SignIn
Kerala Kaumudi Online
Sunday, 13 September 2026 9.42 AM IST

ഒാട്ടോമൊബൈൽ മേഖലയ്ക്ക് ₹26,000 കോടി ഇൻസെന്റീവ്

pli

ന്യൂഡൽഹി: ഓട്ടോമൊബൈൽ, ഡ്രോൺ വ്യവസായ മേഖലകളിലും ഉത്പാദന അധിഷ്‌ഠിത ഇൻസെന്റീവ് (പി.എൽ.ഐ) പദ്ധതി നടപ്പാക്കാൻ കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അനുമതി. ഇതിനായി 26,058 കോടി രൂപ വകയിരുത്തി. 13 മേഖലകൾക്കായി 2021-22ലെ കേന്ദ്ര ബഡ്ജ​റ്റിൽ വകയിരുത്തിയ 1.97 ലക്ഷം കോടി രൂപയുടെ പി.എൽ.ഐ പദ്ധതിയുടെ ഭാഗമാണിത്.

ഓട്ടോമൊബൈൽ മേഖലയിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കാര്യക്ഷമതയുള്ള വാഹനങ്ങളുടെ നിർമ്മാണത്തിന് പദ്ധതി പ്രോത്സാഹനം നൽകും. ഇന്ത്യയിൽ നൂതന ഓട്ടോമോട്ടീവ് സാങ്കേതികവിദ്യാ ഉത്പന്നങ്ങളുടെ നിർമ്മാണ തടസങ്ങൾ മറികടക്കാനും പുതിയ വിതരണ ശൃംഖലയ്ക്കായുള്ള നിക്ഷേപങ്ങൾ ആകർഷിക്കാനും പദ്ധതി സഹായിക്കും. ഓട്ടോമൊബൈൽ, ഘടകങ്ങൾ വ്യവസായങ്ങളിൽ അഞ്ച് വർഷത്തിനുള്ളിൽ 42,500 കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപവും 2.3 ലക്ഷം കോടിയിലധികം രൂപയുടെ ഉത്പാദന വർദ്ധനയും ലക്ഷ്യമിടുന്നു. 7.5 ലക്ഷത്തിലധികം തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ബാ​റ്ററികൾക്കും ഹൈഡ്രജൻ ഇന്ധന സെൽ വാഹനങ്ങൾക്കും പ്രത്യേക ആനുകൂല്യങ്ങളുണ്ട്. ഡ്രോണുകൾക്കും ഡ്രോൺ ഘടകങ്ങൾക്കും വേണ്ടിയുള്ള പി.എൽ.ഐ പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ 5,000 കോടി രൂപയുടെ നിക്ഷേപങ്ങൾക്ക് ഇടയാക്കുമെന്നാണ് പ്രതീക്ഷ. ഡ്രോൺ വില്പനയിൽ 1,500 കോടി രൂപയുടെ വർദ്ധനയും 10,000ഓളം തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, AUTOMOBILE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ