തിരുവാഭരണ ഘോഷയാത്ര പാർട്ടിയുടെ കൊടിമര ജാഥയല്ല, പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി

Friday 11 January 2019 5:04 PM IST
pinarayi-

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സർക്കാരിനെതിരെയും രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് പി.പി മുകുന്ദൻ രംഗത്ത്. തിരുവാഭരണ ഘോഷയാത്രയ്‌ക്കെതിരെ തീട്ടൂരം പുറപ്പെടുവിക്കാൻ സർക്കാരിന് എന്ത് അവകാശമാണ് ഉള്ളതെന്ന്‌ മുകന്ദൻ ചോദിച്ചു. നിങ്ങളുടെ പാർട്ടിയുടെ കൊടിമര ജാഥയല്ലിതെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ അനുമതിയുള്ളവർ മാത്രം യാത്രയെ അനുഗമിച്ചാൽ മതിയെന്ന ഉത്തരവ് സർക്കാർ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവാഭരണത്തെ അനുഗമിക്കുക എന്നത് അതിനാഗ്രഹിക്കുന്ന ഏതൊരു ഭക്തന്റെയും ജന്മാവകാശമാണ്. അതിന് പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന നിർദേശം ഭക്തർക്ക് അംഗീകരിക്കാനാവില്ല. ഇത്തരം ഉത്തരവുകൾക്കു പുല്ലുവില കൽപ്പിക്കാനുള്ള ഔചിത്യം ഭക്തസമൂഹം കാണിക്കുമെന്നാണ് പ്രതീക്ഷ.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയും നവരാത്രി ഘോഷയാത്രയും സർക്കാർ നിയന്ത്രിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

നാളിതുവരെ നടന്നുവന്ന ആചാര അനുഷ്ഠാനങ്ങളോടെ ഇത്തവണത്തെ തിരുവാഭരണ ഘോഷയാത്രയും നടക്കും. മറിച്ച് അതിനെ പാർട്ടി ജാഥയാക്കി മാറ്റാനുള്ള പിണറായിയുടെ ധിക്കാരത്തെ വിശ്വാസിസമൂഹം ചെറുത്തു തോൽപ്പിക്കണമെന്നും ദേവസ്വം ഭരണത്തിൽ സർക്കാർ ഇടപെടരുതെന്ന നിർദേശം പാലിക്കാൻ പിണറായി തയാറാകണമെന്നും മുകുന്ദൻ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA