കേന്ദ്ര സർക്കാരിന് വീണ്ടും തലവേദന, മുൻ സി.ബി.ഐ ഡയറക്ടർ അലോക് വർമ്മ രാജിവച്ചു

Friday 11 January 2019 3:30 PM IST
alok-varma

ന്യൂഡൽഹി: മുൻ സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വർമ്മ രാജിവച്ചു. കേന്ദ്ര സർക്കാരിന്റെ പുറത്താക്കൽ തീരുമാനം റദ്ദാക്കി സുപ്രീംകോടതി തിരിച്ചെടുത്ത അലോക് വർമ്മയെ പ്രധാനമന്ത്രി അദ്ധ്യക്ഷനായ സെലക്‌ഷൻ കമ്മിറ്റി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഡയറക്ടർ പദവിയിൽ നിന്നും മാറ്റിയ അലോക് വർമ്മയക്ക് ഫയർ സർവീസ് ഡി.ജി പദവി നൽകിയിരുന്നു. എന്നാൽ ആ പദവി സ്വീകരിക്കാതെയാണ് അദ്ദേഹം രാജിവച്ചത്.


സ്വയം വിരമിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയ സെക്രട്ടറി സി.ചന്ദ്രമൗലിക്ക് കത്ത് നൽകി. ഇത് ഒരു രാജിക്കത്തിന് സമാനമാണെന്നാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന. ഈ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചേക്കുമെന്നാണ് സൂചന. സെലക്ഷൻ കമ്മിറ്റി യോഗത്തിൽ തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നൽകിയില്ലെന്ന് അലോക് വർമ്മ കത്തിൽ സൂചിപ്പിച്ചു. സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു. എന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത്. സി.ബി.ഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ പുറത്താക്കാൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

ഫയർ സർവീസസ് ഡി.ജി പദവി എറ്റെടുക്കാൻ തന്റെ പ്രായപരിധി തടസമാണെന്നും അതിനാൽ തന്നെ സ്വയം വിരമിക്കാൻ അനുവദിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, അലോക് വർമ്മ രാജി വയ്ക്കുന്നതോടെ കേന്ദ്രസർക്കാരിന് കൂടുതൽ തിരിച്ചടിയാകുമെന്നാണ് സൂചന. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും ഇദ്ദേഹം മാദ്ധ്യമങ്ങളെ കണ്ട് വെളിപ്പെടുത്തുമെന്ന സൂചനയുമുണ്ട്. ഇതിനിടെ റാഫേൽ ഇടപാടിന്റെ പേരിലാണ് അലോക് വർമ്മയെ മാറ്റാൻ മോദി ധൃതി കാട്ടുന്നതെന്നും റാഫേൽ കാരണമാണ് വർമ്മയ്‌ക്ക് വിശദീകരണത്തിന് അവസരം നൽകാത്തതെന്നുമുള്ള കോൺഗ്രസിന്റെ ആരോപണം നിലനിൽക്കുന്നുണ്ട്.

അഴിമതി ആരോപണങ്ങളുടെയും കൃത്യവിലോപത്തിന്റെയും പേരിലാണ് വർമ്മയെ മാറ്റിയതെന്ന് ഔദ്യോഗിക വ‌ൃത്തങ്ങൾ ഇന്നലെ പുറത്താക്കിയപ്പോൾ അറിയിച്ചത്. ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന സമിതിയുടെ യോഗമാണ് വർമ്മയെ മാറ്റിയത്. രണ്ട് മണിക്കൂർ നീണ്ട യോഗം അലോക് വർമ്മയ്‌ക്കെതിരായ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്‌തിരുന്നു.

പ്രധാനമന്ത്രിയും സമിതിയിൽ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എ. കെ. സിക്രിയും സി. വി. സി നിഗമനങ്ങൾ ശരിവച്ചപ്പോൾ മൂന്നാമത്തെ അംഗമായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എതിർത്തു. തീരുമാനം മാറ്റി വയ്‌ക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു.

സി. വി. സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് രണ്ടര മാസം മുൻപ് അലോക് വർമ്മയെയും സ്‌പെഷ്യൽ ഡയറക്ട‌ർ രാകേഷ് അസ്‌താനയെയും കേന്ദ്ര സർക്കാർ നിർബന്ധിത അവധി നൽകി മാറ്റിയത്. അതിനെതിരെ അലോക് വർമ്മ സമർപ്പിച്ച ഹർജിയിൽ ചൊവ്വാഴ്ച സുപ്രീംകോടതി അദ്ദേഹത്തെ പരിമിതമായ അധികാരങ്ങളോടെ തിരിച്ചെടുക്കുകയായിരുന്നു. സി.വി.സി റിപ്പോർട്ട് പരിഗണിച്ച് പ്രധാനമന്ത്രിയുടെ സമിതി ഒരാഴ്‌ചയ്‌ക്കകം അന്തിമ തീരുമാനം എടുക്കണമെന്നും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. സമിതി തീരുമാനം എടുക്കും വരെ അലോക് വർമ്മ നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്ന് സുപ്രീം കോടതി വിലക്കിയിരുന്നു.

എന്നാൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച ഡയറക്‌ടർ പദവിയിൽ തിരിച്ചെത്തിയ അലോക് വർമ്മ അന്ന് തന്നെ പത്ത് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കുകയും ഇന്നലെ മറ്റ് അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു. വർമ്മയ്‌ക്ക് പകരം ഇടക്കാല ഡയറക്ടറായി നിയമിതനായ എം.നാഗേശ്വര റാവു നടത്തിയ സ്ഥലംമാറ്റങ്ങളാണ് അദ്ദേഹം തിരുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA