തെറ്റു ചെയ്താൽ മുഖം നോക്കാതെ നടപടിയെടുക്കും,​ ഇത് കേരളമാണ്: മോദിക്ക് മറുപടിയുമായി പിണറായി

Monday 15 April 2019 12:52 PM IST
modi-vs-pinarayi

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. രാജ്യം ഭരിക്കുന്നവരാണെന്ന് പറഞ്ഞ് ആക്രമം നടത്തിയാൽ അത് സൽപ്രവൃത്തിയായി കാണാനാകില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ആക്രമണം എവിടെ നടത്തിയാലും കേസെടുക്കും. സന്നിധാനത്ത് അക്രമം നടത്തി കലാപമുണ്ടാക്കലായിരുന്നു ആർ.എസ്.എസിന്റെ ലക്ഷ്യം. തെറ്റു ചെയ്താൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഇതു കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്ടെ എൻ.ഡി.എ സ്ഥാനാർഥിക്കെതിരെ കേസ് വന്നതു സ്ഥാനാർഥി ആയ ശേഷമല്ല. ശബരിമലയിൽ ഭക്തരെ ആക്രമിച്ചതിനാണു കേസ്. ശബരിമലയിൽ ഭക്തർക്കു സംരക്ഷണം നൽകുകയാണ് സർക്കാർ ചെയ്തത്. കോഴിക്കോട്ടെ സ്ഥാനാർഥിയെ പൊലീസ് അറസ്റ്റു ചെയ്തതല്ല. കോടതിയിൽ കീഴടങ്ങിയപ്പോൾ റിമാൻഡ് ചെയ്യുകയാണ് ഉണ്ടായത്. സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്താനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാട്ടാക്കടയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാചനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിൽ അയ്യപ്പനെന്നും ശബരിമലയെന്നും പറഞ്ഞാൽ അറസ്റ്റാണ്, തടങ്കലാണ് എന്നൊക്കെയായിരുന്നു മോദിയുടെ നടത്തിയ പരാമർശങ്ങൾ. അതിന് മറുപടിയായി, അയ്യപ്പന്റെ പേരിൽ മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേരളത്തെ അപമാനിക്കുകയാണെന്നും പറഞ്ഞ് പിണറായി ഇന്നലെ മറുപടി നൽകിയിരുന്നു. ഇന്നലെ കൊല്ലം പള്ളിമുക്കിൽ നടത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ പ്രചാരണ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കേരളത്തിൽ വന്ന് തീർത്ഥാടന കേന്ദ്രം എന്ന് പറഞ്ഞിട്ട് തൊട്ടപ്പുറത്തുള്ള മംഗലാപുരത്ത് പോയി ശബരിമലയെയും അയ്യപ്പനെയും എടുത്ത് പറഞ്ഞ് കേരളത്തെ അപമാനിക്കുന്നത് ശരിയല്ല. തിര‌ഞ്ഞെടുപ്പ് ചട്ടം പ്രധാനമന്തിക്കും ബാധകമാണ്. അയ്യപ്പനെന്ന് പറഞ്ഞാൽ കേരളത്തിൽ അറസ്റ്റ് ആണെന്നും തങ്ങളുടെ സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെന്നുമാണ് മോദി പറഞ്ഞത്. ഇങ്ങനെയൊരു പച്ചക്കള്ളം പറഞ്ഞ് അയ്യപ്പന്റെ പേരിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള അവകാശം പ്രധാനമന്ത്രിക്കുണ്ടോ? ആരെയെങ്കിലും അറസ്റ്റ് ചെയ്തെങ്കിൽ, കസ്റ്റഡിയിൽ വച്ചെങ്കിൽ, അത് നിയമവിരുദ്ധമായി പ്രവർത്തിച്ചതിനാണ്. നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ അറസ്റ്റ് ചെയ്യും. മറ്റ് സംസ്ഥാനങ്ങളിലെ നിയമവിരുദ്ധ പ്രവർത്തകർക്ക് മോദിയുടെ അനുഗ്രഹാശിസ്സുകൾ ഉള്ളതിനാൽ ജയിലിൽ കിടക്കേണ്ടി വരില്ലായിരിക്കും. അവരുടെ പേരിൽ കേസ് എടുക്കില്ലായിരിക്കാം. അത് കേരളത്തിൽ നടക്കില്ല. മോദി ഇപ്പോഴും പ്രധാനമന്ത്രിയാണ്. ആ പദവിയോട് നീതി കാണിക്കണം.

തമിഴ്നാട്ടിലും കർണാടകത്തിലും ശബരിമലയെക്കുറിച്ച് മോദി പറഞ്ഞത്

 കേരളത്തിൽ കോൺഗ്രസും മുസ്ലീംലീഗും ഇടതുപക്ഷവും ശബരിമല വിഷയത്തിൽ അപകടകരമായ കളികളാണ് കളിക്കുന്നത്.

 അവർ നമ്മുടെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും അടിവേരുകൾ തകർക്കാൻ മൃഗീയ ശക്തികളെ ഉപയോഗിക്കുന്നു. ബി.ജെ.പി അത് അനുവദിക്കില്ല

 അയ്യപ്പൻ എന്നു പറഞ്ഞാൽ കേരളത്തിൽ അറസ്റ്റാണ്, തടങ്കലാണ്. കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന അവിടെ ഒരു പൗരന് അയ്യപ്പന്റെ പേര് പറയാൻ കഴിയില്ല. ശബരിമലയെക്കുറിച്ച് പറഞ്ഞാൽ അകത്താണ്. എൻഡിഎ സ്ഥാനാർത്ഥിയെ 15 ദിവസം ജയിലിട്ടു.

 കമ്മ്യൂണിസ്റ്റുകാർ ഭരിക്കുന്ന നാട്ടിലാണ് ഈ അവസ്ഥ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
YOU MAY LIKE IN LOKSABHA POLL 2019