SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.27 PM IST

മൂത്രവ്യവസ്ഥയിലെ കാൻസറുകൾ

health

മുതിർന്നവരിലെ മൂത്രവ്യവസ്ഥയിലെ കാൻസർ വൃക്ക, യുറിറ്റർ, മൂത്രാശയം, പ്രോസ്റ്റേറ്റ് ഗ്രന്ഥി, മൂത്രനാളി, ലിംഗം, വൃഷണം, വൃഷണ സഞ്ചി മുതലായ ഭാഗങ്ങളിലാണ് ഉണ്ടാകുന്നത്. വൃക്കയിലെ കാൻസർ അടുത്തകാലത്തായി കൂടിവരുന്നു. പുരുഷന്മാരിലാണ് ഇത് കൂടുതലായി കാണുന്നത്. 50 വയസിന് മേൽ പ്രായമുള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത്. സ്കാൻഡിനേവിയൻ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതലായി കാണുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവും. ഭൂരിഭാഗം രോഗികൾക്കും പെട്ടെന്ന് ഉണ്ടാകുന്നതാണ്. ജനിതകമായ കാരണങ്ങൾ കൊണ്ട് ഒരു വിഭാഗം രോഗികളിൽ വൃക്കയിലെ കാൻസർ ഉണ്ടാകുന്നു. ഡയാലിസിസിന് വിധേയരാകുന്ന രോഗികളിൽ ഉണ്ടാകുന്ന സിസ്റ്റ് ഇത്തരം കാൻസർ ഉണ്ടാകുന്നതിന് ഒരു കാരണമാണ്.

പുകവലി വൃക്കയിലെ കാൻസറിന് ഒരു പ്രധാന കാരണമാണ്. അസുഖങ്ങളൊന്നും കൂടാതെ മറ്റ് കാരണങ്ങൾക്ക് പരിശോധന ചെയ്യുമ്പോൾ കണ്ടുപിടിക്കപ്പെടുന്ന വൃക്കയിലെ കാൻസറുകൾ അടുത്തകാലത്തായി കൂടിവരുന്നു. മൂത്രത്തിൽ രക്തം, വയറിന്റെ പിറകിലായി വേദന, വയറ്റിൽ മുഴകൾ മുതലായ രീതികളിൽ വൃക്കയിലെ കാൻസർ പ്രകടമാകാം. ശരീരഭാരം കുറയുക, പനി, വിളർച്ച, രാത്രിയിൽ വിയർക്കുക, വൃഷണങ്ങളിലെ അശുദ്ധ ധമനികൾ വലുതാകുക മുതലായ രീതികളിൽ വൃക്കയിലെ കാൻസർ പ്രകടമാവാം.

രക്തത്തിലെ കാത്സ്യം കൂടുക, കരളിന്റെ പ്രവർത്തനത്തിലെ തകരാറ്, ശരീരത്തിലെ പല ഹോർമോണുകൾ വർദ്ധിക്കുക, ന്യൂറോപ്പതി മുതലായ രീതികളിലും വൃക്കയിലെ കാൻസർ പ്രകടമാവാം.

മൂത്രം, രക്തം മുതലായവയുടെ പരിശോധനകൾ, അൾട്രാസൗണ്ട് സ്കാൻ, സി.ടി സ്കാൻ, എം.ആർ.ഐ സ്കാൻ, പി.ഇ.ടി സ്കാൻ മുതലായവ രോഗനിർണയത്തിന് സഹായകരമാണ്.

വൃക്കയിൽ മാത്രം ഉള്ളതും വലിപ്പം കുറഞ്ഞതുമായ കാൻസറുകൾ, ആ ഭാഗം മാത്രം മുറിച്ചു മാറ്റുന്ന പാർഷ്യൽ നെഫ്രക്ടമി ചികിത്സ കൊണ്ട് ഭേദമാക്കാം. വലിപ്പമേറിയ വൃക്കയിലെ കാൻസറുകൾ വൃക്ക മൊത്തമായി നീക്കം ചെയ്യുന്ന രീതി അവലംബിക്കണം. തുറന്നുള്ള ശസ്ത്രക്രിയ, ലാപ്രോസ്‌കോപി, റൊബോട്ടിക്സ് മുതലായ രീതികളിൽ കാൻസർ നീക്കം ചെയ്യാം. വ്യാപിച്ച വൃക്കയിലെ കാൻസറുകൾക്കും പ്രാഥമികമായി വൃക്ക നീക്കം ചെയ്തിട്ടു മാത്രമേ കീമോതെറാപ്പി മുതലായ മറ്റു ചികിത്സാരീതികൾ അവലംബിക്കാൻ പറ്റുകയുള്ളൂ. വൃക്കയിലും യുറിറ്ററിലും ഉണ്ടാകുന്ന പ്രത്യേകതരം കാൻസറുകൾ വൃക്ക, യുറിറ്റർ, മൂത്രാശയത്തിന്റെ ഒരു ഭാഗം മുതലായവ നീക്കം ചെയ്യേണ്ടതുണ്ട്.

മൂത്രസഞ്ചിയിലെ കാൻസറുകൾ മൂത്രത്തിൽ കൂടിയുള്ള രക്തപ്രവാഹം വേദനരഹിതമായി ഉണ്ടാകുന്നു. മൂത്രപരിശോധന, അൾട്രാസൗണ്ട് സ്കാൻ, സി.ടി സ്കാൻ, സിസ്റ്റോസ്‌കോപി മുതലായവ വഴി രോഗനിർണയം നടത്താം. ആരംഭദിശയിലെ മൂത്രാശയ കാൻസർ എൻഡോസ്കോപ് വഴി നീക്കം ചെയ്യാം. മൂത്രസഞ്ചിയുടെ മാംസപേശിയിലേക്ക് വ്യാപിച്ച കാൻസറുകൾ മൂത്രസഞ്ചി മൊത്തമായി മാറ്റി കുടൽ ഉപയോഗിച്ച് മൂത്രം വെളിയിലേക്ക് തിരിച്ചുവിടുന്നതരം ശസ്ത്രക്രിയകൾ വേണ്ടിവരും. വ്യാപിച്ച കാൻസറുകൾക്ക് കീമോതെറാപ്പി വേണ്ടിവരും.

ലിംഗത്തിലെ കാൻസറുകൾ സാധാരണയായി ലിംഗത്തിൽ വൃണങ്ങൾ, മുഴകൾ മുതലായവയായി പ്രകടമാവാം. കാൻസർ ബാധിച്ച ലിംഗത്തിന്റെ ഭാഗം മുറിച്ചുകളയുന്നതാണ് ചികിത്സാരീതി.

വൃഷണങ്ങളിൽ കാൻസർ സാധാരണയായി വേദനയില്ലാത്ത മുഴകളായി പ്രത്യക്ഷപ്പെടുന്നു. രക്തത്തിലെ ട്യൂമർ മാർക്കറുകൾ, അൾട്രാസൗണ്ട് സ്കാൻ, സി.ടി സ്കാൻ മുതലായ പരിശോധനകൾ രോഗനിർണയത്തിന് ഉപയോഗിക്കുന്നു. കാൻസർ ബാധിച്ച വൃഷണങ്ങൾ നീക്കം ചെയ്യണം. കീമോതെറാപ്പി, റേഡിയോ തെറാപ്പി മുതലായ ചികിത്സകളും വേണ്ടിവന്നേക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ