വർഗീയത പ്രചരിപ്പിക്കുന്നു ശശികലയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കടകംപള്ളി

Friday 07 December 2018 11:08 PM IST
kadakampally

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല വർഗീയത വ്യാപിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വനിതയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ ആരോപിച്ചു. ദേവസ്വം ജീവനക്കാരിൽ 60 ശതമാനം ക്രിസ്ത്യാനികളാണെന്ന് പ്രസംഗിക്കുന്ന ശശികലയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു.
സ്ത്രീപ്രവേശന വിഷയത്തിൽ കോൺഗ്രസിന് സങ്കുചിത രാഷ്ട്രീയ താത്പര്യമാണ്. വോട്ടാണ് അവർ ലക്ഷ്യമിടുന്നത്. ബി.ജെ.പിയെ മുന്നിലെത്തിച്ച ഈ നെറികെട്ട രാഷ്ട്രീയക്കളി കോൺഗ്രസ് തിരിച്ചറിയണം. ദേശീയ തലത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിൽ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. സി.പി.എം ദേശീയതലത്തിൽ അത്ര വലിയ പാർട്ടിയല്ല. ശബരിമലയിൽ യുവതീപ്രവേശനം വേണമെന്ന മുൻ നിലപാടിൽ ഒ. രാജഗോപാൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന്‌ മന്ത്രി ചോദിച്ചു.
തന്ത്രിമാർ ദേവസ്വം ബോർഡിന് കീഴിലാണ്.പൂജാസംബന്ധിയായ കാര്യങ്ങളിൽ അല്ലാതെ ഭരണപരമായ കാര്യങ്ങളിൽ തന്ത്രിമാർക്ക് ഇടപെടാനാകില്ല. ശബരിമല അടച്ചിടുന്നത് സംബന്ധിച്ച് തന്ത്രി രാഷ്ട്രീയ നേതാവിന്റെ ഉപദേശം തേടിയതിൽ ദേവസ്വം കമ്മിഷണർ വിശദീകരണം തേടിയിട്ടുണ്ട്. അന്നദാനത്തിന് ദേവസ്വം ബോർഡ് സംഘപരിവാർ സംഘടനകളെ ആശ്രയിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം മന്ത്രി തള്ളി. ശബരിമലയിലും നിലയ്ക്കലിലും പമ്പയിലും അന്നദാനം നടത്തുന്നത് ദേവസ്വം ബോർഡാണ്. സാധനങ്ങൾ സംഭാവന നൽകുന്നത് വിവിധ സംഘടനകളും വ്യക്തികളുമാണ്. അത് കുമ്മനം രാജശേഖരന്റെ പാർട്ടിക്കാർ കൊണ്ടുവന്നാലും സ്വീകരിക്കുമെന്നും കടകംപള്ളി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA