കാവൽക്കാരൻ കള്ളനാണെന്ന പരാമർശം,​ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

Monday 15 April 2019 1:23 PM IST
rahul-gandhi-

ന്യൂഡൽഹി: റാഫേൽ വിഷയത്തിൽ ബി.ജെ.പി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ നോട്ടിസ്. കാവൽക്കാരൻ കള്ളനാണെന്ന (ചൗക്കിദാർ ചോർ ഹെ) രാഹുലിന്റെ പരാമർശത്തിന് എതിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി നൽകിയ ഹർജിയിലാണ് കോടതിയുടെ നോട്ടീസ്. തിങ്കളാഴ്ചയ്ക്കു മുൻപ് രാഹുൽ മറുപടി നൽകണം. ഹർജി ഇനി 22ന് പരിഗണിക്കും.

റാഫേലിൽ ഹർജിക്കാർ സമർപ്പിച്ച രഹസ്യ രേഖകൾ പുനഃപരിശോധനാ ഹർജികൾക്കൊപ്പം പരിഗണിക്കുമെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി വിധിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയെന്ന കാര്യം സുപ്രീം കോടതി ശരിവച്ചതായി രാഹുൽ വ്യക്തമാക്കിയിരുന്നു.

‘രാജ്യത്തിന്റെ പ്രധാനമന്ത്രി വ്യോമസേനയുടെ പണം അനിൽ അംബാനിക്കു നൽകിയെന്ന് താൻ ഏതാനും മാസങ്ങളായി പറയുന്നു. ഇപ്പോൾ അക്കാര്യം സുപ്രീം കോടതി ശരിവച്ചതിൽ സന്തോഷമുണ്ട്. ഇടപാട് പരിശോധിക്കാൻ കോടതി തീരുമാനിച്ചിരിക്കുന്നു. രാജ്യത്തിന് ഇത് സന്തോഷത്തിന്റെ ദിനമാണ്. രാജ്യത്തിന്റെ കാവൽക്കാരൻ (ചൗക്കിദാർ) മോഷണം നടത്തിയെന്ന കാര്യം കോടതി വ്യക്തമായി പറഞ്ഞിരിക്കുന്നു’,​ എന്നാണ് രാഹുൽ അന്നു പറഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA