ഞാനത് ചെയ്‌തില്ലെങ്കിൽ എനിക്ക് പകരം മറ്റൊരാൾ വരുമെന്ന് ഉറപ്പാണ്

ആസാ മോഹൻ | Friday 21 December 2018 1:51 PM IST
tovino-thomas

തിയേറ്ററിൽ നിന്ന് തിയേറ്ററിലേക്ക് സിനിമ കാണാൻ ഓടിയിരുന്ന ഒരു പയ്യൻ. ഇന്ന് അവന്റെ സിനിമകൾ കാണാനായി തിയേറ്ററുകൾ തോറും ഓടുന്ന ആരാധകർ... അതും ഒരേ ദിവസം രണ്ട് സിനിമകളുടെ റിലീസുമായി ടൊവിനോയെന്ന ആ പയ്യൻ തന്റെ പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ്. ഒന്നുകിൽ പാവം നായകനാണെങ്കിൽ മറ്റൊന്നിൽ എന്തിനും പോന്ന വില്ലനാണ്.


ആറു വർഷത്തിനിടയിൽ ടൊവിനോ തോമസ് എന്ന ഇരിങ്ങാലക്കുടക്കാരന്റെ നായകനായുള്ള വളർച്ച സിനിമാക്കഥയെ വെല്ലും വിധമാണ്. കഠിനാദ്ധ്വാനവും ആത്മവിശ്വാസവും കൈമുതലായി എത്തിയ ടൊവിനോ രണ്ട് സിനിമകൾ റിലീസാകുന്ന ഇന്നും ഷൂട്ടിംഗ് തിരക്കിലാണ് അങ്ങ് കോട്ടയത്ത്.

സന്തോഷവും ടെൻഷനും
ധനുഷ് നായകനാകുന്ന മാരിയും ജോസ് സംവിധാനം ചെയ്യുന്ന എന്റെ ഉമ്മാന്റെ പേരുമാണ് ഇന്ന് തിയേറ്ററുകളിലെത്തുന്നത്. അതിന്റെ സന്തോഷവും എക്‌സൈറ്റ്‌മെന്റും ഒക്കെയുണ്ട്. അതോടൊപ്പം അഞ്ചു ശതമാനം ടെൻഷനുമുണ്ട്. രണ്ട് ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന വിശ്വാസമാണ് എനിക്കുള്ളത്. ഒരുപാടു കഥകൾ കേൾക്കുന്നതിൽ നിന്ന് നമുക്കു കൂടി തൃപ്തി തരുന്നവ മാത്രമേ തിരഞ്ഞെടുക്കാറുള്ളൂ. അത് പലപ്പോഴും ശരിയാണെന്ന് പ്രേക്ഷകർ തെളിയിച്ചു തന്നിട്ടുമുണ്ട്.

സ്വപ്നങ്ങൾക്ക് പിന്നാലെ പോകണം
എന്റെ സ്വപ്നമാണ് ഞാൻ ജീവിച്ചുകൊണ്ടിരിക്കുന്നത്. സ്വപ്നങ്ങൾക്കു പിന്നാലെ പോകുമ്പോൾ ഉയർച്ച മാത്രമേ ഉണ്ടാകൂ. കാരണം സ്വപ്നങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. ഒരു സ്വപ്നം പൂർത്തിയാകാറാകുമ്പോഴേക്ക് അടുത്ത സ്വപ്നം നമ്മളെ തേടിയെത്തിയിട്ടുണ്ടാകും. അവനവനെത്തന്നെ അപ്‌ഡേറ്റ് ചെയ്യാൻ സ്വപ്നത്തിനു കഴിയും.

tovino-thomas

ഹമീദും ബീജയും
നാലു വർഷം മുൻപ് ജോയ് എന്നോട് പറഞ്ഞ കഥയാണ് 'എന്റെ ഉമ്മാന്റെ പേര്'. അതിൽ സാധാരണക്കാരനായ ഹമീദായാണ് എത്തുന്നത്. ഒരു ആന്റിക് ഷോപ്പ് ഉടമ. ഹമീദ് അമ്മയെത്തേടി നടത്തുന്ന യാത്രയും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഉമ്മയായി ഉർവശി ചേച്ചിയാണ് എത്തുന്നത്. വളരെ രസകരമായിരുന്നു ചേച്ചിക്കൊപ്പമുള്ള അഭിനയം.


മാരി 2ന്റെ ഓഫർ വരുന്നത് ഫോണിലൂടെയാണ്. അവർ എന്റെ കഥാപാത്രത്തിന്റെ സ്‌കെച്ചും മറ്റും പി.ഡി.എഫ് ആയി അയച്ചു തന്നു. എന്നിട്ടാണ് സംവിധായകൻ ബാലാജി മോഹനെ ഞാൻ നേരിട്ട് കണ്ടത്. ഫുൾ കഥയും അദ്ദേഹം പറഞ്ഞു. വളരെ ത്രില്ലായി തോന്നി. പിന്നെ ധനുഷ് എന്ന പേരും എന്നെ ആ സിനിമയിലേക്ക് അടുപ്പിക്കുകയായിരുന്നു. അദ്ദേഹം ആ ചിത്രത്തിൽ നായകൻ മാത്രമല്ല നിർമ്മാതാവു കൂടിയാണ്. ഷോട്ട് കഴിഞ്ഞാൽ ഭക്ഷണം കഴിക്കാനായി ഒപ്പം വിളിക്കും. അതൊന്നും ചെയ്യേണ്ട കാര്യമില്ല. എങ്കിലും നമുക്ക് നൽകുന്ന ഒരു പരിഗണന ഉണ്ടല്ലോ. വളരെ വലുതാണ്. സ്‌പെഷ്യൽ കെയറുകളൊന്നും വേണ്ടെന്ന് തുടക്കത്തിൽ തന്നെ ഞാൻ പറഞ്ഞിരുന്നു. പക്ഷേ ലൊക്കേഷനിലെത്തുന്ന സാധാരണക്കാർ പോലും നൽകുന്ന പരിഗണന കാണുമ്പോൾ ഇതൽപ്പം ഓവറല്ലേ എന്ന് നമുക്ക് തോന്നും. പക്ഷേ അത് അവരുടെ രീതിയാണ്.

നിലനിൽക്കുക ആണ് പ്രധാനം

സിനിമയെന്നത് ഒരു മത്സരമുള്ള ഫീൽഡാണ്. ഇവിടെ നിലനിൽക്കുക എന്നതു തന്നെയാണ് പ്രധാന വെല്ലുവിളി. നമ്മൾ അവനവനോടു തന്നെ മത്സരിച്ചാൽ മാത്രമേ ദ ബെസ്റ്റ് കൊണ്ടുവരാൻ കഴിയൂ. അതിൽ തന്നെയാണ് എന്റെ വിശ്വാസവും. സിനിമയ്ക്ക് ടൊവിനോ എന്ന ആളിനെ ആവശ്യമില്ല. നമുക്കാണ് സിനിമയെ ആവശ്യം. ഞാൻ നന്നായി പെർഫോം ചെയ്തില്ലെങ്കിൽ എനിക്കു പകരം മറ്റൊരാൾ വരും. അത് ഉറപ്പാണ്. അപ്പോൾ കിട്ടുന്ന കഥാപാത്രങ്ങളെ മികച്ചതാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

ഒരു സംവിധായകനുണ്ടേ
അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയതുകൊണ്ടു തന്നെ ഒരു സംവിധായകനാവണമെന്നാണ് ആഗ്രഹം. പക്ഷേ അതിനായി ഒരുപാട് ക്ഷമയും കോർഡിനേഷൻ കപ്പാസിറ്റിയും ഒക്കെ വേണം. നല്ല കഥയും ഈ പറഞ്ഞ കഴിവുകളുമൊക്കെ ഒത്തുവരികയാണെങ്കിൽ ഉറപ്പായും ഒരു സിനിമ സംവിധാനം ചെയ്യും. അതിന് ബഡ്ജറ്റ് ഒരു പ്രശ്നമായിരിക്കില്ല. മികച്ച കണ്ടന്റിനുള്ളിൽ നിന്നാണ് മലയാള സിനിമ ഒരുങ്ങുന്നത്. പക്ഷേ ഇവയൊക്കെ മത്സരിക്കുന്നത് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കുന്ന മറ്റ് ഇൻഡസ്ട്രികളോടാണ്. എന്നിട്ടും മറ്റ് ഇൻഡസ്ട്രികൾ ഉറ്റുനോക്കുന്നത് മലയാളത്തിലാണെന്ന് പറയുമ്പോഴുള്ള അഭിമാനം ഉണ്ടല്ലോ അത് പറയാതെ വയ്യ.

tovino-thomas

സിനിമ മാത്രം
സിനിമയല്ലാതെ എഴുത്തും കവിതയും ഒന്നുമില്ല. അത്തരത്തിൽ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരേർപ്പാടിനും ഞാനില്ല. പക്ഷേ സോഷ്യൽ മീഡിയയിൽ ഇടുന്ന ചെറിയ ചെറിയ കുറിപ്പുകൾ വായനക്കാർക്ക് ആസ്വദിക്കാൻ കഴിയുന്നു എന്നറിയുമ്പോൾ സന്തോഷമുണ്ട്. ഒരുപാട് ചിന്തകളുണ്ടെങ്കിലും അതൊന്നും ആരോടും പങ്കുവയ്ക്കാൻ മടിയാണ്.

ഉറക്കവും വർക്കൗട്ടുമായി ഒഴിവുദിവസം
സിനിമയും മറ്റു പരിപാടികളുമില്ലാതെ ഒഴിവു ദിവസം കിട്ടിയാൽ മതിവരുന്നവരെ ഉറങ്ങും. പിന്നെ സമയത്തിന്റെ ടെൻഷനില്ലാതെ വർക്കൗട്ട് ചെയ്യും. നന്നായി ഭക്ഷണം കഴിക്കും. കുടുംബത്തിനൊപ്പം ചെലവഴിക്കും. അടുക്കളയിൽ കയറി ചിക്കൻ വിഭവങ്ങൾ ഉണ്ടാക്കാനും ഇഷ്ടമാണ്. സിനിമാ തിരക്കുകൾക്കിടയിൽ ഭാര്യയ്ക്കും മകൾക്കും എന്നെ മിസ് ആകരുതെന്നു കരുതി അവരെയും ഒപ്പം കൂട്ടാറുണ്ട്. ഞാൻ ലൊക്കേഷനിൽ പോകുമ്പോൾ അവർ രണ്ടാളും കറങ്ങാൻ പോകും. അവരും ഹാപ്പി... ഞാനും ഹാപ്പി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA