തർക്കത്തിനൊടുവിൽ ശ്രീധരൻപിള്ള പുറത്ത്,​ കെ. സുരേന്ദ്രൻ പത്തനംതിട്ടയിൽ ,​ബി.ജെ.പി സ്ഥാനാർത്ഥികൾ ഈ പട്ടികയിൽ നിന്ന്

Friday 15 March 2019 11:57 PM IST
bjp-

ബി.ജെ.പി സ്ഥാനാർത്ഥി നിർണയ ചർച്ചയുടെ അവസാനം സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് സീറ്റില്ലെന്ന് സൂചന. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തൃശ്ശൂരിൽ മത്സരിയ്ക്കാൻ സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്. ടോംവടക്കനും പി.എസ്.സി മുൻചെയർമാൻ കെ.എസ് രാധാകൃഷ്ണനും പട്ടികയിൽ ഇടംപിടിച്ചേക്കും. നാളെ ചേരുന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം നൽകും.

പി.എസ് ശ്രീധരൻ പിള്ള,​ കെ. സുരേന്ദ്രൻ,​ എം.ടി. രമേശ് എന്നിവരെ പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർത്ഥികളായി ബി.ജെ.പി നേതൃത്വം പരിഗണിച്ചിരുന്നു. എന്നാൽ രണ്ടാംഘട്ട ചർച്ചയിൽ എം.ടി രമേശ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയിരുന്നു. മറ്റ് മണ്ഡലങ്ങളിൽ മത്സരിയ്ക്കാനില്ലെന്ന് കെ.സുരേന്ദ്രൻ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ശ്രീധരൻ പിള്ള പിൻമാറാൻ സന്നദ്ധനായതെന്നാണ് സൂചന. അമിത്ഷായുമായുള്ള ചർച്ചയിൽ തൃശ്ശൂരിൽ മത്സരിയ്ക്കാൻ തുഷാർ വെള്ളാപ്പള്ളി സമ്മതമറിയിച്ചിട്ടുണ്ട്. കോൺഗ്രസിിൽ നിന്ന് ബി.ജെ.പിയിലെത്തിയ ടോം വടക്കനെ ചാലക്കുടിയിലും കെ.എസ്. രാധാകൃഷ്ണനെ ആലപ്പുഴയിലും മത്സരിപ്പിയ്ക്കുമെന്നും സൂചനയുണ്ട്.

ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ മത്സരിക്കാനാണ് സാദ്ധ്യത. സി കൃഷ്ണകുമാറിന് പാലക്കാട് നൽകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം..ആറ്റിങ്ങലിൽ പരിഗണിച്ചിരുന്ന പി.കെ. കൃഷ്ണദാസിന് കോഴിക്കോട് നൽകാനാണാ സാദ്ധ്യത. കൊല്ലത്ത് സി.വി. ആനന്ദബോസോ, ശ്യാംകുമാറോ മത്സരിക്കും.

കോഴിക്കോട് എം.ടി രമേശിനെയും പരിഗണിക്കുന്നുണ്ട്. പത്തനംതിട്ടയിൽ നിന്ന് ഒഴിവാക്കിയ ശ്രീധരൻ പിള്ളയെയും കോഴിക്കോട്ടേക്ക് പരിഗണിക്കും.

കാസർകോട് യുവമോർച്ചാ നേതാവ് പ്രകാശ് ബാബു. കണ്ണൂരിൽ മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ. പത്മനാഭൻ, വടകരയിൽ വി.കെ സജീവൻ, പൊന്നാനി മഹിളാ മോർച്ചാ നേതാവ് വി.ടി. രമ, മലപ്പുറത്ത് വി. ഉണ്ണികൃഷ്ണൻ, ആലപ്പുഴയിൽ ബി. ഗോപാലകൃഷ്ണൻ, കോട്ടയത്ത് പി.സി തോമസ്, മാവേലിക്കരയിൽ പി. സുധീർ ഇവരാണ് അന്തിമപട്ടികയിലെ മറ്റുള്ളവർ.

അവസാന നിമിഷത്തെ ചർച്ചകളിൽ ഇവരിൽ പലരും അങ്ങോട്ടുമിങ്ങോട്ടും മാറാനും പുറന്തള്ളപ്പെടാനുമുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
YOU MAY LIKE IN LOKSABHA POLL 2019