ഷുക്കൂർ വധക്കേസ്: പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐയുടെ കുറ്റപത്രം

Monday 11 February 2019 1:23 PM IST
p-jayarajan

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കുറ്റപത്രം സമർ‌പ്പിച്ചു. സി.ബി.ഐ എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലശേരി സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കല്യാശേരി എം.എൽ.എയായ ടി.വി രാജേഷിനെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. കേസിൽ 32ാം പ്രതിയായാണ് ജയരാജനെ പ്രതിചേർത്തിരിക്കുന്നത്.

ഷുക്കൂർ വധക്കേസിൽ ആദ്യ ഘട്ടത്തിൽ തന്നെ ജയരാജനെ പ്രതിചേർത്തിരുന്നു. എന്നാൽ ദുർബല വകുപ്പുകളാണ് അന്നത്തെ യു.ഡി.എഫ് സർക്കാർ ചുമത്തിയത്. എന്നാൽ നിലവിലെ സി.ബി.ഐ കേസ് വളരെ ഗൗരവകരമായതിനെ തുടർന്ന് സി.പി.എമ്മിനെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വലിയ തിരിച്ചടിയാണിത്. സുപ്രീം കോടതി നിർദ്ദേശിച്ചതിന് ശേഷം മൂന്ന് മാസം കൊണ്ടാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസ് ഈ മാസം 14നാണ് കോടതി പരിഗണിക്കുന്നത്.

മുസ്ലിംലീഗ് പ്രവർത്തകനും സംഘടനയുടെ വിദ്യാർത്ഥിവിഭാഗമായ എം.എസ്.എഫിന്റെ നേതാവുമായ അരിയിൽ ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചതിന് പ്രതികാരമായി ഷുക്കൂറിനെ വധിച്ചതാണെന്നാണ് കേസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA