പിറന്നു, ചരിത്രം

Sunday 06 January 2019 11:54 PM IST
afc-asian-cup
AFC ASIAN CUP

കേരളത്തെ സന്തോഷ് ട്രോഫി ജേതാക്കളാക്കിയ പരിശീലകൻ സതീവൻ ബാലൻ കേരളകൗമുദിക്ക് വേണ്ടി അബുദാബിയിൽ നിന്ന് എ.എഫ്.സി കപ്പ് റിപ്പോർട്ട് ചെയ്യുന്നു.


അബുദാബി : അത്ഭുതം, അതിശയം, ആവേശം... വികാരങ്ങൾ ഇങ്ങനെ തുള്ളിക്കളിക്കുകയായിരുന്നു ഇന്നലെ അബുദാബിയിലെ അൽ നഹ്യാൻ സ്റ്റേഡിയത്തിലെ ഇന്ത്യൻ ആരാധകരുടെ മനസിൽ . വിശേഷിപ്പിക്കാൻ വാക്കുകൾ ഒന്നും തികയുന്നില്ല ഇന്നലെ എ.എഫ്.സി ഏഷ്യൻകപ്പിൽ തായ്ലൻഡിനെതിരെ നേടിയ 4-1 ന്റെ ചരിത്രവിജയത്തിനെ. 1964ന് ശേഷം ഇന്ത്യ ഏഷ്യൻ കപ്പിൽ നേടുന്ന ആദ്യ വിജയമാണിത്. 64ൽ ഇന്ത്യ റണ്ണേഴ്സ് അപ്പായിരുന്നു.

ആദ്യ പകുതിയിൽ ശരാശരി ടീമായിരുന്ന ഇന്ത്യ രണ്ടാം പകുതിയിൽ പുറത്തെടുത്ത അവിസ്മരണീയ പ്രകടനം വലിയ ടൂർണമെന്റുകളിൽ ഇന്ത്യയ്ക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് ഇതുവരെയും വിശ്വസിക്കാതിരുന്നവർക്ക് അതിനുള്ള വഴിയൊരുക്കുന്നതായിരുന്നു. പുതുവർഷത്തിൽ സ്റ്റീഫൻ കോൺസ്റ്റന്റൈൻ എന്ന പരിശീലകൻ ഇന്ത്യൻ ആരാധകർക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനമായി ഇൗ വിജയം.

27-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സുനിൽ ഛെത്രി തുടങ്ങിവച്ച ഇന്ത്യയുടെ സ്കോറിംഗ് രണ്ടാം പകുതിയിലാണ് ആവേശോജ്വലമായി മാറിയത്. ആദ്യ പകുതിയിലെ പിഴവുകളൊക്കെ പരിഹരിച്ച രണ്ടാം പകുതിയായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്, രണ്ടാംപകുതിയുടെ ആദ്യമിനിട്ടിൽത്തന്നെ സുനിൽ ഛെത്രിയുടെ രണ്ടാം ഗോൾ, 68-ാം മിനിട്ടിലെ അനിരുദ്ധ് താപ്പയുടെയും 80-ാം മിനിട്ടിൽ ജെജെ ലാൽ പെഖുലയുടെയും ഗോളുകൾ. ഇന്ത്യ അബുദാബിയിൽ ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു.

1-0

മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യ പെരുതുന്നുണ്ടായിരുന്നു. എന്നാൽ മധ്യനിരയിലെ മിസ് പാസുകളും പ്രതിരോധത്തിലെ പിഴവുകളും സ്കോറിംഗിന് തിരിച്ചടിയായി. അപ്രതീക്ഷിതമായിട്ടായിരുന്നു പെനാൽറ്റിയുടെ വരവ്. 26-ാം മിനിട്ടിൽ പെട്ടെന്നടുത്ത ഒരു ത്രോ ഇന്നിൽനിന്ന് മലയാളി താരം ആഷിഖ് കരുണിയൻ ചിപ് ചെയ്ത് പോസ്റ്റിലേക്ക് ഇട്ടത് ഗോളിയുടെ പുറത്ത് തട്ടി തായ് ഡിഫൻഡർ ബുൻ മാതന്റെ കൈയിൽ പതിച്ചതിനിലാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത നായകൻ സുനിൽ ഛെത്രിക്ക് പിഴച്ചില്ല. ഇൗ ഗോളോടെ അന്താരാഷ്ട്ര ഗോൾ വേട്ടയിൽ സാക്ഷാൽ ലയണൽ മെസിയെ മറികടക്കാനും ഛെത്രിക്ക് കഴിഞ്ഞു.

1-1

ആദ്യ ഹാൻഡ് ബാളിന് പ്രായഛിത്തമെന്നോണം ബുൻമാതന്റെ ഒരു ഫ്രീകിക്കിൽ നിന്ന് തീരാസിൽ ദംഗ്ഡ തായ്‌ലൻഡിന്റെ ഗോൾ നേടുന്നു. നാല് തായ്‌ താരങ്ങൾ ബോക്സിലേക്ക് കയറി വന്നപ്പോൾ പ്രതിരോധിക്കാൻ മറന്നുപോയ ഇന്ത്യയ്ക്ക് ഗോൾ വഴങ്ങുകയെ നിർവാഹമുണ്ടായിരുന്നുള്ളൂ.

2-1

രണ്ടാംപകുതി തുടങ്ങിയതുതന്നെ ഛെത്രിയുടെ മനോഹരമായ ഗോളോടെയായിരുന്നു.

ഇൗ ഗോളിന് വഴിയൊരുക്കിയതും മലയാളിയായ ആശിഖ് കുരുണിയനാണെന്നതിൽ അഭിമാനിക്കാം. വലതുവിംഗിൽകൂടി ഒാടിക്കയറിയ ഉദാന്തസിംഗിൽനിന്ന് കിട്ടിയ പന്ത് ആഷിഖ് ഛെത്രിക്ക് പാകത്തിൽ അളന്നുമുറിച്ച്കൊടുക്കുകയായിരുന്നു. രണ്ടാംപകുതിയിലെ ഛെത്രിയുടെ ആദ്യ ടച്ച് തന്നെ ഗോളിലേക്കായിരുന്നു.

3-1

ആദ്യ പകുതിയിൽ മിസ് പാസുകൾകൊണ്ട് നിരാശപ്പെടുത്തിയ അനിരുദ്ധ് താപ്പ രണ്ടാംപകുതിയിലെ ഗോളോടെ അതിന് പരിഹാരം ചെയ്തു. 68-ാം മിനിട്ടിൽ ഛെത്രിയുടെ പാസിൽനിന്ന് ഉദാന്ത ചിപ് ചെയ്ത് നൽകിയ പന്താണ് അനിരുദ്ധ് തന്റെ ആദ്യ അന്താരാഷ്ട്ര ഗോളാക്കി മാറ്റിയത്. ഇതോടെ തായ്‌ലൻഡിന്റെ ഗ്യാസ് തീർന്നിരുന്നു.

4-1

78-ാം മിനിട്ടിൽ ആഷിഖിന് പകരമെത്തിയ ജെജെ ലാൽ പെഖുല രണ്ട് മിനിട്ടിനകം താ‌യ്‌വല ചലിപ്പിച്ചു. കഴിഞ്ഞ ജൂണിനുശേഷം ജെജെയുടെ ആദ്യ ഗോളായിരുന്നു ഇത്. ഹോളി ചരൺ നർസാറിയാണ് ഇന്ത്യയുടെ അവസാന ഗോളിന് പന്തെത്തിച്ചത്.

മെസിക്കും മേലെ ഛെത്രി

67 ഗോളുകൾ

ഇന്നലെ രണ്ട് ഗോളുകൾ നേടിയ സുനിൽ ഛെത്രി ഇന്റർനാഷണൽ ഗോൾ വേട്ടയിൽ സാക്ഷാൽ മെസിയെ മറികടന്ന് രണ്ടാമതെത്തി. 65 ഗോളുകളാണ് മെസി അർജന്റീനയ്ക്കുവേണ്ടി നേടിയിട്ടുള്ളത്. ഛെത്രി ഇന്ത്യയ്ക്കുവേണ്ടി 67 ഗോളുകൾ തികച്ചു. 85 ഗോളുകൾ പോർച്ചുഗലിനായി നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റെണാൾഡോ മാത്രമാണ് ഇനി ഛെത്രിക്ക് മുന്നിലുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS