എയർഇന്ത്യ വിമാനത്തിൽ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾക്ക് അധിക ഫീസ്

Thursday 06 December 2018 11:14 PM IST
air-india-express

അബുദാബി എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തനിച്ച് യാത്ര ചെയ്യുന്ന 5 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് (അൺ അക്കംപനീഡ് മൈനർ) അധിക ഫീസ് ഏർപ്പെടുത്തി. വൺവേയ്ക്ക് 165 ദിർഹമാണ് അധികം നൽകേണ്ടത്. ഇരുവശത്തേക്കും തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾക്ക് വിമാന ടിക്കറ്റിന് പുറമെെ 330 ദിർഹം അധികം നൽകണം. എയർഇന്ത്യ എക്സ്പ്രസിൽ നേരത്തെ ഇതിനായി പ്രത്യേക നിരക്ക് ഈടാക്കിയിരുന്നില്ല. പുതിയ നിരക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ഈടാക്കും. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർ എയർഇന്ത്യ എക്സ്പ്രസ് ഓഫിസിലെത്തി അധിക തുക അടയ്ക്കണം.

യാത്ര റദ്ദാക്കിയാൽ തുക തിരികെ ലഭിക്കില്ല. എന്നാൽ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റിവച്ചാൽ അൺഅക്കംപനീഡ് തുക വീണ്ടും അടയ്ക്കേണ്ട. 5 മുതൽ 12 വയസു വരെയുള്ള കുട്ടികളെയാണ് അൺഅക്കംപനീഡ് മൈനർ വിഭാഗത്തിൽ വിമാനത്തിൽ തനിച്ച് യാത്ര ചെയ്യാൻ അനുവദിക്കുക. ഇതിനായി മാതാപിതാക്കളുടെ പാസ്പോർട്ട് കോപ്പി ഉൾപ്പെടെ ബന്ധപ്പെട്ട എയർലൈൻ ഓഫിസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. നാട്ടിലെ വിമാനത്താവളത്തിൽ കുട്ടിയെ സ്വീകരിക്കുന്ന വ്യക്തിയുടെ പേരും നമ്പറും കുട്ടിയുമായുള്ള ബന്ധവും അപേക്ഷയിൽ രേഖപ്പെടുത്തണം. യാത്രാ ദിവസം ചെക്കിൻ കൗണ്ടറിലെത്തിയാൽ കുട്ടിയെ വിമാന ജീവനക്കാർ ഏറ്റുവാങ്ങും.

യാത്രയ്ക്കൊടുവിൽ സ്വീകരിക്കാനെത്തുന്ന വ്യക്തിക്ക് കുട്ടികളെ കൈമാറുകയാണ് ചെയ്യുക. ഗൾഫിൽ വേനൽ അവധി ഉൾപ്പെടെയുള്ള സീസൺ സമയത്താണ് രക്ഷിതാക്കൾ കുട്ടികളെ നാട്ടിലേക്ക് തനിച്ചയയ്ക്കുന്നത്. ദേശീയ എയർലൈനുകളും സ്വകാര്യ എയർലൈനുകളെ പിന്തുടർന്ന് അധിക നിരക്ക് ഏർപ്പെടുത്തുന്നതിൽ അബുദാബി കേരള സോഷ്യൽ സെന്റർ പ്രതിഷേധിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD