ഒരു കുപ്രസിദ്ധ പയ്യൻ

ആർ.സുമേഷ് | Friday 09 November 2018 4:09 PM IST
oru-kuprasidha-payyan

കൊലപാതകവും അതിനെ തുടർന്നുള്ള അന്വേഷണവും പ്രതിയെ കണ്ടെത്തലും കോടതി വിചാരണയുമൊക്കെ പലപ്പോഴും സിനിമകൾക്ക് ഇതിവൃത്തമായിട്ടുണ്ട്. അത്തരത്തിൽ അതിക്രൂരമായ ഒരു കൊലപാതകത്തിലേക്കാണ് സംവിധായകൻ മധുപാലും പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. തന്റെ സിനിമകളിൽ കലാമൂല്യം എന്ന ഘടകത്തിന് കൂടുതൽ പ്രാധാന്യം നൽകാറുള്ള മധുപാൽ പക്ഷേ,​ ഇവിടെ വാണിജ്യ താൽപര്യങ്ങളെ കൂടി പരിഗണിച്ചാണ് ഈ ക്രൈം ത്രില്ലർ ഒരുക്കിയിരിക്കുന്നത്. കൊലപാതകവും അത് ചെയ്ത പ്രതി ആരെന്നും കണ്ടെത്തുന്ന സാധാരണ രീതിയിൽ നിന്ന് വേറിട്ടൊരു നടത്തമാണ് സംവിധായകൻ ഇവിടെ നടത്തുന്നത്. എന്നാലത് അസാധാരണമാണെന്ന് പറയാനുമാകില്ല.

oru-kuprasidha-payyan

കോട്ടയത്ത് ഹോട്ടലിൽ ജോലി ചെയ്യുന്ന ഏറെക്കുറെ 'അനാഥ'നായ അജയൻ​ എന്ന യുവാവ്,​ താൻ അമ്മയെ പോലെ കാണുന്ന ചെമ്പകമ്മാൾ​ എന്ന സ്ത്രീയുടെ ഘാതകനായി മുദ്ര കുത്തപ്പെടുന്നു. പിന്നെ അറസ്റ്റ്,​ കേസന്വേഷണം,​ വിചാരണ. ആരും തുണയില്ലാത്ത അയാൾ രക്ഷപ്പെടാൻ നടത്തുന്ന പോരാട്ടങ്ങളുമാണ് 144 മിനിട്ട് ദൈർഘ്യമുള്ള സിനിമയുടെ ഇതിവൃത്തം.

oru-kuprasidha-payyan

ടൊവിനോയുടെ കാളയുമായുള്ള പോരിൽ ആഘോഷ ചേരുവകളോടെ തുടങ്ങുന്ന സിനിമ പതിയെയാണ് ത്രില്ലറിന്റെ ട്രാക്കിലേക്ക് കടക്കുന്നത്. മുഖത്തും ശരീരത്തും അതിക്രൂരമായ വെട്ടേറ്റ് മരിച്ചവരുടെ നിരവധി ക്രൈം സ്‌റ്റോറികൾ നമ്മുടെ മുന്നിൽ ഏറെയുണ്ട്. അത്തരം കേസുകളിൽ ലോക്കൽ പൊലീസ് പരാജയപ്പെടുമ്പോൾ പലപ്പോഴും കേസ് ക്രൈംബ്രാഞ്ചിനെയാണ് ഏൽപിക്കാറ്. ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ നടക്കുന്ന കൊലപാതകങ്ങളിൽ തുമ്പ് തേടി പരക്കം പായുന്ന പൊലീസ് പലപ്പോഴും തെളിവുകൾ വ്യാജമായി ഉണ്ടാക്കാറുണ്ട്. പൊലീ​സിന്റെ അഭിമാനപ്രശ്നം കൂടിയായതിനാലാണ് ഇത്തരം നികൃഷ്ട രീതികൾ പൊലീസ് പലപ്പോഴും അവലംബിക്കുന്നത് തന്നെ. ആദ്യം എല്ലാം തികഞ്ഞൊരാളെ പ്രതിയായി കണ്ടെത്തുക,​ പിന്നെ അയാളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുക,​ ശേഷം തെളിവുകൾ വ്യാജമായി ഉണ്ടാക്കുക. ഈ ഒരു രീതിയെ തന്നെയാണ് മധുപാലും തന്റെ ഈ പുതിയ സിനിമയിൽ അവലംബിച്ചിരിക്കുന്നത്.

oru-kuprasidha-payyan

രണ്ടാം പകുതിക്ക് മുമ്പ് സിനിമ പൂർണമായും കോടതി മുറിയിലേക്ക് പറിച്ചു നടപ്പെടുകയാണ്. ഉദ്വേഗഭരിതമായ ഒരു കൊലക്കേസിന്റെ വാദപ്രതിവാദങ്ങളും വിചാരണയും വികാരവിക്ഷോഭങ്ങളും എല്ലാമടങ്ങിയ കോടതി മുറിയുടെ ചൂടും ചൂരും സിനിമയിൽ അനുഭവിച്ചറിയാം. അധികാരം,​ മസിൽ പവർ,​ ജാതി,​ മതം,​ വർഗീയത അങ്ങനെ ഒരു ക്രൈമിന് ഏതെല്ലാം തരത്തിലുള്ള മാനങ്ങൾ ഉണ്ടാകാമോ അതെല്ലാം സൂക്ഷ്‌‌മമായി തന്നെ സംവിധായകൻ സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ,​ ജീവൻ ജോബ് തോമസ് രചിച്ച തിരക്കഥയിൽ അതിനാടകീയത നിറഞ്ഞ് നിൽക്കുന്നത് കാണാം.പൊലീസ് സംവിധാനത്തിന്റെ പാളിച്ചകളിലേക്കും കൂടി നീട്ടിപ്പിടിക്കുന്ന കണ്ണാടി കൂടിയായി സിനിമ മാറുന്നുണ്ട്. ഇതോടൊപ്പം നിരവധി ചോദ്യങ്ങളും ഉയർത്തുന്ന സിനിമ സാധാരണക്കാർക്ക് എന്നും ആലംബം നീതിപീഠമാണെന്ന സന്ദേശവും നൽകുന്നു.

അജയൻ എന്ന നിഷ്‌കളങ്കനായ യുവാവിന്റെ വേഷത്തിൽ എത്തുന്ന ടൊവിനോ തോമസ് തന്റെ അഭിനയമികവും റേഞ്ചും എന്താണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു. നടനെന്ന നിലയിൽ ടൊവിനോ എത്രമാത്രം മെച്ചപ്പെട്ടുവെന്നതും അദ്ദേഹത്തിന്റെ മാനറിസങ്ങളിൽ നിന്ന് തിരിച്ചറിയാം. തുടക്കത്തിൽ കാളയുമായുള്ള പോരും ജയിലിൽ വച്ചുള്ള സംഘട്ടന രംഗത്തിലും ടൊവിനോ അസാമാന്യ പ്രകടനമാണ് നടത്തുന്നത്.

oru-kuprasidha-payyan

ടൊവിനോയുടെ ജോഡിയായി എത്തുന്ന അനു സിത്താരയ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. എന്നാൽ ഹോട്ടൽ തൊഴിലാളിയുടെ വേഷത്തിൽ തനി നാട്ടിൻപുറത്തുകാരിയായാണ് അനു എത്തുന്നത്. ഹന്ന എന്ന വക്കീലിന്റെ വേഷത്തിലെത്തുന്ന നിമിഷ സജയന് വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിത്. തുടക്കത്തിൽ പതറുകയും പിന്നീട് കസറുകയും ചെയ്യുന്ന നിമിഷ പ്രേക്ഷകരുടെ കൈയടി വാങ്ങുന്നുണ്ട്. പ്രഗത്ഭനായ അഭിഭാഷകന്റെ വേഷത്തിലെത്തുന്ന നെടുമുടി വേണുവും തന്റെ ഇരുത്തം വന്ന അഭിനയം കൊണ്ട് പ്രേക്ഷകരെ ആകർഷിക്കുന്നു. ദുഷ്ടലാക്കും ഒപ്പം താൻ തന്നെയാണ് ജയിക്കുകയെന്ന അമിതാത്മവിശ്വാസവുമുള്ള കഥാപാത്രമായി നെടുമുടി അരങ്ങ് വാഴുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ വേഷത്തിലെത്തുന്ന സുജിത്ത് സുന്ദർ,​ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സർക്കിൾ ഇൻസ്‌പെക്ടർ സിബി,​ സുധീർ കരമന,​ അലൻസിയർ,​ ബാലു വർഗീസ്,​ നിർമാതാവ് ജി.സുരേഷ് കുമാർ,​ മാലാ പാർവതി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. അതിഥി വേഷത്തിൽ ദിലീഷ് പോത്തനും ശ്വേതാ മേനോനും എത്തുന്നുണ്ട്. കാവ്യാത്മകമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ചേരുന്നതായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS