കേരളകൗമുദി വാർത്ത ഫലം കണ്ടു-ആമിനുമ്മയ്‌ക്ക് ഭൂമിയായി;കനിവ് ഇനിയും പെയ്യണം

പ്രഭുവാര്യർ | Wednesday 05 December 2018 12:00 AM IST
r-muslimrg1

തൃശൂർ: പ്രളയത്തിൽ വീട് തകർന്നപ്പോൾ കണ്ണും കാതുമില്ലാത്ത മൂന്ന് പെൺമക്കളെ നെഞ്ചോടു ചേർത്ത് 77 കഴിഞ്ഞ ആമിനുമ്മ ചോദിച്ച ചോദ്യത്തിന് പാതി ഉത്തരം കിട്ടി. കേരളകൗമുദിയിലൂടെ ഇവരുടെ ദയനീയത അറിഞ്ഞ കൊടുങ്ങല്ലൂർ സ്വദേശിയായ പേരു വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത വ്യക്തി വീടുവയ്ക്കാൻ ഭൂമി നൽകി. സർക്കാരിന്റെ ഒരു പദ്ധതിയിലും അംഗമല്ലാത്തതിനാൽ സന്മസുള്ളവരുടെ കാരുണ്യമുണ്ടെങ്കിലേ അടച്ചുറപ്പുള്ള വീട്ടിൽ ആമിനുമ്മയ്ക്കും മക്കൾക്കും ഉറങ്ങാനാകൂ.

''കണ്ണും കാതുമില്ലാത്ത പെൺമക്കൾ, വീടൊരുക്കാൻ ആമിനുമ്മയ്ക്ക് വേണം കൈത്താങ്ങ്" എന്ന തലക്കെട്ടിൽ സെപ്തംബർ എട്ടിനാണ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്. എനിക്കും കുട്ടികൾക്കും ആരെങ്കിലും വീടുവച്ചുതരുമോ എന്നായിരുന്നു ആമിനുമ്മയുടെ ചോദ്യം.

വാർത്ത ശ്രദ്ധയിൽപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി ഇവരെ കാണാനെത്തി. പരസഹായം ആവശ്യമായതിനാൽ ബന്ധുക്കളുടെയും സഹോദരങ്ങളുടെയും അടുത്ത് താമസിക്കണമെന്ന ആഗ്രഹം അറിയിച്ചു. അതനുസരിച്ച് ഇവർ തന്നെ ചൂണ്ടിക്കാട്ടിയ അഞ്ചു സെന്റ് പറമ്പ് പത്തുലക്ഷം രൂപയ്‌ക്ക് വാങ്ങിയ കൊടുങ്ങല്ലൂർ സ്വദേശി രണ്ടാഴ്ച മുമ്പ് ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തു നൽകി.

വടക്കാഞ്ചേരി ഇരട്ടക്കുളങ്ങര എച്ച്.എം.സി നഗറിൽ ഗവ. ആശുപത്രിക്ക് സമീപം ആമിനുമ്മയും പെൺമക്കളും കഴിഞ്ഞ വീട് മകൻ അബ്ദുറഹ്മാന്റേതായിരുന്നു. ലക്ഷം വീട് കോളനിയിൽ വടക്കാഞ്ചേരി നഗരസഭ അനുവദിച്ച നാലു സെന്റിലാണ് അബ്ദുറഹ്മാൻ വീടുവച്ചത്. വിവാഹിതനും ബധിരനുമായ മൂത്തജ്യേഷ്ഠൻ സുലൈമാൻ തൊട്ടടുത്തും വീടുവച്ചു. കുന്നിൻചെരുവിലായിരുന്നു രണ്ടു വീടുകളും.

പ്രളയ കാലത്തെ ഉരുൾപൊട്ടലിൽ തകർന്ന രണ്ടു വീടുകളിലും താമസിക്കരുതെന്ന അധികൃതരുടെ മുന്നറിയിപ്പോടെ അബ്ദുറഹിമാനും സുലൈമാനും കുടുംബത്തോടെ വാടകവീടുകളിലേക്ക് മാറി. ആമിനുമ്മയെയും മൂന്നു പെൺമക്കളെയും സഹോദരൻ യൂസഫ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഇത്രയും പേർക്ക് കഴിയാനുള്ള സൗകര്യം വീട്ടിലില്ലാത്തതിനാൽ ഇപ്പോൾ ഇടയ്‌ക്കിടെ ബന്ധുവീടുകളിൽ മാറി താമസിക്കും.

ആമിനുമ്മയ്‌ക്ക് കേൾവി ശക്തി കുറവാണ്. രണ്ടാമത്തെ മകൾ ഹാജിറ മൂകബധിരയാണ്. സുബൈദയും ആയിഷയും അന്ധരുമാണ്. ആമിനുമ്മയ്ക്ക് ലഭിക്കുന്ന വാർദ്ധക്യകാല പെൻഷനും മക്കൾക്കുള്ള വികലാംഗ പെൻഷനുമാണ് ആകെയുള്ള വരുമാനം.


 ബാങ്ക് അക്കൗണ്ട്
ഹാജിറയുടെ പേരിൽ ഫെഡറൽ ബാങ്ക് വടക്കാഞ്ചേരി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 15650100027858. ഐ.എഫ്.എസ്.സി കോഡ് FDRL0001565.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA