കാഴ്‌ചക്കാരെ മയക്കും ഞണ്ടിറുക്കി വെള്ളച്ചാട്ടം

Wednesday 13 February 2019 3:54 PM IST
njandirukki-waterfalls

വേറിട്ട യാത്രകളാണ് ഓ‌രോരുത്തരും ഇഷ്ടപ്പെടുക. അത്തരത്തിലൊരിടമാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് ഈ വെള്ളച്ചാട്ടത്തിലേത്. തീർത്തും വ്യത്യസ്തമായ കാഴ്ചാനുഭൂതി. ഇടുക്കി തൊടുപുഴയിലെ വെള്ളിയാമറ്റം പഞ്ചായത്തിലാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്ങിന് സമാനമായ ഒരു യാത്രയാണ് ഇവിടുത്തേത്. വെള്ളച്ചാട്ടത്തിന്റെ താഴെയുള്ള സ്ഥലങ്ങളിൽ നിന്നും ഇവിടം വീക്ഷിക്കാം എന്നത് മറ്റൊരു പ്രത്യേകതയാണ്. എന്നാൽ,​ വർഷ കാലത്ത് ഇത് സാധ്യമാകില്ല. ആ സമയത്ത് അപകടകരമായ സാഹചര്യമാണ് വെള്ളച്ചാട്ടത്തിലേത്. മദ്ധ്യഭാഗത്തായി വ്യൂ പോയിന്റും ഉണ്ട്. പടവുകൾ കയറിയെത്തുമ്പോൾ ഈ വ്യൂ പോയിന്റിലേക്കാണ് എത്തിച്ചേരുക.

njandirukki-waterfalls

വെള്ളത്തന്റെ ശക്തമായ ശബ്ദം കാഴ്ചക്കാരെ പെട്ടെന്നൊന്ന് ഭയപ്പെടുത്തും. അടുത്തു നിന്നും നോക്കുമ്പോൾ കണ്ണിലേക്ക് വെള്ളത്തുള്ളികൾ ആഞ്ഞടിക്കുകയാണ്. അൽപമൊന്ന് കണ്ണിറുക്കി മാത്രമേ അപ്പേൾ വെള്ളച്ചാട്ടത്തെ നോക്കാൻ സാധിക്കൂ. അത്രയ്‌ക്ക് വേഗത്തിലാണ് വെള്ളം ഒഴുകുന്നത്. ഞണ്ടിറുക്കി വെള്ളച്ചാട്ടത്തിൽ കാണാനുള്ള കാഴ്ചകൾ ഒത്തിരിയാണ്. ബസ്സിറങ്ങിയ ശേഷം താഴേക്കുള്ള റോഡിലൂടെ 500 മീറ്ററോളം പോയാൽ വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള ഭംഗി ആസ്വദിക്കാം. വെള്ളം ഒഴുകിയെത്തുന്ന പാറക്കൂട്ടങ്ങളുടെ ഇടതുവശത്തുകൂടി മുകളിലേക്ക് കയറാൻ പടികളുമുണ്ട്. പടികൾ കയറി 400 മീറ്ററോളം മുകളിലേക്ക് നടന്നാൽ ചെങ്കുത്തായി വെള്ളം പതിക്കുന്നതിനു ചുവട്ടിലെത്താം. നടന്നു കയറാൻ മടിയുള്ളവർക്ക് മുമ്പിൽ മറ്റൊരു വഴികൂടിയുണ്ട്.

മലമുകളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം പാറക്കെട്ടുകൾക്കിടയിലൂടെ തല്ലിത്തെറിച്ച് 200 അടിയോളം താഴെക്ക് പതിക്കുന്നതുകാണാം. വ്യൂപോയിന്റിൽ നിന്നാൽ വെള്ളിയാമറ്റം പഞ്ചായത്തിലെ മിക്ക സ്ഥലങ്ങളും ദൃശ്യമാണ്.

njandirukki-waterfalls

തൊടുപുഴയിൽ നിന്നും 19 കിലോമീറ്റർ അകലെയുള്ള പൂമാലയിലെത്തിയാൽ നടന്നെത്താവുന്ന ദൂരത്തിലാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. പൂമാലക്ക് രണ്ട് ജംങ്ഷനുകളുണ്ട്. തൊടുപുഴയിൽ നിന്നും വരുമ്പോൾ പൂമാല സ്വാമിക്കവല എന്ന ജംങ്ഷനും കടന്ന് ഏകദേശം ഒരു കിലോമീറ്റർ പിന്നിടുമ്പോൾ ഗവൺമെന്റ് ട്രൈബൽ സ്‌കൂൾ കവലയിലെത്തും. ഇവിടെ വരെയാണ് സാധാരണ തൊടുപുഴ - പൂമാല സർവീസ് നടത്തുന്ന ബസുകൾ ഉണ്ടാവുക.

പൂമാലയിൽ നിന്നും നാളിയാനിക്കുള്ള റോഡിലൂടെ വാഹനം കൊണ്ടുവരാമെങ്കിലും വാഹനങ്ങൾ പൂമാലയിൽത്തന്നെ നിറുത്തിയിട്ട ശേഷം നടന്നു വരുന്നതായിരിക്കും ഉചിതം. കാഴ്ചകൾ ആസ്വദിച്ച് നടക്കാം. വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലം തന്നെയാണ്. എന്നാലും കടുത്ത വേനൽകാലമൊഴികെയുള്ള അവസരത്തിലും ഇവിടെ എത്തിച്ചേരാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE