10 വർഷം തികയാത്ത എംപാനൽ കണ്ടക്ടർമാരെ പിരിച്ചു വിടണമെന്ന് ഹൈക്കോടതി,​ പുറത്താകുന്നത് 4,300 പേർ

നിയമകാര്യ ലേഖകൻ | Friday 07 December 2018 12:12 AM IST

ksrtc

കൊച്ചി : കെ.എസ്.ആർ.ടി.സിയിലെ റിസർവ് കണ്ടക്ടർ തസ്തികകളിലേക്ക് പി.എസ്.സി ശുപാർശ ചെയ്തവരെ നിയമിക്കാൻ പത്ത് വർഷം സർവീസില്ലാത്ത എംപാനൽ കണ്ടക്ടർമാരെ ഒരാഴ്‌ചയ്‌ക്കകം പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടു. 4300 ഒാളം എംപാനൽ കണ്ടക്ടർമാരെ ഉത്തരവ് ബാധിക്കുമെന്നാണ് സൂചന.

പി.എസ്.സി റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും എംപാനൽ കണ്ടക്ടർമാർ നിലവിലുള്ളതിനാൽ റിസർവ് കണ്ടക്ടർ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നില്ലെന്നാരോപിച്ച് പാലക്കാട് കഞ്ചിക്കോട് സ്വദേശി ആന്റണി സ്റ്റെജോ ഉൾപ്പെടെ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇവരുടെ സമാനമായ ഹർജി ഒക്ടോബർ 15 ന് സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഒഴിവുകൾ നിലവിലില്ലെങ്കിൽ റാങ്ക് ലിസ്റ്റിൽ പേരുണ്ടെന്ന കാരണത്താൽ ഹർജിക്കാർക്ക് നിയമനം ലഭിക്കില്ലെന്നായിരുന്നു സിംഗിൾബെഞ്ചിന്റെ കണ്ടെത്തൽ. എംപാനലുകാരെ കക്ഷി ചേർത്തിട്ടില്ലെന്നും സിംഗിൾബെഞ്ച് വിലയിരുത്തി. ഇതിനെതിരെയാണ് ഹർജിക്കാർ അപ്പീൽ നൽകിയത്.

അപ്പീലിൽ ഡിസംബർ മൂന്നിലെ ഇടക്കാല ഉത്തരവനുസരിച്ച് കെ.എസ്.ആർ.ടി.സി സത്യവാങ്മൂലം നൽകിയില്ലെന്ന് ഡിവിഷൻബെഞ്ച് വിലയിരുത്തി. അപ്പീലുകൾ ഡിസംബർ 17 ന് വീണ്ടും പരിഗണിക്കും.

ഒരാഴ്ചയ്ക്കകം നടപടി വേണം

 2013 മേയ് അഞ്ചിലെ പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രകാരം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്

 പി.എസ്.സി അഡ്വൈസ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ എംപാനലുകാരെ ഒഴിവാക്കണം

 ഒരാഴ്ചയ്ക്കകം നടപടി സ്വീകരിച്ച് കെ.എസ്.ആർ.ടി.സി റിപ്പോർട്ട് നൽകം. അല്ലെങ്കിൽ കോടതിയലക്ഷ്യം നേരിടും

10 വർഷക്കാർ സുരക്ഷിതർ

പത്തുവർഷത്തെ സർവീസും ഒരുവർഷം കുറഞ്ഞത് 120 ദിവസം ജോലിയുമുള്ള എംപാനലുകാരെ സ്ഥിരപ്പെടുത്താൻ 2013 നവംബർ 21ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതു ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. ഇവരൊഴികെയുള്ള എംപാനൽ കണ്ടക്ടർമാരെ പിരിച്ചു വിടാനാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA