പിങ്ക് പൊലീസ് 122

Wednesday 19 December 2018 12:15 PM IST
novel

രണ്ടടി തികച്ചു വയ്ക്കാൻ കഴിഞ്ഞില്ല ജോൺ തോമസിന്.
മിന്നൽപോലെ വെയിറ്റർ മുന്നിലെത്തി. കൈകൾ വിരിച്ചുപിടിച്ച് ജോൺ തോമസിനെ തടഞ്ഞു.
''നിങ്ങൾ എങ്ങോട്ട് ഓടിപ്പോയാലും എത്ര ഉച്ചത്തിൽ അലറി വിളിച്ചാലും ഞാനെടുത്ത ക്വട്ടേഷൻ... അത് നടത്തിയിരിക്കും.'
ജോൺ തോമസ് കിലുകിലെ വിറയ്ക്കാൻ തുടങ്ങി.


''ആരാ... നീ?'
''ഞാൻ ചന്ദ്രൻ. പഴവങ്ങാടി ചന്ദ്രൻ. കയ്യോ കാലോ വെട്ടുന്ന ചീള് ക്വട്ടേഷനുകളൊന്നും ഞാൻ ഏറ്റെടുക്കാറില്ല. പ്രാണൻ! അത് മാത്രമേ ഞാനെടുക്കൂ...'
പിന്നെ ഒന്നും പറയാനുള്ള സമയം കിട്ടിയില്ല ജോണിന്.


പഴവങ്ങാടി ചന്ദ്രൻ വലതുകൈയുടെ ചൂണ്ടുവിരൽ ലംബമാക്കി സർവ്വശക്തിയും ആ വിരലിലേക്ക് ആവാഹിച്ച് ഒറ്റ കുത്ത്.
ജോൺ തോമസിന്റെ തൊണ്ടക്കുഴിയിൽ...


അയാളുടെ വാ അറിയാതെ തുറക്കപ്പെട്ടു. കണ്ണുകൾ തുറിച്ചുവന്നു. ഒരു ശബ്ദം പോലും തൊണ്ടക്കുഴിയിൽ നിന്നുയർന്നില്ല.
സകല ഞരമ്പുകളും കെട്ടിവരിയപ്പെട്ടതുപോലെ....
നിന്നിടത്തുനിന്ന് അനങ്ങാൻ പോലും സാധിക്കുന്നില്ല!


ആ വിരൽകൊണ്ടുതന്നെ പഴവങ്ങാടി ചന്ദ്രൻ, ജോൺ തോമസിനെ പിന്നോട്ടു നടത്തി.
കാലുകൾ കിടക്കയിൽ കുരുങ്ങി അയാൾ മലർന്നു വീണു.


ചന്ദ്രൻ വിരലെടുത്തില്ല.
കിടക്കയിൽ കൈകാലടിച്ചു പിടഞ്ഞു ജോൺ...


ചന്ദ്രന്റെ കൈയ്ക്ക് പിടിക്കാനുള്ള അയാളുടെ ശക്തിപോലും പോയി. 'കോമ'യിൽ കിടക്കുന്ന ഒരു പേഷ്യന്റിനെപ്പോലെയായി അയാൾ..
അര മിനിട്ടുനേരം ചന്ദ്രൻ ആ വിരൽ അമർത്തിപ്പിടിച്ചു. പിന്നെ കൈ പിൻവലിച്ചു.


ശ്വാസം വലിച്ചുവിടാൻ എന്നവണ്ണം ജോൺ തോമസ് വാ തുറന്നു. പിന്നെ അത് അടഞ്ഞില്ല...

നേരം സന്ധ്യ.
പത്തനംതിട്ടയിൽ പല ഭാഗങ്ങളിലും തന്റെ ആക്ടീവയിൽ കറങ്ങി നടന്നു പിങ്ക് പോലീസ് എസ്.ഐ വിജയ.
ജീൻസും ടീഷർട്ടും ആണ് വേഷം.


വെട്ടിപ്രത്തുകൂടി രണ്ടുമൂന്നു വട്ടം അവൾ പോയി.


അപ്പോഴാണ് ഒരാൾ ബൈക്കിൽ ചിൽഡ്രൻസ് പാർക്കിലെ പണി തീരാത്ത കെട്ടിടത്തിന് അടുത്തേക്കു പോകുന്നത് കണ്ടത്.
അവൾക്ക് ജിജ്ഞാസ തോന്നി.


അങ്ങനെ ഒരാൾ അവിടെ പോകേണ്ട കാര്യമില്ല.


അല്പംകൂടി നേരം ഇരുട്ടും വരെ അവൾ കാത്തിരുന്നു. പിന്നെ ആക്ടീവ ഒരു ഭാഗത്ത് ഒതുക്കിവച്ചിട്ട് ആ കെട്ടിടത്തിനടുത്തേക്ക് നടന്നു.
ജീൻസിന്റെ പോക്കറ്റിൽ പിസ്റ്റൾ ഉണ്ടോയെന്ന് ഒരിക്കൽ കൂടി പരിശോധിച്ചു.


ഉണ്ട്.
ഇരുളിന്റെ മറപറ്റി അവൾ പാളികളില്ലാത്ത വാതിൽക്കൽ എത്തി. ഒരിടത്തും ഒരനക്കവുമില്ല...
പെട്ടെന്ന് അകത്ത് ആരുടെയോ പതിഞ്ഞ സംസാരം കേട്ടതുപോലെ തോന്നി.


ഇരുളിലൂടെ തപ്പിത്തടഞ്ഞ് അവൾ അകത്തേക്കു ചെന്നു.
പൊടുന്നനെ അകത്തെ മുറിയിൽ മങ്ങിയ വെളിച്ചം കണ്ടു.
ഭിത്തിയോടു ചേർന്ന് കരുതലോടെ അവൾ വാതിൽക്കലേക്കു നീങ്ങി.


ആ മുറിയിലെ വെളിച്ചം മെഴുകുതിരിയുടേതാണെന്ന് വിജയ കണ്ടു.
ഇപ്പോൾ അവിടെ സംസാരിക്കുന്നത് ഒരുവിധം കേൾക്കാം. ഒരാൾ ഫോണിൽ സംസാരിക്കുകയാണ്.


''ഇല്ല. ഇവിടെ കുഴപ്പമൊന്നുമില്ല. അവന് ഉച്ചയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തു. പിന്നെ വായ്ക്കു മുകളിൽ സെല്ലോ ടേപ്പ് ഒട്ടിച്ചു.'
അതു കേട്ടപ്പോൾ വിജയയുടെ ഹൃദയതാളം മുറുകി.


നോബിൾ തോമസിനെക്കുറിച്ച് ആയിരിക്കില്ലേ ഇയാൾ പറയുന്നത്?
അവിടെ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിയിട്ട് വിജയ വാതിൽക്കൽ നിന്ന് അകത്തേക്ക് തലനീട്ടി.


ഇപ്പോൾ മെഴുകുതിരി വെളിച്ചത്തിൽ അവൾ കണ്ടു...
കസേരയിൽ ബന്ധിച്ച്, മുഖത്ത് ടേപ്പ് ഒട്ടിച്ചു വച്ചിരിക്കുന്ന ഒരു യുവാവ്...


ഇവൻ തന്നെ!
വിജയ ഉറപ്പിച്ചു.
മുഖ്യമന്ത്രിയുടെ ജാരസന്തതി!


''ശരി, വിശേഷം വല്ലതും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം.'
കാൾ കട്ടുചെയ്തുകൊണ്ട് ഗ്രിഗറി തിരിഞ്ഞു.


മിന്നൽ വേഗത്തിൽ വിജയ തല പിൻവലിച്ചു.
പക്ഷ.. ഒരു നിഴൽ അനങ്ങുന്നത് ഗ്രിഗറി കണ്ടു. (തുടരും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE