സി.പി.ഐ ജില്ലാ സെക്രട്ടറി അനിരുദ്ധനെ മാറ്റും, മുല്ലക്കര ഒത്തുതീർപ്പു സെക്രട്ടറി

Tuesday 12 February 2019 12:18 AM IST
cpim

കൊല്ലം: എൻ. അനിരുദ്ധനെ ഒഴിവാക്കി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ എം.എൽ.എയെ സി.പി.ഐ താത്കാലിക ജില്ലാ സെക്രട്ടറിയാക്കാൻ ഇന്നലെ തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനിച്ചു. ആർ.രാജേന്ദ്രനെ സെക്രട്ടറിയാക്കാനുള്ള എക്‌സിക്യുട്ടീവിന്റെ ആദ്യ തീരുമാനം ജില്ലാ കമ്മിറ്റിയിലെ ചേരിതിരിവിനെ തുടർന്ന് നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.

അനിരുദ്ധൻ തുടരട്ടെയെന്ന ധാരണയിൽ അന്ന് ജില്ലാ കമ്മിറ്റി പിരിഞ്ഞെങ്കിലും നാലിന് ചേർന്ന സംസ്ഥാന എക്‌സിക്യുട്ടീവ് അനിരുദ്ധനെ നീക്കിയേ മതിയാകൂ എന്ന് തീരുമാനിച്ചെങ്കിലും പകരം ആരുടെയും പേര് നിർദ്ദേശിച്ചിരുന്നില്ല.

പാർലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ് വിഭാഗീയത ശക്തമാക്കേണ്ടെന്ന വിലയിരുത്തലിലാണ് തിരഞ്ഞെടുപ്പ് കഴിയും വരെ ഒത്തുതീർപ്പ് സെക്രട്ടറിയായി മുല്ലക്കരയെ തീരുമാനിച്ചത്. 13ന് ചേരുന്ന ജില്ലാ കൗൺസിൽ മുല്ലക്കരയെ സെക്രട്ടറിയായി തിരഞ്ഞെടുക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം സ്ഥിരം സെക്രട്ടറിയെ തിരഞ്ഞെടുക്കും.

മുല്ലക്കര രത്നാകരനെ സെക്രട്ടറിയായി തീരുമാനിക്കും മുൻപേ എൻ.അനിരുദ്ധൻ കാനം രാജേന്ദ്രന് രാജിക്കത്ത് നൽകിയെന്നാണ് സൂചന. അനിരുദ്ധനെ സംസ്ഥാന എക്‌സിക്യുട്ടീവിൽ ഉൾപ്പെടുത്തണമെന്ന അനൗദ്യോഗിക ധാരണ നേതൃത്വത്തിലുണ്ടായെന്നാണ് സൂചന. നേരത്തേ രണ്ടു തവണ അനിരുദ്ധനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കാൻ തീരുമാനിച്ചപ്പോഴും സംസ്ഥാന എക്‌സിക്യുട്ടീവിൽ ഉൾപ്പെടുത്തുന്നത് പരിഗണിച്ചിരുന്നില്ല. ബോധപൂർവം ഒഴിവാക്കാൻ നേതൃത്വം ശ്രമിക്കുന്നുവെന്ന വികാരത്തിലാണ് അനിരുദ്ധൻ രാജിക്കത്ത് നൽകിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA