നടന്ന് നടുവൊടിഞ്ഞവർ വരുന്നു; കനിവിന്റെ ഡബിൾ ബെൽ തേടി

കോവളം സതീഷ്‌കുമാർ | Monday 24 December 2018 12:10 AM IST
mpanel

എംപാനലുകാരുടെ ലോംഗ് മാർച്ച് ഇന്ന് നഗരത്തിൽ

തിരുവനന്തപുരം: കുടുംബത്തിന് കഞ്ഞി കുടിച്ച് കഴിയാൻ വകകിട്ടിയിരുന്ന ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് അനാഥരായ സാധുക്കൾ. ഹൈക്കോടതി വിധിയെ തുടർന്ന് കെ.എസ്.ആർ.ടി.സിയിൽ നിന്ന് കുടിയിറക്കപ്പെട്ട എംപാനൽ കണ്ടക്ടർമാർ. 155 കിലോമീറ്റർ നടന്ന് കിതച്ച് ഇന്ന് സെക്രട്ടേറിയറ്റ് നടയിലേക്ക് എത്തുമ്പോൾ ജോലി നിലനിറുത്തണമെന്ന ഇവരുടെ ആവശ്യത്തിന് സർക്കാർ ചെവികൊടുക്കുമോ? 3861 കുടുംബങ്ങളാണ് ഈ ചോദ്യത്തിന് അനുകൂല മറുപടി പ്രതീക്ഷിക്കുന്നത്.

പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാർ സംഘടിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് ആലപ്പുഴ നിന്ന് ലോംഗ് മാർച്ച് ആരംഭിച്ചത്. ഇന്നലെ ശ്രീകാര്യത്ത് സമാപിച്ച മാർച്ച് ഇന്ന് രാവിലെ ഏഴിന് പുനരാരംഭിച്ച് ഉച്ചയോടെ സെക്രട്ടേറിയറ്റ് നടയിലെത്തും. ഒരോ തൊഴിലാളിയുടേയും വരുമാനത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബാഗങ്ങൾ കൂടി അണിനിരക്കുന്നതോടെ മാർച്ച് വലിയൊരു ജനപ്രവാഹമാകും.

വെറും 480 രൂപ ദിവസ വേതനം വാങ്ങിയിരുന്നവരാണ്. ഒരു ദിവസം എല്ലാം നഷ്ടപ്പെട്ട് ബസിൽ നിന്ന് കണ്ണീരോടെ ഇറങ്ങിപ്പോകേണ്ടി വന്നവർ. തൊഴിലാളി സംഘടനകൾ പോലും സഹാനുഭൂതിയുമായി എത്തിയില്ല. അതുകൊണ്ടു തന്നെ സംഘടനകളുടെ സഹായമില്ലാതെ രൂപം കൊണ്ട കൂട്ടായ്‌മയാണ് ലോംഗ് മാർച്ച് നടത്തുന്നത്.

പൊള്ളുന്ന സൂര്യനു കീഴിൽ ഉറച്ച കാൽവയ്പ്പുകളോടെയാണ് അവർ നടന്നത്. ഇടയ്ക്ക് അനാരോഗ്യം കാരണം ചിലർ കുഴഞ്ഞു വീണു. മറ്റ് ചിലരുടെ പാദം പൊള്ളിയടർന്നു. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സതേടി.

വിവിധ ഡിപ്പോകൾ പിന്നിട്ടാണ് മാർച്ച് തിരുവനന്തപുരത്ത് എത്തിയത്. കെ.എസ്.ആർ.ടി.സിയുടെ തൊഴിലാളി സംഘടകളൊന്നും സ്വീകരണം നൽകിയില്ലെന്ന് വേദനയോടെ അവർ പറഞ്ഞു. ജോലി ചെയ്തിരുന്നപ്പോൾ ദിവസക്കൂലിക്കാരിൽ നിന്ന് മാസവരി കൈപ്പറ്റിയവരാണ് യൂണിയൻകാർ.മറ്റ് ചില സംഘടകനൾ സഹായവുമായി എത്തിയിരുന്നു.

 തിരിച്ചെടുക്കാൻ സാദ്ധ്യത

എംപാനലുകാരിൽ നല്ലൊരു ഭാഗത്തേയും തിരിച്ചെടുക്കാൻ സാദ്ധ്യത തെളിയുകയാണ്. ഇവരെ തിരിച്ചെടുക്കണമെന്നാണ് സി.പി.എമ്മും ആവശ്യപ്പെട്ടിരിക്കുന്നത്. എത്ര പേരെ ഉൾക്കൊള്ളിക്കാനാകുമെന്ന് പഠിച്ചുവരികയാണ് കെ.എസ്.ആർ.ടി.സിയും. പിരിച്ചുവിട്ടവരിൽ ജോലിക്ക് താൽപര്യമുള്ളവരുടെ കണക്ക് ഇന്ന് കൂട്ടായ്‌മയുടെ സഹായത്തോടെ എടുക്കാനും ആലോചനയുണ്ട്

സാദ്ധ്യത

1 - 3861 പേരുടെ സ്ഥാനത്ത് നിയമന ഉത്തരവ് കൈപ്പറ്റിയത് 1532 പേർ. 45 ദിവസം കഴിഞ്ഞും ഈ നില തുടർന്നാൽ ബാക്കി ഒഴിവുകളിലേക്ക് എംപാനലുകാരെ പ്രവേശിപ്പിക്കാം

2- എല്ലാവരേയും തിരിച്ചെടുക്കുക. ലഭ്യമാകുന്ന മുറയ്ക്ക് തൊഴിൽ ദിനങ്ങൾ നൽകുക.

''എംപാനലുകാരുടെ കാര്യം സർക്കാർ അനുഭാവപൂർവം പരിഗണിച്ചു വരികയാണ്. ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും''- എ.കെ.ശശീന്ദ്രൻ, ഗതാഗത മന്ത്രി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA