മോദിയുടെ സ്വപ്‌നപദ്ധതിയായ 'ഗഗൻയാൻ' 2021ൽ പറക്കും, അമേരിക്കയ്‌ക്കും ചൈനയ്‌ക്കും ഒപ്പമെത്താൻ ഇന്ത്യ

Friday 11 January 2019 3:15 PM IST
isro

ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന സ്വപ്ന പദ്ധതിയായ ഗഗൻയാൻ 2021 ഡിസംബറിൽ ചിറകിലേറി പറക്കുമെന്ന് ഐ.എസ്.ആർ.ഒ മേധാവി കെ.ശിവൻ അറിയിച്ചു. മനുഷ്യരില്ലാത്ത പേടകങ്ങളെ 2021 ജൂലായിയോടെ ബഹിരാകാശത്തേക്ക് എത്തിച്ചതിന് ശേഷമാകും മനുഷ്യരുമായി ഗഗൻയാൻ എത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗളൂരിൽ ചേർന്ന വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് പേരടങ്ങുന്ന സംഘത്തെ ഏഴ് ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയക്കുന്ന ചരിത്ര ദൗത്യമായ ഗഗൻയാന് 10,000 കോടിയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്.

ചരിത്ര ദൗത്യം പൂർത്തിയാകുന്നതോടെ മനുഷ്യരെ ബഹിരാകാശത്തെത്തിച്ച അമേരിക്ക,റഷ്യ,ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയുമെത്തും. 75ാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്വപ്ന പദ്ധതിയായ ഗഗൻയാൻ പ്രഖ്യാപിച്ചത്. വ്യോമസേനയും ഐ.എസ്.ആർ.ഒയും സംയുക്തമായി യാത്രികരെ തിരഞ്ഞെടുത്ത് 2 വർഷം പരിശീലനം നൽകിതിന് ശേഷമാകും യാത്ര. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച് 16 മിനിട്ടിനകം ഭൂമിയിൽ നിന്ന് 300-400 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിലെത്തും. 5 മുതൽ 7 ദിവസം വരെ ബഹിരാകാശത്ത് തുടരും.


ക്ര്യൂ മൊഡ്യൂൾ, സർവീസ് മൊഡ്യൂൾ, ഓർബിറ്റൽ മൊഡ്യൂൾ എന്നിവ വഹിച്ച് ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റിലാണ് ഗഗൻയാൻ കുതിക്കുക. തിരിച്ച് ഇറങ്ങാൻ വേണ്ടത് 36 മിനിട്ടാണ്. അറബിക്കടലിൽ ഗുജറാത്ത് തീരത്തിന് സമീപം ഇറങ്ങും. ഇനി സാങ്കേതിക തടസമുണ്ടായാൽ തിരിച്ചിറങ്ങുന്നത് ബംഗാൾ ഉൾക്കടലിലായിരിക്കും. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനും റഷ്യയുടെ ഫെഡറൽ സ്‌പേസ് ഏജൻസിയായ റോസ്‌കോസ്‌മോസ് സ്ലെയിറ്റ് കോർപ്പറേഷൻ ഫോർ സ്‌പേസ് ആക്ടിവിറ്റീസും ഒരുമിച്ചാണ് ഗഗൻയാൻ പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA