പിരിമുറുക്കത്തിന്റെ രാപ്പകൽ

Monday 24 December 2018 12:15 AM IST
manithi

പമ്പ: മനിതി സംഘത്തിന്റെ ശബരിമല വരവ് രാപ്പകൽ നീണ്ട പിരിമുറുക്കമുണ്ടാക്കി. സംഘം വന്ന വഴികളും പമ്പയിലെ നാടകീയ രംഗങ്ങളും

ശനിയാഴ്ച രാത്രി 9 മണി:

തമിഴ്നാട്ടിലെ സ്ത്രീശാക്തീകരണ സംഘടനയായ മനിതിയുടെ നേതൃത്വത്തിൽ 19 അംഗ സംഘം ചെന്നൈ, മധുര എന്നിവിടങ്ങളിൽ നിന്ന് ശബരിമലയിലേക്കു തിരിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു.

രാത്രി 9.30:

മനിതിസംഘം കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ശബരിമലയിലേക്ക് എത്തുമെന്ന് വിവരം. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ശബരിമല കർമ്മസമിതിക്കാരും ബി.ജെ.പി പ്രവർത്തകരും സംഘടിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലും ബി.ജെ.പി പ്രവർത്തകരെത്തി.

രാത്രി 10.00:

കോട്ടയം, ചെങ്ങന്നൂർ, എരുമേലി, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.

11.00

മനിതിസംഘത്തിന്റെ യാത്രാവഴി മാറ്റിയെന്നും കുമളി, ആര്യങ്കാവ്, നാഗർകോവിൽ വഴി നിലയ്ക്കൽ എത്തുമെന്നും അഭ്യൂഹം. റൂട്ടുകളിൽ പൊലീസ് നിരീക്ഷണം.

11.30

മനിതിസംഘത്തിന്റെ ടെമ്പോ ട്രാവലർ കട്ടപ്പന പാറക്കടവിൽ തടഞ്ഞ ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇന്നലെ പുലർച്ചെ മൂന്ന് മണി:

പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ മനിതിസംഘം കുമളിയിൽ നിന്ന് കണമല വഴി പമ്പയിലെത്തി. ത്രിവേണിയിലെ പൊലീസ് കൺട്രോൾ റൂമിൽ വിശ്രമം.

4.45:

പൊലീസ് അകമ്പടിയിൽ പമ്പ ഗണപതി ക്ഷേത്രത്തിലേക്ക്. ദേവസ്വം ഒാഫീസിൽ ആറ് പേർക്ക് ഇരുമുടിക്കെട്ട് നിറയ്‌ക്കാൻ പണമടച്ച് രസീതു വാങ്ങി. മേൽശാന്തിയോട് അനുമതി ചോദിക്കാൻ ഒരു പൂജാരി പുറത്തേക്ക്. യുവതികൾ തേങ്ങയും അരിയുമെടുത്ത് കെട്ടുനിറയ്ക്കുന്നു.

5.15:

മലകയറാൻ തയ്യാറായി യുവതികൾ പന്തളം രാജമണ്ഡപത്തിനടുത്തേക്ക്. അൻപതോളം പ്രതിഷേധക്കാർ നിലത്തിരുന്ന് ശരണം വിളി തുടങ്ങി. സി.എെ. വിജയന്റെ നേതൃത്വത്തിൽ പൊലീസ് യുവതികൾക്ക് വലയം തീർത്തു. മനിതിസംഘത്തിലെ 11പേരും നിലത്തിരുന്നു. പ്രതിഷേധക്കാർ ഇരുനൂറോളമായി.

7.30:

മനിതിസംഘം കോർഡിനേറ്റർ സെൽവിയെ പൊലീസ് ഗാർഡ് റൂമിലേക്കു കൊണ്ടുപോയി. പ്രതിഷേധവും ക്രമസമാധാന പ്രശ്നവും ഉണ്ടാകുമെന്നതിനാൽ ശബരിമലയിലേക്ക് പാേകാനുളള തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നോട്ടില്ലെന്നും ദർശനം നടത്തണമെന്നും സെൽവി. തുടർന്ന് സംഘാംഗങ്ങളുടെ അടുത്തേക്ക് എത്തി.

11.00

പ്രതിഷേധക്കാരുടെ എണ്ണം കുറഞ്ഞു. നിരോധനാജ്ഞയുള്ള സ്ഥലമാണെന്നും പിരിഞ്ഞുപോകണമെന്നും രണ്ടു തവണ സി.എെ മെഗാഫോണിലൂടെ ആവശ്യപ്പെട്ടു.

11.15:

രണ്ടു പൊലീസ് ജീപ്പുകൾ എത്തി. പിരിഞ്ഞുപോകാൻ വീണ്ടും ആവശ്യപ്പെട്ടു. ശരണം വിളി ശക്തമായി. അറസ്റ്റിനു നീക്കം. കൈകൾ കോർത്ത് നിലത്തു കിടന്ന പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി.

11.30

യുവതികളുമായി പൊലീസിന്റെ മറ്റൊരു സംഘം നീലിമലയിൽ അൻപത് മീറ്റർ കയറി. നീലിമലയിൽ തടഞ്ഞു നിർത്തിയിരുന്ന പ്രതിഷേധക്കാർ പൊലീസ് വലയം ഭേദിച്ച് യുവതികൾക്കു നേരെ ആക്രോശിച്ചു പാഞ്ഞു. അംഗബലം കുറവായ പൊലീസ് യുവതികളെയും കൊണ്ട് ഗാർഡ് റൂമിലേക്ക് തിരിഞ്ഞോടി.

ഉച്ചയ്ക്ക് 12.30:

യുവതികൾ മലയാത്ര ഉപേക്ഷിച്ചു. പൊലീസ് കൺട്രോൾ റൂമിൽ നിന്ന് യുവതികളെയും കൊണ്ടുളള വാഹനം നിലയ്ക്കലേക്ക്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA