കെ.സുരേന്ദ്രനെ വിട്ടയയ്ക്കണമെന്ന പ്രസ്താവനയിൽ ഒപ്പിട്ടോ?​;​ ഷാജികൈലാസ് പറയുന്നു

Friday 07 December 2018 9:51 PM IST
shaji-kailas

കൊച്ചി: ശബരിമലയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ വിട്ടയയ്ക്കണമെന്ന പേരിൽ പുറത്തിറങ്ങിയ പ്രസ്താവനയിൽ താനും ഭാര്യയും ഒപ്പിട്ടിട്ടില്ലെന്ന് സംവിധായകൻ ഷാജി കൈലാസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാജികൈലാസ് പ്രസ്താവനയെക്കുറിച്ച് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് ബി.ജെ.പി മീഡിയാ സെല്ലിന്റെ പേരിൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയിൽ എന്റെയും ഭാര്യ ചിത്രാ ഷാജികൈലാസിന്റെയും പേര് ഉൾപ്പെടുത്തിയത് ശ്രദ്ധയിൽ പെട്ടു. ഈ പ്രസ്താവനയിൽ ഞങ്ങൾ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച്‌ അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവർ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങൾ യോജിക്കുന്നുമില്ലെന്നായിരുന്നു ഷാജി കൈലാസിന്റെ പോസ്റ്റ്.

തന്റെ അറിവോടെയല്ല തന്റെ പേര്‍ എഴുതി ചേർത്തതെന്ന ആരോപണവുമായി എഴുത്തുകാരനും അദ്ധ്യാപകനുമായ വി.ആർ.സുധീഷും രംഗത്തെത്തിയിരുന്നു.

ശബരിമലയിലെ നിയന്ത്രണങ്ങൾ മൂലം സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള പ്രത്യേക സ്ഥിതി വിശേഷത്തിലും അയ്യപ്പ ഭക്തർക്കെതിരെ വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും സാംസ്‌കാരിക നായകരും ബുദ്ധിജീവികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇത് സംബന്ധിച്ച്‌ പുറപ്പെടുവിച്ച പ്രസ്താവനയിൽ ശബരിമലയിൽ നിന്ന് അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചിരിക്കുന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ എത്രയും വേഗം വിട്ടയക്കണമെന്നും ആവശ്യപ്പെടുന്നു. എന്നായിരുന്നു സംയുക്ത പ്രസ്താവനയുടെ ഉള്ളടക്കം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA