സൗന്ദര്യസങ്കല്പങ്ങൾ പൊളിച്ചെഴുതേണ്ട സമയമായി, അൽപ്പം തടിയൊക്കെയാകാം

Saturday 12 January 2019 3:19 PM IST
food

ഇതുവരെയുള്ള സൗന്ദര്യസങ്കല്പങ്ങൾ പൊളിച്ചെഴുതേണ്ട സമയമായി. ഇനി അല്പം മാറി ചിന്തിക്കാം. നിറം വർദ്ധിപ്പിക്കുക, തലമുടി സുന്ദരമാക്കുക തുടങ്ങിയ പതിവു സൗന്ദര്യ പ്രശ്നങ്ങളെ മാറ്റി വയ്ക്കൂ. പകരം ശരീരസൗന്ദര്യത്തിലേക്ക് വരാം. ശരീരത്തിന്റെ ആകാരവടിവാണ് തൊണ്ണൂറുശതമാനം ആളുകളേയും അലട്ടുന്ന പ്രശ്നം. മെലിഞ്ഞുണങ്ങിയ ശരീരം പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്. ഒന്ന് മനസ് വച്ചാൽ നിങ്ങൾക്കും ആകർഷകമായ ശരീര സൗന്ദര്യം നേടാവുന്നതേയുള്ളൂ.

അൽപ്പം തടിയൊക്കെയാകാം
സൗന്ദര്യത്തിന്റെ അളവുകോലിൽ ഇന്ന് അല്പം വണ്ണമൊക്കെ എഴുതിച്ചേർക്കപ്പെട്ടു കഴിഞ്ഞു. എന്നുകരുതി എങ്ങനെയെങ്കിലും പെട്ടെന്ന് കുറച്ച് വണ്ണം വയ്ക്കണമെന്നു കരുതി ഫാസ്റ്റ്ഫുഡും പിസയും മിൽക്ക് ഷേക്കും വാരി വലിച്ചു കഴിക്കരുത്. പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും വ്യത്യസ്ത ഭക്ഷ്യവിഭവങ്ങളിൽ നിന്നുള്ള പ്രോട്ടീനും ഒപ്പം, വല്ലപ്പോഴും ഇത്തരം കൊതിയൂറുന്ന രുചികളും നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ മതി ശരീരം പുഷ്ടിപ്പെടാൻ. ഒരു സുപ്രഭാതത്തിൽ ഭക്ഷണത്തിന്റെ അളവ് കൂട്ടാൻ ശ്രമിച്ചാൽ വയർ പെട്ടെന്ന് നിറഞ്ഞധികം കഴിക്കാൻ പറ്റാതെ വരാം. ദിവസം മൂന്നുനേരം വലിയ അളവിൽ കഴിക്കുന്നതിലും നല്ലത് ചെറിയ അളവിൽ നാല്, അഞ്ചു നേരമായി കഴിക്കുന്നതാണ്. ഓരോ ഭക്ഷണത്തിനിടയിലും രണ്ടര മുതൽ മൂന്നു മണിക്കൂർ ഇടവേളയെ പാടുള്ളൂ. ഒരിക്കലും അഞ്ച് മണിക്കൂറിൽ കൂടുതൽ ഇടവേള വരരുത്.

അധികഭക്ഷണം എപ്പോൾ
ശരീരത്തിന് വണ്ണം കൂട്ടാൻ അധികഭക്ഷണം എപ്പോഴും കഴിക്കേണ്ടത് പ്രധാനഭക്ഷണത്തിന് ശേഷമായിരിക്കണം. അതായത് വണ്ണം കൂട്ടാൻ നിങ്ങൾ പഴവർഗങ്ങളോ ജ്യൂസോ കേക്കോ എന്തുമായിക്കോട്ടെ കഴിക്കുന്നുണ്ടെങ്കിൽ അത് ഭക്ഷണത്തിന് ശേഷമായിരിക്കണം. അതായത് രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണത്തിന് ശേഷമായിരിക്കണം ഇത്തരം ഭക്ഷണങ്ങൾ കഴിക്കേണ്ടത്. വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവർ പ്രധാന ഭക്ഷണത്തിന് മുമ്പും വണ്ണം കൂട്ടാനാഗ്രഹിക്കുന്നവർ പ്രധാന ഭക്ഷണത്തിന് ശേഷവുമായിരിക്കണം ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ കഴിക്കേണ്ടത്.

വണ്ണം വേണേൽ നിലക്കടല തിന്നോ
നിരവധി വിറ്റാമിനുകളും മിനറൽസും അടങ്ങിയവയാണ് നിലക്കടല. ഇത് ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ശരീരപുഷ്ടിക്ക് നല്ലതാണ്. മൂന്നു നേരത്തെ ഭക്ഷണത്തിന് ശേഷവും അൽപ്പാൽപ്പമായി നമുക്ക് ഇത് കഴിക്കാം. വിറ്റാമിൻ ഇയുടെയും വിറ്റാമിൻ ബിയുടെയും ഉയർന്ന അളവുകൾ ഇതിലുണ്ട്.

ബദാം വേണം ആറോ ഏഴോ
വണ്ണം വയ്ക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബദാം. ഭക്ഷണശേഷം ദിവസം ആറോ ഏഴോ എണ്ണം കഴിക്കുക. അതിൽ കൂടുതൽ കഴിക്കരുത്. ചിലപ്പോൾ വിപരീതഫലം ഉണ്ടാക്കിയേക്കാം. ഇത് വെറുതേ കഴിക്കാൻ പറ്റില്ല എന്നുണ്ടെങ്കിൽ പാലിൽ മിക്സ് ചെയ്തു കഴിക്കാം. ഇത് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ വർധനവിന് സഹായിക്കുന്നു. കൂടാതെ കാൻസറിനെ തടയാനും ബദാം സഹായിക്കുന്നുവെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഉണക്കമുന്തിരിയും റോസ്റ്റഡ് പിസ്തയും
പല തരത്തിലുള്ള ഉണക്കമുന്തിരികൾ വിപണിയിൽ വിൽപ്പനയ്ക്കുണ്ട്. കറുത്ത നിറത്തിലുള്ളതും ഇളം പച്ചയോ അല്ലെങ്കിൽ മഞ്ഞയോടുകൂടിയതോ ആയിട്ടുള്ളതും നമ്മുടെ വിപണിയിൽ ലഭ്യമാണ്. ഇതിൽ മഞ്ഞകളറോടു കൂടിയ ഉണക്കമുന്തിരിയാണ് വണ്ണം കൂട്ടാൻ ആഗ്രഹമുള്ളവർ കഴിക്കേണ്ടത്. പിസ്ത ചർമ്മത്തെയാണ് ഏറ്റവും കൂടുതൽ സ്വാധീനിക്കുക. ചർമ്മത്തിന്റെ തിളക്കവും മൃദുലതയും വർദ്ധിപ്പിക്കുന്നു. പിസ്ത കഴിക്കുകയാണെങ്കിൽ ഏറ്റവും നല്ല സമയം വൈകുന്നേരമാണ്. വൈകീട്ടത്തെ ചായയുടെ കൂടെ കഴിക്കുക. ദിവസവും നാലോ അഞ്ചോ മതി. കൂടുതൽ കഴിക്കേണ്ടതില്ല. റോസ്റ്റ് ചെയ്ത പിസ്തയാണ് ഏറ്റവും നല്ലത്.


ആപ്രിക്കോട്ടും ഈന്തപ്പഴവും
വണ്ണം വയ്ക്കാൻ ഉപയോഗിക്കുന്ന നല്ലൊരു പഴമാണിത്. ഇത് ഏത് രൂപത്തിലുള്ളതും കഴിക്കുന്നത് നല്ലതാണ്. ഡ്രൈഫ്രൂട്ട് ആയിട്ടും അല്ലാതെയും കഴിക്കാം. വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ഉയർന്ന തോതിൽ ഇതിലടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിന്റെ പ്രത്യേകതകൾ പറയാതെ തന്നെ നമുക്കെല്ലാവർക്കും അറിയാം. ശരീരപുഷ്ടിക്ക് ഇത്രയും പോഷകങ്ങളടങ്ങിയ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ശരീരത്തിൽ ഇത്രയും പെട്ടെന്ന് ദഹിക്കുന്ന മറ്റൊരു ഫ്രൂട്ട്സ് ഇല്ല. ഇത് പാലിൽ ചേർത്ത് ഷേക്ക് രൂപത്തിൽ കഴിക്കണമെങ്കിൽ അങ്ങനെയാവാം. വണ്ണം കൂട്ടാൻ ആഗ്രഹമുള്ളവർ ഡ്രൈ ആയിട്ടുള്ളവ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

പഴവും പാലും നെയ്യും
സാധാരണ വാഴപ്പഴം അല്ല വണ്ണം വയ്ക്കാൻ ആഗ്രഹിക്കുന്നവർ കഴിക്കേണ്ടത്. പകരം കറുത്ത തൊലിയോടു കൂടിയിട്ടുള്ളവയാണ് കഴിക്കേണ്ടത്. അനേകം നാരുകളോട് കൂടിയ ഭക്ഷണമാണ് പഴം. വിറ്റാമിൻ സിയുടെ കലവറ കൂടിയാണ് വാഴപ്പഴം. വാഴപ്പഴം ഉപയോഗിച്ചുള്ള ഷേക്ക് അത്യുത്തമമാണ്. ഇത് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് ഉചിതം. നെയ്യ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ അധികം കഴിക്കരുതെന്നാണ് നാം പഠിച്ചിട്ടുള്ളത്. എന്നാൽ, തടി വയ്ക്കാൻ ആഗ്രഹിക്കുന്നവർ ഈ പഠിച്ചിട്ടുള്ളത് മറക്കണം. ഭക്ഷണത്തിൽ നെയ്യിന്റെ അളവ് വർദ്ധിപ്പിക്കണം. എന്നാൽ, എല്ലാവർക്കും ഇത് സാദ്ധ്യമാവണമെന്നില്ല. നെയ്യിന്റെ അളവ് കൂടിയാൽ ഭക്ഷണം കഴിക്കാത്തവർ ഉണ്ട്. ഇത്തരക്കാർക്ക് മറ്റൊരു കാര്യം ചെയ്യാം. കട്ടൻ ചായയിലും കട്ടൻ കാപ്പിയിലും നെയ്യ് ഇട്ട് കുടിക്കുക. നല്ല സ്വാദാണ് ഇത്തരം ചായകൾക്ക്. എന്നാൽ, കാപ്പിയും ചായയും കുടിക്കാത്തവർ പാലിൽ നെയ്യ് ഒഴിച്ചു കുടിക്കാവുന്നതാണ്. പെട്ടെന്ന് ശരീരഭാരം കൂട്ടണമെങ്കിൽ പാൽ കുടിക്കുക. മികച്ച ഗുണനിലവാരമുള്ള രണ്ടു തരം പ്രോട്ടീനുകൾ പാലിലുണ്ട്. പാലിനൊപ്പം മിൽക്ക് ഷേക്കുകളും പാലു കൊണ്ടുള്ള സ്മൂത്തികളും മാറി മാറി പരീക്ഷിക്കാം. ഉറങ്ങുന്നതിന് മുൻപ് ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ലതാണ്. ചായക്കും കാപ്പിക്കും പകരം ഒരുഗ്ലാസ് പാൽ കുടിക്കാം. പാലിൽ ഉണ്ടാവുന്ന പാടയടക്കം കുടിക്കുന്നതാണ് നല്ലത്. വേണമെങ്കിൽ പാലിൽ ബദാമും ചേർത്ത് കുടിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE