SignIn
Kerala Kaumudi Online
Sunday, 09 August 2026 3.51 AM IST

കുതിരാൻ മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധിക്കും

c

തൃശൂർ: കുതിരാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിൽ നിലവിൽ ആശങ്കയില്ലെന്ന് പറയുന്നുണ്ടെങ്കിലും നിരന്തര ജാഗ്രത പുലർത്താൻ ദേശീയപാത അധികൃതരും ജിയോളജി വകുപ്പും. ഇന്നലെ ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വരും നാളുകളിൽ മണ്ണിടിച്ചിൽ സാദ്ധ്യത തള്ളിക്കളയുന്നില്ല. തുരങ്കം നിർമ്മിക്കുമ്പോൾ മുകളിൽ നിന്നിരുന്ന ചെറിയ മരങ്ങൾ വലുതായിട്ടുണ്ട്. ഇതിന് ഉലച്ചിൽ സംഭവിക്കുമ്പോൾ മണ്ണ് ഇളകാനുള്ള സാദ്ധ്യതകളും ഏറെയാണ്. അതിനാൽ വനംവകുപ്പിന്റെ അനുമതിയോടെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റി അവിടം ബലപ്പെടുത്തണമെന്ന നിർദ്ദേശവുമുണ്ട്. തുരങ്കം കടന്നുപോകുന്ന മലയ്ക്ക് മുകളിൽ നീരൊഴുക്ക് രൂപപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും മലകയറി പരിശോധിച്ചതിൽ ഒന്നും കണ്ടെത്തിയില്ല. മലഞ്ചെരുവിലെ അയഞ്ഞ മണ്ണും പാറയുടെ ഘടന പഠിക്കാൻ തൃശൂർ ഗവ.എൻജിനിയറിംഗ് കോളേജിലെ ജിയോ ടെക്‌നിക്കൽ പ്രൊഫസറുടെയും ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ശാസ്ത്രജ്ഞരുടെയും സഹായം തേടാനിരിക്കുകയാണ്. സംഭവം നടന്ന ദിവസം ജില്ലാ ദുരന്ത നിവാരണ വിഭാഗം അധികൃതർ ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ട് പ്രകാരം വിദഗ്ധ പരിശോധന വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നാളെ ജിയോളജിക്കൽ സർവേ അധികൃതർ കുതിരാനിലെത്തും. 2018ലെ പ്രളയക്കാലത്തും തുരങ്കപാതയുടെ കിഴക്ക് ഭാഗത്ത് മണ്ണിടിഞ്ഞു വീണിരുന്നു. ഇതേ തുടർന്ന് കിഴക്കുഭാഗത്ത് ഷോർട്ട് കോൺക്രീറ്റ് നടത്തിയിരുന്നു, പടിഞ്ഞാറൻ ഭാഗത്ത് അത്തരമൊരു സംവിധാനമില്ല.


 കാട്ടാനകളുടെ നിരന്തര യാത്ര
കുതിരാൻ തുരങ്കം വന്നതോടെ മുകളിലൂടെയുള്ള ആനത്താര സജീവമാണ്. പീച്ചി റിസർവോയർ മേഖലയിലേക്കും മച്ചാട് വനമേഖലയിലേക്കും കാട്ടാനകൾ ഏറെയാണ് എത്തിയത്. തുരങ്ക പാത വന്നതോടെ ദേശീയ പാതയുടെ വഴി പൂർണമായി അടച്ചിരുന്നു. ഇതോടെയാണ് ആനത്താര കൂടുതൽ സജീവമായത്. ഈ ഭാഗം വനംവകുപ്പിന്റെ കൈവശമാണ്. റോഡ് അടച്ചതോടെയാണ് വാഴാനി പ്രദേശത്തേക്ക് കൂടുതൽ ആനകളെത്തിയത്. ഇതോടെ കട്ടിലപുവ്വം, തെക്കുംകര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ജനവാസ മേഖലകളിൽ നിരന്തരമായി കാട്ടാനകളെത്തി കൃഷി നശിപ്പിക്കുന്നതും പതിവാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL