പിങ്ക് പൊലീസ് 128

Thursday 27 December 2018 12:07 PM IST
novel

''അവൻ...' സ്പാനർ മൂസ പറഞ്ഞു:
''ഡൽഹിയിലെ ഒരു കൂട്ട മാനഭംഗക്കേസിനെക്കുറിച്ച് സാറിന് ഓർമ്മയില്ലേ... ബസ്സിൽ വച്ച് ഒരു യുവതിയെ...'
രാഹുൽ ഓർത്തു.

ഇന്ത്യയാകെ കോളിളക്കം ഉണ്ടാക്കിയ ആ സംഭവം...
''അതും ഇതുമായി എന്തു ബന്ധമാണ് മൂസേ?'

''ബന്ധമുണ്ട് സാർ....' മൂസയുടെ ശബ്ദം പതിഞ്ഞു. അക്കൂട്ടത്തിൽ ഞങ്ങളെക്കാളൊക്കെ, അല്ലെങ്കിൽ നമ്മളെക്കാളൊക്കെ ക്രിമിനൽ വാസനയുള്ള ഒരാൾ ഉണ്ടായിരുന്നു. പ്രായപൂർത്തി ആകാത്ത ഒരു പയ്യൻ. അതുകൊണ്ടുതന്നെ അവന് കോടതി നൽകിയ ശിക്ഷ ജ്യുവനൈൽ ഹോമിലേക്ക് അയയ്ക്കുകയായിരുന്നു...

ആ പയ്യൻ വളർന്നു കഴിഞ്ഞപ്പോൾ ഉത്തരേന്ത്യയിൽ നിറുത്തിയാൽ ജനങ്ങൾ അവനെ തല്ലിക്കൊല്ലുമെന്ന് സംശയിച്ച് ദക്ഷിണേന്ത്യയിലേക്ക് അയയ്ക്കുകയായിരുന്നു. ഇവിടത്തെ ഏതോ ഹോട്ടലിൽ തൊഴിലാളിയായി അവൻ ജീവിക്കുന്ന വിവരം പത്രങ്ങളിലൊക്കെ വരികയും ചെയ്തിരുന്നു...

അവനിന്നു വളർന്നു. കണ്ടാൽ ഒരു പാവത്താനെപ്പോലെ തോന്നിക്കുന്ന, കുട്ടികളുടെ മുഖമുള്ള ഒരാളായി, എന്നാൽ കൊടും ക്രിമനലായി ജീവിക്കുന്നു. ഈ തലസ്ഥാനത്തെ പല രാഷ്ട്രീയക്കാരുടെയും ഗുണ്ടയാണ് ഇന്നവൻ. ഇവിടത്തെ അവന്റെ പേര് പഴവങ്ങാടി ചന്ദ്രൻ..'

''ങ്‌ഹേ?' ശിരസ്സിൽ കൂടം കൊണ്ട് ഒരടിയേറ്റതുപോലെ പിടഞ്ഞുപോയി രാഹുൽ. അതിനിടെ സ്പാനർ മൂസയുടെ ശബ്ദം വീണ്ടും കേട്ടു:
''അവനാണ് ആ ടിപ്പർ ലോറി വാങ്ങിയതും രാജസേനൻ സാറിനെ...'
ബാക്കി കേട്ടില്ല രാഹുൽ.

കാതുകൾ കൊട്ടിയടക്കപ്പെട്ടു....
പഴവങ്ങാടി ചന്ദ്രൻ!

ആ പേര് തേനിച്ചകൾ മുരളും പോലെ അവന്റെ തലച്ചോറിൽ കിടന്നു പുളഞ്ഞു.
എങ്കിലും സംശയത്തോടെ രാഹുൽ തിരക്കി:
''മൂസ എങ്ങനെ ഈ വിവരങ്ങൾ കൃത്യമായി അറിഞ്ഞു?'

മൂസയുടെ ചിരി ഫോണിലൂടെ ഒഴുകിയെത്തി:
''ഗുണ്ടകളുമായിട്ടു മാത്രമല്ല സാറേ എനിക്കു ബന്ധം. നന്ദിയുള്ള ഒരുപാടു പൊലീസുകാർ ഇന്നും സേനയിലുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരിൽ വരെ കണക്കെടുത്ത് നീതി നടത്തുന്നവർ. അവര് എനിക്കു പറഞ്ഞുതന്നതാ ഇത്.'

രാഹുലിന്റെ കണ്ണുകൾ കുറുകി:
''എങ്കിൽ മൂസ... ഉച്ചയ്ക്കു രണ്ടുമണിക്കാണ് ഞാനും സി.എമ്മും ആയുള്ള കൂടിക്കാഴ്ച. അതിനു മുൻപ് എനിക്കവനെ വേണം. പഴവങ്ങാടി ചന്ദ്രനെ... നിനക്ക് പറ്റുമോ?

''ഈ കേരളത്തിൽ എനിക്ക് പറ്റാത്തതായി എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല സാർ.. അതുകൊണ്ട് സാറ് ധൈര്യമായിട്ട് വിശ്വസിച്ചോ. ഒരു മണിക്കു മുൻപ് ചന്ദ്രൻ, സാറിന്റെ മുന്നിലുണ്ടാവും.'
മൂസ കാൾ മുറിച്ചു.

അസ്വസ്ഥതയോടെ രാഹുൽ ഒരു സിഗററ്റിനു തീ കൊളുത്തി.
അപ്പോഴും അവന്റെ പല്ലുകളിൽ ആ പേര് ഞെരിഞ്ഞു.
പഴവങ്ങാടി ചന്ദ്രൻ!

ചന്ദ്രൻ അപ്പോൾ പഴവങ്ങാടി ഗണപതി കോവിലിനടുത്തുള്ള ഒരു ഹോട്ടലിന്റെ കിച്ചണിൽ ഉണ്ടായിരുന്നു.
പാത്രങ്ങൾ കഴുകുകയായിരുന്നു അവൻ.
ഹോട്ടലുടമ കിച്ചണിലേക്കു വന്നു.

''ഡേയ് ചന്ദ്രാ.. ഇങ്ങനെ കഴുകിക്കൊണ്ടു നിന്നാൽ നേരം വൈകിയാലും തീരത്തില്ലല്ലോടാ...'
ചന്ദ്രൻ തലതിരിച്ചു.
''ഞാൻ തീർത്തോളാം മുതലാളീ.'

ഹോട്ടലുടമ അമർത്തി മൂളി. പിന്നെ പാചകക്കാർക്ക് ചില നിർദ്ദേശങ്ങൾ നൽകിയിട്ട് കൗണ്ടറിലേക്കു പോയി.
ഒരു ഇടത്തരം ഹോട്ടലായിരുന്നു അത്. ഉച്ചസമയത്തു മാത്രം അവിടെ നല്ല തിരക്കായിരിക്കും.
ഹോട്ടലിനു മുന്നിൽ ഒരു സ്‌കോർപിയോ വന്നു നിന്നു.

അതിൽ നിന്നു മൂന്നുപേർ ഇറങ്ങി അകത്ത് കസേരകളിൽ വന്നിരുന്നു. മൂസയും സംഘവും.
വെ്ര്രയർ അടുത്തെത്തി.
''കഴിക്കാനെന്തുണ്ട് ?' മൂസ തിരക്കി.

''മീൽസ് ആയിട്ടില്ല പൊറോട്ടയും ചിക്കനും എടുക്കാം.'
''ങാ. ശരി.' പറഞ്ഞത് സാദിഖാണ്.

വെയ്റ്റർ അടുക്കള ഭാഗത്തേക്കു പോയി.
''ചന്ദ്രാ... മൂന്നു പ്‌ളേറ്റിങ്ങെടുക്ക്.'

അതുകേട്ട് മൂസയും സംഘവും അവിടേക്കു മുഖം തിരിച്ചു.
ചന്ദ്രൻ പ്‌ളേറ്റുകൾ കൊണ്ടുവയ്ക്കുന്നത് അവർ കണ്ടു.

ഒറ്റനോട്ടത്തിൽ ഒരു സാധുവിനെപ്പോലെ തോന്നിക്കുന്ന ആൾ. എന്നാൽ നിർജ്ജീവമായ അവന്റെ കണ്ണുകളിലെ ക്രൂരത സഹജവാസനകൊണ്ട് സ്പാനർ മൂസ തിരിച്ചറിഞ്ഞു.

വെയ്‌റ്റർ പ്‌ളേറ്റിലേക്ക് പൊറോട്ടയും ചിക്കൻ കറിയും എടുത്തുവച്ചു.
കൈ കഴുകാൻ എന്ന ഭാവത്തിൽ മൂസയും സംഘവും എഴുന്നേറ്റു.

പിന്നെ മിന്നൽ വേഗത്തിൽ കിച്ചൺ ഭാഗത്തെത്തി.
ചന്ദ്രൻ അവിടെത്തന്നെ ഉണ്ടായിരുന്നു. മൂസ ഒരു പ്‌ളേറ്റ് ചിക്കൻ കറിയെടുത്ത് അവന്റെ മുഖത്തേക്കൊഴിച്ചു..(തുടരും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE