ക്ഷേത്രത്തിൽ വച്ച് ഹൃദയ ശസ്ത്രക്രിയ; അമ്പരന്ന് ശാസ്ത്രലോകം

Thursday 06 December 2018 7:41 PM IST
in-human-telerobotic-coro

ഗാന്ധിനഗർ: ഗുജറാത്ത് തലസ്ഥാനത്തെ അപക്സ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാകുന്ന രോഗി. ശസ്ത്രക്രിയ നടത്തുന്ന ഡോക്‌ടർ തേജസ് പട്ടേലോ?​ 32 കിലോമീറ്റർ അകലെയുള്ള അക്ഷർദ്ധാം ക്ഷേത്രത്തിൽ. പിന്നെ നടന്നത് ചരിത്രത്തിന്റെ ഭാഗമാകും. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ മദ്ധ്യവയസ്കയായ രോഗിയെ ഡോക്‌ടർ പട്ടേൽ ആഞ്ചിയോഗ്രാമിന് വിധേയയാക്കി.

ഡോക്‌ടറുടെ നീക്കങ്ങൾക്ക് ആജ്ഞാനുവർത്തിയായി ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ യന്ത്രക്കൈ പ്രവർത്തിച്ചു. ആപത്തുണ്ടായാൽ പ്രതികരിക്കാൻ ആശുപത്രിയിൽ മറ്റു ഡോക്‌ട‍ർമാരും സജ്ജമായിരുന്നു. ലോകത്തിലെ തന്നെ ഇത്തരത്തിൽ നടന്ന ആദ്യത്തെ താക്കോൽ ദ്വാര ഹൃദയ ശസ്ത്രക്രിയയാണ് ഇത്.

ഹൃദ്രോഗിയായ സ്ത്രീ ഏതാനും ദിവസങ്ങൾക്ക് മുൻപുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആഞ്ചിയോപ്ളാസ്റ്റിക്ക് വിധേയയായിരുന്നു. എന്നാൽ ഹൃദയത്തിൽ വീണ്ടുമൊരു ബ്ലോക്ക് ഉണ്ടായതിനെ തുടർന്ന് ആഞ്ചിയോഗ്രാം റോബോട്ടിനെ ഉപയോഗിച്ച് ചെയ്യുകയായിരുന്നു.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ കുതിപ്പ് മെഡിക്കൽ രംഗത്ത് ഏറെ ഗുണകരമാകുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. വൈദ്യസേവനം ലഭ്യമല്ലാത്ത ഉൾപ്രദേശങ്ങളിൽ ഇത്തരത്തിൽ ചികിത്സ എത്തിക്കാനാകും. അതി വിദഗ്ദരായ ഡോക്ടർമാരുടെ സേവനം ലോകത്തിന്റെ ഏത് കോണിൽ നിന്നും ലഭ്യമാക്കാൻ ഇത് സഹായിക്കുമെന്നും ഡോ. പട്ടേൽ പറഞ്ഞു.

അമേരിക്കൻ കമ്പനിയായ കോരിൻഡസാണ് ശസ്ത്രകിയക്ക് വേണ്ടുന്ന ഉപകരണങ്ങൾ എത്തിച്ചത്. മുൻപ് ടെലി റോബോട്ടിക് ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെങ്കിലും താക്കോൽ ദ്വാര ശസ്ത്രക്രിയ ഇതാദ്യമാണെന്ന് കോരിൻഡസ് സി.ഇ.ഒ മാർക്ക് ടോലൻഡ് പറഞ്ഞു.

മുന്നൂറോളം റോബോട്ടിക് ശസ്ത്രക്രിയ നടത്തിയ പ്രവർത്തി പരിചയം ഡോ. തേജസ് പട്ടേലിനുണ്ട്. ലോകത്തിലെ ആദ്യ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്താൻ രണ്ട് വർഷത്തിലേറെയായി അദ്ദേഹം മുന്നൊരുക്കം നടത്തി വരികയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE