൾ പ്രതിരോധ മന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്.

കാസർകോട് സീതാംഗോളിയിലെ എച്ച്.എ.എൽ യൂണിറ്റിലാണ് യുദ്ധ വിമാനമായ സുഖോയ് എസ്.യു 30 എം.കെ.ഐയുടെ ഇലക്ട്രോണിക് ഘടകങ്ങളും മറ്റും നിർമ്മിക്കുന്നത്. റാഫേൽ യുദ്ധ വിമാനത്തിന്റെ ഇലക്ട്രോണിക് ഘടകങ്ങൾ കാസർകോട് യൂണിറ്റിൽ നിർമ്മിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം കഴിഞ്ഞ വർഷം ഉറപ്പുനൽകിയിരുന്നത്. വിവാദം കത്തിപടർന്നപ്പോൾ ഈ യൂണിറ്റിന്റെ വികസനമാണ് വഴിമുട്ടിയത്.

എച്ച്.എ.എല്ലിന്റെ ഹൈദരാബാദിലെ ഏവിയേഷൻ ഇലക്ട്രോണിക്‌സ് ഡിവിഷനു കീഴിലാണ് കാസർകോട് യൂണിറ്റ്. ഹൈദരാബാദിൽ നിർമ്മിക്കുന്ന വിമാനങ്ങളുടെ ഏവിയോണിക്‌സ് നിർമ്മാണത്തിന്റെ ഭൂരിഭാഗവും കാസർകോട് യൂണിറ്റിനാണ് കിട്ടേണ്ടിയിരുന്നത്. സുഖോയ് 30, മിഗ് യുദ്ധവിമാനങ്ങളുടെ ഏവിയോണിക്‌സ് കരാർ കിട്ടിയാലേ യൂണിറ്റിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ കഴിയുള്ളൂവെന്ന് ജീവനക്കാർ പറയുന്നു.

തുടങ്ങിയത് 2012ൽ

2012ൽ സീതാംഗോളിയിലെ കിൻഫ്ര പാർക്കിലെ 196 ഏക്കറിലാണ് ഫാക്ടറി തുടങ്ങിയത്. അന്നത്തെ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ആന്റണിയുടെ ഇടപെടലിനെ തുടർന്നാണ് ഈ യൂണിറ്റ് മലബാറിന് അനുവദിച്ചത്. 66 കോടി ചെലവിലാണ് പ്രവർത്തനം തുടങ്ങിയത്. റഫാൽ ഘടകങ്ങളുടെ നിർമ്മാണം ഈ സ്ഥാപനത്തിന് കൂടുതൽ സഹായകമാകുമായിരുന്നു..

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA