വീടിന് അകത്തളങ്ങളിൽ പച്ചപ്പ് നിറയ്ക്കാം

Monday 24 December 2018 12:20 PM IST
1

സ്വന്തമായി ഒരു വീട്.. ആർക്കാണ് ആ സ്വപ്നമില്ലാത്തത് ? കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ അത് സ്വന്തമാക്കിയാൽ അതോടെ ജോലി തീർന്നുവെന്ന് കരുതുന്നവരാണ് ഏറെയും.. വീടുണ്ടായാൽ പോരാ, അത് നന്നായി അലങ്കരിക്കുകയും വേണം. എന്നാലേ വീടിന്റെ ഭംഗി പൂർത്തിയാകൂ. വീട് അലങ്കരിക്കാൻ വില കൂടിയ വസ്തുക്കളും സാധനങ്ങളും വേണമെന്നില്ല. അധികം ചെലവില്ലാതെ തന്നെ വീടലങ്കരിക്കാൻ പറ്റിയ വസ്തുക്കളും നമുക്കു കണ്ടെത്താവുന്നതേയുള്ളൂ. കുറഞ്ഞ ചെലവിൽ വീട് അലങ്കരിക്കുവാൻ സാധിയ്ക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിയണം.പ്രകൃതിയുമായി ഇണങ്ങുന്മന വീടുകളാണ് ഇന്നത്തെ ട്രെൻഡ്. അകത്തും പുറത്തും പച്ചപ്പ് നിറയുന്നതോടെ വീടിനും ഭംഗിയേറും. മാത്രവുമല്ല ചൂട് കുറയുകയും ചെയ്യും. അകത്തളങ്ങളിൽ കുളിർമ്മയേകുന്ന അന്തരീക്ഷവും ഭംഗിയും നൽകാൻ ചെടികൾ സഹായിക്കും. ചെടിയോ എന്ന് കേട്ട് നെറ്റി ചുളിക്കേണ്ട. ചെടി തന്നെയാണ് ഇപ്പോഴത്തെ െ്രസ്രെൽ. വീടിനകത്ത് വളർത്തിയാൽ നിലം വൃത്തികേടാകുമോ, സൂര്യപ്രകാശവും വെള്ളവുമൊക്കെയോ എന്നിങ്ങനെയുള്ള സംശയങ്ങളെല്ലാം മാറ്റിക്കോളൂ. വീടിനുചുറ്റും പരമാവധി തണുപ്പ് നിലനിർത്താനായി നല്ല മരങ്ങൾ വച്ചുപിടിപ്പിക്കുയെന്നത് വളരെ നല്ലൊരു കാര്യമാണ്. ചെറിയ തരത്തിലുള്ള ചെടികൾ മുറിയ്ക്കകത്ത് വെക്കുന്നതും മുറിയിലെ ചൂട് കുറക്കാൻ സാധിക്കും.

അകത്തെ പൂന്തോട്ടം
ഇന്ന് വീടിന് പുറത്ത് ഉള്ളതിനേക്കാൾ കൂടുതൽ ചെടികൾ വീടനകത്താണ്. വെളിയിൽ ഒരു പൂന്തോട്ടെം ഒരുക്കാനും സംരക്ഷിക്കാനും കഴിയാത്തവർക്കുള്ള പരിഹാരമാണ് ഇൻഡോർ ഗാർഡനുകൾ. എന്നു കരുതി വീടിനുള്ളിലെ സ്ഥലം മുഴുവൻ ചെടികൾക്ക് നൽകാനും പാടില്ല. അതിന് ഏറ്റവും നല്ല വഴികൾ ചെടി സ്റ്റാൻഡുകൾ ഉണ്ടാക്കുക എന്നതാണ്. മൂന്നോ നാലോ തട്ടിലായി നിർമിച്ച ഒരു സ്റ്റാൻഡിൽ ചെടിച്ചട്ടി വയ്ക്കുമ്പോൾ ലഭിക്കുന്ന ഭംഗി വേറെ തന്നെയാണ്. വീടിനകത്ത് വയ്ക്കുന്ന ചെടികൾ കൂടുതലായും ഇലച്ചെടികൾ ആകാൻ ശ്രദ്ധിക്കണം. അധികം വളർന്നുപടരാത്ത ഇലച്ചെടികൾ നൽകുന്ന പച്ചപ്പ് കണ്ണിനും മനസിനും കുളിർമയേകും. ഭിത്തിയിലും ഒന്നു പരീക്ഷിക്കാവുന്നതാണ്. ഭിത്തികളെ ചെറിയ റാക്കുകളായി തിരിച്ചു ഓരോന്നിലും ഓരോ അലങ്കാര സസ്യങ്ങൾ വച്ചുപിടിപ്പിച്ചു നോക്കൂ. എന്തിനാ ഇനി പ്ലാസ്റ്റിക്ക് പൂക്കൾ. ചുവരുകളിൽ ജീവനുള്ള പൂക്കൾ തന്നെ വിരിഞ്ഞോട്ടെ. ഭിത്തിയിൽ റാക്കുകൾ പണിയുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. തടികൊണ്ടുളള റാക്കുകൾ ഭിത്തിയിൽ ഉറപ്പിച്ചു അതിൽ മണ്ണുനിറച്ചു ചെടികൾ വളർത്താം. ഓരോ ചെറിയ റാക്കുകളോ, നീളത്തിൽ തടികൊണ്ട് നിർമിച്ച സ്റ്റാൻഡോ ഭിത്തിയിൽ ഉറപ്പിച്ചു ചെടികൾ വച്ചുപിടിപ്പിക്കാം. ഇതല്ലാതെ ചെറിയ കമ്പി സ്റ്റാൻഡ് ഭിത്തിയിൽ ഉറപ്പിച്ച് അതിൽ ചെടിച്ചട്ടികൾ വച്ചും ഇൻഡോർ ഗാർഡൻ ഒരുക്കാവുന്നതാണ്. സാധാരണയായി ഇൻഡോർ ഗാർഡൻ സ്വീകരണ മുറിയിൽ സെറ്റ് ചെയ്യുകയാണ് പതിവ്. അടുക്കളയിൽ വേണമെങ്കിൽ പുതിന, മല്ലിയില, കറ്റാർവാഴ, പനിക്കൂർക്കയില തുടങ്ങി വിവിധതരം ഔഷധസസ്യങ്ങളും നട്ടുപിടിപ്പിക്കാവുന്നതാണ്. ഒരു സെറാമിക് ടബിൽ മണൽ നിറച്ചു, ഒരു സ്‌പോഞ്ച് ഷീറ്റിൽ ദ്വാരങ്ങളിട്ടു അതിൽ വേണം ചെടി നടാൻ. രണ്ടു ഡേ ലൈറ്റ് ബൾബുകളും ടബിന് മുകളിൽ ക്രമീകരിക്കണം. ടബ് ഗാർഡനിലും ഇതേ മാതൃകയിൽ തന്നെയാണ് ചെടി നട്ടുപിടിപ്പിക്കേണ്ടത്. വീടിനകത്ത് ചെടികൾ വളർത്തുന്നതിനോടൊപ്പം അതിന്റെ പരിപാലനവും വളരെ അത്യാവശ്യമാണ്. ശരിയായി പരിപാലിച്ചില്ലെങ്കിൽ ഇവ നശിച്ചുപോകും. വീട്ടിനുള്ളിൽ വളർത്തുന്ന ചെടികളെ എങ്ങനെ നന്നായി പരിപാലിക്കാം എന്നു കൂടി അറിഞ്ഞിരിക്കണം.

1

നൽകാം ചെറുചൂട്

ചെടികൾ വളരുന്നതിന് ഇളം ചൂട് അത്യാവശ്യമാണ്. വീട്ടിനുള്ളിലെ ചൂട് വളരുന്ന ചെടികൾക്ക് തികയാതെ വരും. അതിനാൽ ശരിയായ അളവിൽ ചെടികൾക്കാവശ്യമായ ചൂട് വീടിനുള്ളിൽ ലഭ്യമാക്കേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ചെടികളുടെ വളർച്ച മുരടിക്കും.

പ്രകാശത്തിൽ വളരണം
ചൂട് പോലെതന്നെ പ്രധാനമാണ് പ്രകാശവും. ചെടികൾ വയ്ക്കുന്നതിന് മുകളിലെ റൂഫ് ഗ്ലാസ് ഉപയോഗിക്കുന്നതാണ് ചെടികളുടെ വളർച്ചയ്ക്ക് ഉത്തമം. അല്ലാത്ത പക്ഷം കഴിവതും വെളിച്ചം കിട്ടുന്ന ഭാഗങ്ങളിൽ വയ്ക്കണം.

വേണം വെള്ളം
എല്ലാ ചെടികൾക്കും ലഭിക്കേണ്ട വെള്ളത്തിന്റെ അളവ് വ്യത്യസ്തമാണ്. അതിനാൽ ചെടികൾ വാങ്ങുന്നതിനു മുമ്പ് ചെടിയെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും വിശദമായിത്തന്നെ മനസിലാക്കേണ്ടതാണ്. ദിവസവും മുടങ്ങാതെ അല്പം വെള്ളം ചെടികൾക്ക് നൽകണം. സ് പ്രേ ചെയ്തു കൊടുക്കുന്നതാണ് കൂടുതൽ നല്ലത്. വലിയ ചെടികളാണെങ്കിൽ വെള്ളം ഒഴിച്ചു കൊടുക്കുക തന്നെ വേണം. തറയിൽ വീഴാതിരിക്കാൻ ചെടിച്ചട്ടിയ്ക്ക് താഴെ വലിയൊരു പാത്രം വച്ചു കൊടുക്കണം.


ഇലകൾ വൃത്തിയാക്കുക
വീടിനുള്ളിൽ വളർത്തുന്ന ചെടികളുടെ ഇലകൾ ദിവസവും വൃത്തിയാക്കണം. ഉണങ്ങിയ തുണികൊണ്ട് തുടച്ച് വൃത്തിയാക്കുകയോ വാട്ടർ സ്‌പ്രേ ഉപയോഗിക്കുകയോ ചെയ്യാം. ഇലകൾ കൂടുതൽ തിളങ്ങാൻ ഇത് സഹായിക്കും. ഒപ്പം ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താനും സാധിക്കും.

2

ആക്രമികളെ തുരത്താം

വീട്ടിനുള്ളിലെ ചെറുജീവികളായ പാറ്റ, ചിലന്തി, മൂട്ട എന്നിവയുടെ ആക്രമണത്തിൽ നിന്നും ചെടികളെ സംരക്ഷിക്കേണ്ടതാണ്. ഇത്തരം പ്രശ്നങ്ങളുണ്ടാവുന്നുണ്ടോയെന്ന് ദിവസവും ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയാണെങ്കിൽ അവയെ വീടിനകത്തും പുറത്തേക്ക് മാറ്റണം. അകത്ത് വച്ചിരിക്കുന്ന ചെടികളെ ബാധിക്കുന്ന ഫംഗസ് ബാധ പെട്ടെന്ന് മനുഷ്യരിലേക്കും ബാധിച്ചേക്കാം. അതുകൊണ്ട് കീടങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE