SignIn
Kerala Kaumudi Online
Thursday, 17 September 2026 8.36 PM IST

നവകേരള സദസിന് പഞ്ചായത്ത് ഫണ്ടിൽ നിന്ന് പണം നൽകുന്നത് തടഞ്ഞു

kerala-high-court

കൊച്ചി: ഭരണസമിതിയുടെ അനുമതിയില്ലാതെ നവകേരള സദസിന് പഞ്ചായത്ത് ഫണ്ടിൽ നിന്ന് പണം നല്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. തദ്ദേശ അഡിഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ മറവിൽ സെക്രട്ടറിമാർ പണം അനുവദിക്കുന്നതിനെ ചോദ്യം ചെയ്ത് മലപ്പുറം പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇസ്മയിൽ, കോഴിക്കോട് പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഷറഫുദ്ദീൻ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാൻ കാരാട്ട് എന്നിവർ നല്കിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.

ഈ പഞ്ചായത്തുകൾക്കു മാത്രമാണ് ഉത്തരവ് ബാധകം. പഞ്ചായത്ത് സെക്രട്ടറിമാർക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് നല്കാൻ ഉത്തരവിട്ട കോടതി, പണം അനുവദിക്കുന്നതിൽ നിന്ന് ഇവരെ തടയുകയും ചെയ്തു. ഹർജി നാളെ വീണ്ടും പരിഗണിക്കും.


നവകേരള സദസിന് ഫണ്ട് അനുവദിക്കേണ്ടതില്ലെന്ന പ്രമേയം ഹർജിക്കാരുടെ പഞ്ചായത്തുകൾ പാസാക്കിയിരുന്നു. ഇത് കണക്കിലെടുക്കാതെ ഫണ്ട് അനുവദിക്കാൻ സെക്രട്ടറിമാർ ശ്രമിക്കുന്നതായി ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.

നവകേരളസദസ് നടത്തിപ്പുമായി ബന്ധപ്പെട്ട ഒക്ടോബർ 27ലെ ഉത്തരവിൽ, തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് ചെലവിടാൻ തദ്ദേശ ഭരണ വകുപ്പ് അനുമതി നൽകണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തദ്ദേശ അഡി. ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഇത്തരം ഉത്തരവുകൾ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും ഹർജിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PANCHAYATH FUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ