പുണ്യം പൂങ്കാവനം; വിജയന്റെ വിജയം നാടിന്റെ പുണ്യം

Monday 03 December 2018 12:18 AM IST

p-vijayan
ശബരിമലയിൽ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ഐ.ജി പി.വിജയൻ അയ്യപ്പഭക്തരിൽ നിന്നും പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നു

ശബരിമല: വനത്തിന്റെ സ്വത്തുക്കളായ പക്ഷി - മൃഗാദികളെ കൊന്നൊടുക്കുന്ന തീർത്ഥാടനത്തിന് എന്ത് പുണ്യം?അവയെ സംരക്ഷിക്കുന്നതല്ലേ പുണ്യം...ഈ ചിന്തയിൽ നിന്നാണ് 'പുണ്യം പൂങ്കാവനം' എന്ന ആശയത്തിന്റെ പിറവി -- ഐ.ജി.പി.വിജയന്റെ വാക്കുകളാണ്.

2011-ൽ സന്നിധാനത്ത് സ്പെഷ്യൽ ഓഫീസറായിരുന്നപ്പോൾ ചെറിയ രീതിയിൽ തുടങ്ങിയ പദ്ധതിയാണ്. അന്ന് സന്നിധാനത്ത് എത്തിയ ചില മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരടക്കമുള്ള പ്രമുഖരും അതിനോട് സഹകരിച്ചു. ശബരിമലയെ ഒരു പരിധിവരെ മാലിന്യമുക്തമാക്കി നിറുത്താൻ പുണ്യംപൂങ്കാവനത്തിന് കഴിയുന്നത് വലിയ പുണ്യമാണ്. ദേശീയ തലത്തിൽ പദ്ധതിക്ക് സ്വീകാര്യത ലഭിച്ചു. പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിൽ ഇടംപിടിച്ചു. ചില സംസ്ഥാനങ്ങൾ പദ്ധതിയിൽ ആകൃഷ്ടരായിട്ടുണ്ട്. ഇതെല്ലാം സന്തോഷകരമാണെന്നും വിജയൻ 'കേരളകൗമുദി'യോട് പറഞ്ഞു.

പുണ്യം പൂങ്കാവനത്തിന്റെ അവലോകനയോഗത്തിൽ പങ്കെടുക്കാനാണ് പദ്ധതിയുടെ നോഡൽ ഓഫീസർ കൂടിയായ പി.വിജയൻ ഇന്നലെ സന്നിധാനത്തെത്തിയത്.

അയ്യപ്പന്മാർ ഉപേക്ഷിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ പക്ഷിമൃഗാദികളുടെ ഉള്ളിലെത്താറുണ്ട്. വനത്തിൽ ചരിഞ്ഞ ആനയുടെ വയറ്റിൽ നിന്ന് വലിയ അളവിലുള്ള പ്ളാസ്റ്റിക്കാണ് പോസ്റ്റ്മോർട്ടത്തിൽ പുറത്തെടുത്തത്. വേദന തിന്ന് എത്രയോ ജീവികൾ ഇതുപോലെ കാട്ടിൽ ചത്തിട്ടുണ്ടാവും. ഇതൊഴിവാക്കുക. വന്യജീവികളുടെ നിലനില്പും വനത്തിന്റെ സന്തുലിതാവസ്ഥയും കാത്ത്സൂക്ഷിക്കുക.അതായിരുന്നു ലക്ഷ്യം. ശബരിമല സാനിട്ടേഷൻ സൊസൈറ്റിയുടെ ചുമതലയിലുള്ള വിശുദ്ധി സേനാംഗങ്ങളുടെ കൂടി സഹകരണത്തിലാണ് പദ്ധതി തുടങ്ങിയത്.

അവിടെ ചിന്ത ഉയർന്നു.യാതൊരു വിവേചനവുമില്ലാതെ ഭക്തരെ സ്വീകരിക്കുന്ന ഇടമാണ് ശബരിമല. സന്നിധാനത്ത് എത്തുന്നവരെല്ലാം അയ്യപ്പന്മാരാണ്.ഒരു അയ്യപ്പൻ വലിച്ചെറിയുന്ന മാലിന്യങ്ങൾ മറ്റൊരു അയ്യപ്പനെക്കൊണ്ട് വാരിക്കുന്നത് ശരിയോ എന്നൊരു ചിന്ത മുന്നോട്ടുവച്ചു.അതോടെ ശുചീകരണം വിശുദ്ധിസേനാംഗങ്ങളുടെ മാത്രം ചുതലയാണെന്ന ധാരണ മാറി. എല്ലാ വകുപ്പുകളെയും യജ്ഞത്തിൽ പങ്കാളികളാക്കി.പണ്യംപൂങ്കാവനം പ്രതീക്ഷിച്ചതിലും വലിയ വിജയമായത് ഇതിനാലാണ്. മാലിന്യം പെറുക്കൽ മനസിലെ അഹന്ത കളയാൻ നല്ലൊരു മാർഗ്ഗവുമാണ്.

താൻ മാറിയാലും പദ്ധതി മുടങ്ങില്ലെന്ന വിശ്വാസമുണ്ട്. ഇതിന്റെ പവിത്രമായ ലക്ഷ്യം നെഞ്ചേറ്റിയ ഉദ്യോഗസ്ഥരും വിശുദ്ധിസേനാംഗങ്ങളും കൃഷ്ണമണിപോലെ പദ്ധതിയെ കാക്കുന്നുണ്ട്.ശബരിമലയിലെത്തുന്ന എല്ലാവരും പുണ്യംപൂങ്കാവനത്തിൽ പങ്കാളികളാവണമെന്നും വിജയൻ അഭ്യർത്ഥിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA