യാത്ര, നടന്നു നടന്നു നടന്നു... ജനഹൃദയങ്ങളിലേക്ക് !

ശ്രീരാഗ് കക്കാട്ട് | Friday 08 February 2019 1:18 PM IST
yathra

മലയാളികളുടെ അഭിമാനതാരമായ, ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ മമ്മൂട്ടിയുടെ 'പേരൻപ്' നിരൂപകപ്രശംസയോടെ, നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരവേ, അദ്ദേഹത്തിന്റെ മറ്റൊരു അന്യഭാഷാചിത്രം കൂടി ഒരാഴ്ചക്കിടയിൽ റിലീസ് ചെയ്തിരിക്കുകയാണ്, 'യാത്ര'!


ദിനംപ്രതിയെന്നോണം ജീവിതം വെല്ലുവിളിയാവുന്ന ഒരു സാധാരണക്കാരനായ അച്ഛന്റെ കഥയാണ് 'പേരൻപ്' പറഞ്ഞതെങ്കിൽ, 'യാത്ര' പറയുന്നത് വെല്ലുവിളികളെ അതിജീവിക്കാൻ ആയിരങ്ങളെ പഠിപ്പിക്കുന്ന നേതാവിന്റെ കഥയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ എക്കാലത്തെയും സമുന്നതനായ നേതാവായ വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതം അഭ്രപാളിയിൽ തെളിയുകയാണ് 'യാത്ര'യിലൂടെ. മഹി. വി.രാഘവ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി വൈ.എസ്.ആർ ആയി മനം കവരുന്നു.

yathra-movie-

രാജശേഖര റെഡ്ഡിയുടെ സമ്പൂർണ്ണ ജീവചരിത്രമെന്ന രീതിയല്ലാതെ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഏടായ പദയാത്രയാണ് 'യാത്ര'യുടെ കാതൽ. വാക്കു കൊടുത്താൽ യാതൊരു കാരണവശാലും പിറകോട്ട് പോകാത്ത പ്രതിപക്ഷനേതാവ് വൈ.എസ്.ആർ സത്യസന്ധതകൊണ്ടും പിടിവാശികൾ കൊണ്ടും തന്റെ പാർട്ടിയുടെ തന്നെ പല നേതാക്കളുടെയും അപ്രീതിക്കിരയാവുകയും, എന്നാൽ തുടർന്ന് നടത്തുന്ന ചരിത്രപരമായ യാത്രയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറുകയും, തുടർന്ന് ആന്ധ്ര മുഖ്യമന്ത്രിയാവുന്നതുമാണ് കഥയുടെ ഇതിവൃത്തം.

yathra-movie-

തിരഞ്ഞെടുപ്പിൽ തോൽവിയെന്തെന്നറിയാത്ത രാഷ്ട്രീയ നേതാവാണ് വൈ.എസ്.ആർ. അതിനാൽ തന്നെ, ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ സ്വാധീനം പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും വലുതാണ്. ജനങ്ങൾക്കിടയിൽ അത്രയും സ്വാധീനമുളള ഒരു രാഷ്ട്രീയനേതാവിനെ അസാമാന്യ കൈയടക്കത്തോടെയാണ് മമ്മൂട്ടി കൈകാര്യം ചെയ്തിരിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ അദ്ദേഹത്തിന്റെ വൺമാൻ ഷോ ആണ് 'യാത്ര'. തിരക്കഥ പലയിടങ്ങളിലും അതിവൈകാരികമായി പോകുന്നുണ്ടെങ്കിലും മമ്മൂട്ടി വളരെ മനോഹരമായി കഥാപാത്രം ആവശ്യപ്പെടുന്ന വികാരതലങ്ങളിൽ ഒതുക്കിനിർത്തി, അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.

yathra-movie-

റാവു രമേഷ് വൈ.എസ്.ആറിന്റെ സന്തതസഹചാരിയായ കെ.വി.പിയായും, ആശ്രിത വെമുഗന്തി രാജശേഖര റെഡ്ഡിയുടെ പത്നി വിജയമ്മയായും അഭിനയിച്ചിരിക്കുന്നു. വൈ.എസ്.ആറിന്റെ സഹോദരീതുല്യയായ നേതാവായ സബിത റെഡ്ഡിയായി സുഹാസിനിയും ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളികളുടെ പ്രിയനടി കാവേരിയും ഒരു സുപ്രധാന വേഷത്തിൽ എത്തന്നുണ്ട്. മറ്റു കഥാപാത്രങ്ങൾ ഒരുപാട് പേരുണ്ടെങ്കിലും, പൂർണമായും വൈ.എസ്.ആറിനെ കേന്ദ്രീകരിച്ച് ചിത്രീകരിച്ചിരിക്കുന്ന ചിത്രമായതിനാൽ, തിരക്കഥയിൽ വേണ്ട പോലെ ഊന്നൽ പല കഥാപാത്രങ്ങൾക്കും നൽകിയിട്ടില്ല. എന്കിലും, അത്തരം പരിമിതികളെല്ലാം ഓരോ സീനിലും, തന്റെ അസാമാന്യ പ്രകടനം കൊണ്ട് മമ്മൂട്ടി തരണം ചെയ്തിട്ടുണ്ട്.

പിന്നിൽ നിന്ന് കുത്തലുകളല്ല, കർഷകർ, യുവാക്കൾ തുടങ്ങി ജനങ്ങളെല്ലാവരും അനുഭവിക്കുന്ന പ്രശ്നങ്ങളെ മനസ്സിലാക്കി, അവർക്കുവേണ്ടി പ്രവർത്തിക്കലാണ് രാഷ്ട്രീയം എന്നും, ദാരിദ്ര്യം ആണ് ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും പറയുന്ന ചിത്രമാണ് 'യാത്ര'.

yathra-movie-

ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് 'കെ' എന്ന.ചുരുക്കപ്പേരിലറിയപ്പെടുന്ന കൃഷ്ണകുമാർ ആണ്.

'യാത്ര'യുടെ ഛായാഗ്രഹണം സത്യൻ സൂര്യനും ചിത്രസംയോജനം ശ്രീകർ പ്രസാദും നിർവഹിച്ചിരിക്കുന്നു. കൃത്യമായി എഡിറ്റ് ചെയ്ത് വലിച്ചുനീട്ടാത്ത ചിത്രമായതിനാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം സുപരിചിതമല്ലാത്തവർക്കുപോലും ആസ്വാദ്യകരമായ ചിത്രമാണ് 'യാത്ര'.

ഒരുപക്ഷേ, വരാൻപോകുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കൊണ്ടുളള ഒരു തന്ത്രമായി ഈ സിനിമയെ വിലയിരുത്താമെങ്കിലും കർഷകസമരങ്ങളും തൊഴിലില്ലായ്മയുമെല്ലാം വലിയ പ്രശ്നങ്ങളായി നിലനിൽക്കുന്ന സമകാലീന രാഷ്ട്രീയത്തിലും, പ്രസക്തമായ, രാഷ്ട്രീരക്കാർക്കും ജനങ്ങൾക്കും ഒരുപോലെ ചൂണ്ടുപലകയായി വർത്തിക്കുന്ന ചിത്രമാണ് 'യാത്ര'.

പാക്കപ്പ് പീസ് : അവിസ്മരണീയമാണീ പദയാത്ര
റേറ്റിംഗ് : 3.5/5

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS