കിഴക്ക് പടിഞ്ഞാറൻ വെനീസിലെ സുന്ദരിമാർ

കാരൂർ സോമൻ | Wednesday 30 January 2019 3:34 PM IST
travel-to-venice

ഓരോരോ രാജ്യങ്ങൾ, നഗരങ്ങൾ, ഗ്രാമങ്ങൾ വളരുകയും മുരടിക്കുകയും ചെയ്യുന്നതിന്റെ ഭാഗ്യ, നിർഭാഗ്യങ്ങൾ എന്റെ മനസിനെ ചാഞ്ചല്യമാക്കിയത് കിഴക്കിന്റെ വെനീസ്സായ ആലപ്പുഴയും ഇറ്റലിയിലെ പടിഞ്ഞാറൻ വെനീസ്സും കണ്ടപ്പോഴാണ്. ഓരോ യാത്രകളും യൗവ്വനത്തുടിപ്പുള്ള അനുരാഗസമുദ്രത്തിലിളകി മറിയുന്ന തരംഗങ്ങൾ പോലെയാണ്. ഏത് രാജ്യമെടുത്താലും അവർക്കൊരു ചരിത്രപൈതൃകം, സാംസ്‌കാരിക സമ്പത്ത്, പ്രകൃതിയുടെ പ്രഭയും അതുല്യതയും കാണാൻ കഴിയും. ലോകത്ത് ഏറ്റവും കൂടുതൽ സഞ്ചാരികളെ കാണാൻ കഴിയുന്നത് യൂറോപ്പിലാണ്. ഇവരുടെ കാലടിപ്പാടുകൾ ഇവിടെ പതിയാൻ കാരണം മുകളിൽ പറഞ്ഞ മൂന്നു കാര്യങ്ങളാണ്. പൂവുകൾക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന വണ്ടുകളുടെ സ്വഭാവമാണ് ഒരു സഞ്ചാരിക്കുള്ളത്. ലോകത്തിന്റെ ഏത് ദിക്കിലായാലും കണ്ണിന് കുളിർമയും ഹൃദയത്തിന് ആഹ്ലാദം പകരുന്ന കാഴ്ചകളാണ് അവരിഷ്ടപ്പെടുന്നത്. അതിന് സാധ്യമാകുന്നത് വികസിത രാജ്യങ്ങൾ പ്രകൃതിയോട് കാട്ടുന്ന സ്‌നേഹവും പരിലാളനയും ആദരവും ഒരു വിശ്വാസപ്രമാണമായി കാണുന്നതുകൊണ്ടാണ്. രാജ്യത്തേ ഭരണാധികാരികളും പൗരൻമാരും ഒരു പൊതുജന സേവനമായി പ്രകൃതിയുടെ സംരക്ഷണം ഏറ്റെടുക്കുന്നു. അവരിൽ പലരും ജോൺ എഫ്. കെന്നഡിയെപ്പോലെ രാഷ്ട്രീയക്കാരായിട്ടല്ല ഭരണത്തിൽ വന്നത് പൊതുജന സേവകരായിട്ടാണ്. ഈ രാജ്യങ്ങളുടെ വളർച്ചയും പ്രതിച്ഛായയും വർദ്ധിക്കാനുണ്ടായ കാരണവും ഇതു തന്നെയാണ്.

നമ്മുടെ സൗന്ദര്യത്തിന്റെ കലവറകളായ പച്ചിലക്കാടുകൾ, വനങ്ങൾ, തണ്ണീർത്തടാകങ്ങൾ, വയേലലകൾ, കുന്നുകൾ എത്ര ഹീനവും നിന്ദ്യവുമായ വിധത്തിലാണ് സ്വാർത്ഥരായ മനുഷ്യർ അധികാരത്തിലിരുന്ന് പ്രകൃതിയെ നശിപ്പിച്ച് പണമുണ്ടാക്കി സ്വകാര്യബാങ്കുകളിൽ നിക്ഷേപിക്കുന്നത്. കിഴക്കിന്റെ വെനീസിൽ കാണുംവിധമുള്ള മാലിന്യകൂമ്പാരങ്ങൾ, കൊതുക്, പകർച്ചവ്യാധികൾ, ദുർഗ്ഗന്ധങ്ങളൊന്നും പടിഞ്ഞാറൻ വെനീസ്സിലില്ല. സകല ദിക്കിലും സുഗന്ധം പരത്തുന്ന ഈ വെനീസ് സുന്ദരിയെ മാറോട് ചേർത്ത് പുണരാൻ ആരാണ് ആഗ്രഹിക്കാത്തത്? ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം ജലനൗകകളും ജലസവാരികളുമാണ്. സാധാരണക്കാർക്കും സമ്പന്നർക്കും കയറാവുന്ന ചെറിയ സ്പീഡ് ബോട്ടുകൾ മുതൽ ആഡംബര കപ്പലുകൾവരെയുണ്ട്. കിഴക്കൻ വെനീസും പടിഞ്ഞാറൻ വെനീസും തമ്മിലുള്ള പ്രകൃതി സൗന്ദര്യമത്സരത്തിൽ ഞാനൊരു കാര്യം കണ്ടത് പ്രഭാകിരണങ്ങളിൽ ശോഭിക്കുന്ന വേമ്പനാട്ട് കായലിന്റെ വിശാലമായ ജലപ്പരപ്പും കായലിന്റെ ഇരുഭാഗങ്ങളിലുമായി ആകാശത്തേയ്ക്ക് മുഖമുയർത്തി നില്ക്കുന്ന കേരവൃക്ഷനിരകളും അതിലിരുന്ന് മനുഷ്യലോകത്തിനുവേണ്ടി പാടുന്ന കുയിലുകളും കിളികളും കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തിൽ ലയിച്ചിരിക്കുന്ന സഞ്ചാരികൾക്ക് അത്യന്തം ആഹ്ലാദം പകരുന്ന കാഴ്ചയാണ്.


നമ്മുടെ വഞ്ചികളുടെ മാതൃകയിലാണ് പടിഞ്ഞാറൻ വെനീസിലെ വഞ്ചികളും പണിതിരിക്കുന്നത്. നമ്മുടെ ബോട്ടുകളുടെ ഇരിപ്പിടങ്ങൾ വെനീസിലെ ബോട്ടിലേതുപോലെ സുന്ദരമല്ല. വെനീസിലെ ജലനൗകകളുടെ പേരാണ് ഗോണ്ടോളാ നാലോ അഞ്ചോ യാത്രക്കാരിൽ കൂടുതൽ കയറ്റാറില്ല. വള്ളം മറിഞ്ഞാലും ഒരു ഭാഗത്തേയ്ക്ക് ചരിഞ്ഞുകിടക്കും. തന്മൂലം വെള്ളത്തിലായ സഞ്ചാരികൾക്ക് അതിൽ പിടിച്ചു നില്ക്കാം. അത് മാത്രവുമല്ല എല്ലാം സുരക്ഷ സജ്ജീകരണങ്ങളുമായിട്ടാണ് ജലയാത്രകൾ. നമ്മുടെ ബോട്ടുകളിൽ കയറുന്നവർക്ക് മരണഭയം ഏറെയാണ്. അപകടം സംഭവിച്ചാൽ മരണത്തിൽനിന്ന് രക്ഷപ്പെടാനുള്ള സുരക്ഷാസംവിധാനങ്ങൾ കുറവാണ്. ഇന്നുള്ളതുപോലും മദ്യം കഴിച്ച് വാഹനമോടിക്കുന്നവർക്കു തുല്യമാണ്. ഭാഗ്യമെന്ന് പറയാൻ വികസിത രാജ്യങ്ങളിലെ നിയമവാഴ്ചകൾ കഠിനവും കഠോരവുമാണ്. അതിനെ വിവരവും വിവേകവുമുള്ള മനുഷ്യർ ബഹുമാനിക്കുന്നു. നിർഭാഗ്യമെന്ന് പറയാൻ നമ്മുടെ വ്യവസ്ഥിതി നിയമങ്ങളെ അടിമകളാക്കി മാറ്റുന്നു. നീതിന്യായ വകുപ്പുകൾ കർശനമായി രംഗത്തുണ്ടെങ്കിൽ കുറ്റവാളികളുടെ എണ്ണവും അപകടങ്ങളും കുറയുക ഒരു യാഥാർത്ഥ്യമാണ്.

വെനീസിലെത്തുന്ന സഞ്ചാരികളിൽ നല്ലൊരു വിഭാഗം ലിഡോ ദ്വീപിലെ ബീച്ചുകളിൽ സൂര്യസ്നാനം നടത്താൻ വരുന്നവരാണ്. ഈ ബീച്ചിന്റെ മറുഭാഗം അറിയപ്പെടുന്നത് ഗൾഫ് ഓഫ് വെനീസ് എന്നാണ്. വിശാലമായ നടപ്പാതകളും തണൽവൃക്ഷങ്ങളുമുണ്ട്. നമ്മുടെ നാട്ടിൽ കാണുന്നവിധമുള്ള മാലിന്യങ്ങൾ, ചപ്പു ചവറുകൾ വികസിത രാജ്യങ്ങളിലെ നടപ്പാതകളിലോ ജനവാസകേന്ദ്രങ്ങളിലോ കാണാറില്ല. ഓരോ ബീച്ചുകളിലും കടൽത്തീരങ്ങളിലും ധാരാളം കുടിലുകൾ പോലുള്ള ചെറിയ ടെന്റുകൾ കാണാം. ഇത് വിൽക്കുന്നവരും ധാരാളമായിട്ടുണ്ട്. ഇതിന്റെ പ്രാധാന്യം സ്വന്തം സാധനങ്ങൾ അതിനുള്ളിൽ വയ്ക്കാം. മറ്റൊന്ന് ശരീരഭാഗങ്ങളിൽ എണ്ണതേച്ചിട്ട് അതുണങ്ങാനായി അരമുറി തുണിയിൽ അർത്ഥനഗ്നരായി കുടിലിനു മുന്നിലെ തീരങ്ങളിൽ സൂര്യപ്രകാശത്തിനായി നീണ്ടു നിവർന്നു കിടക്കും. മറ്റ് ചിലർ ചാരുകസേരകളിലിരിക്കും. സൂര്യന്റെ മന്ദഹാസപ്രഭയിൽ സുന്ദരമായ മണൽവിരിപ്പിൽ നീലാകാശത്തിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കിടക്കുന്നതിന്റെ പ്രധാന കാരണം വൈറ്റമിൻ 'ഡി' ലഭിക്കാനാണ്. വെയിലത്ത് നിന്ന് അദ്ധ്വാനിക്കുന്നവർക്കതിന്റെ ആവശ്യം വരുന്നില്ല. നീണ്ടു നിവർന്നു കിടക്കുന്നവരിൽ പലരും പുസ്തകങ്ങൾ വായിക്കുന്നു. ഈ സമയം എന്റെ മനസ്സ് കടന്നു പോയത് നമ്മുടെ സദാചാര ഗുണ്ടകളിലേയ്ക്കാണ്. ഭാര്യയും ഭർത്താവും, കാമുകനും, കാമുകിയും സഞ്ചരിക്കുന്നത്, ഇരിക്കുന്നത്, കിടക്കുന്നത് ഇടുങ്ങിയ കുളങ്ങളിൽ വസിക്കുന്ന ഈ തവളകൾക്ക് ഇഷ്ടപ്പെടാറില്ല. വിശാലമായ ഒരു ലോകമോ സംസ്‌കാരമോ അറിയില്ല. അതിന്റെ പ്രധാന കാരണം അറിവോ ആത്മാവോ ഇവരിൽ വളരുന്നില്ല. ഇതുപോലൊരു ഇരുണ്ട മനസ് വിദേശ മലയാളികൾക്കില്ലയെന്നും നാം തിരിച്ചറിയണം. ഇതൊക്കെ ഒരു സമൂഹത്തിൽ സംഭവിക്കുന്നത് നമ്മുടെ നീതിന്യായ വകുപ്പുകൾ വെറും നിഴലുകളാകുന്നതുകൊണ്ടാണ്. ശക്തമായ ഒരു നിയമവ്യവസ്ഥയുള്ളിടത്ത് ഇതുപോലുള്ള അക്രമവാസനകൾ ഉടലെടുക്കില്ല. ഇതുപോലുള്ളവർ സമൂഹത്തിന് ഒരു വിപത്തായി മാറുന്നത് അധികാരഭ്രാന്തും മതഭ്രാന്തും ഉള്ളതുകൊണ്ടാണു ഹിംസയും തിന്മയും ഇവരെ അന്ധരാക്കുന്നത്.

travel-to-venice

വെനീസിന്റെ ഹൃദയഭാഗം എന്നറിയപ്പെടുന്നത് 'സെന്റ് മാർക്ക്സ് സ്‌ക്വയറാണ്.' ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ അങ്കണത്തിന് ഇറ്റലിക്കാർ വിളിക്കുന്നത് 'പിയാസ്സാ സാൻ മാർക്കോ' എന്നാണ്. 1797ൽ നെപ്പോളിയൻ വെനീസ് കീഴടക്കി. 1814ലാണ് ഫ്രാൻസിന്റെ ഭരണം അവസാനിക്കുന്നത്. ധാരാളം ആത്മീയ ചരിത്ര സംഭവങ്ങളുറങ്ങുന്ന സെന്റ് മാർക്ക്സ് ബസലിക്ക, ഡൗജിബസലിക്കയെ ഏറെ ഭയഭക്തിയോടെയാണ് നെപ്പോളിയൻ കണ്ടത്. 'യൂറോപ്പിന്റെ ഡ്രോയിംഗ് റൂം' എന്നാണ് ജനസാന്ദ്രമായ ഈ അങ്കണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ന്യായാധിപനായും ഭരണാധികാരിയുമായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ് ഡൗജ്. സെന്റ് മാർക്ക്സ് ബസലിക്കയുടെ മാതൃകയിലാണ് ഡൌജിന്റെ കൊട്ടാരം പണികഴിപ്പിച്ചത്. 1923 മുതൽ ഇതൊരു മ്യൂസിയമാണ്. വെനീസ്സിലെ ഏറ്റവും വലിയ കൊട്ടാരവും ഇതാണ്. കൊട്ടാരത്തിനുള്ളിൽ വശ്യമായ മന്ദഹാസം പൊഴിച്ചുകൊണ്ടു നില്ക്കുന്ന ധാരാളം ശില്പങ്ങളും കലാസൃഷ്ടികളുമുണ്ട്. സഞ്ചാരികളുടെ ഹൃദയത്തേ വശീകരിക്കുന്ന അലങ്കാര പണികളും നിറമാർന്ന എണ്ണഛായാ ചിത്രങ്ങളും ഒരു ദേശത്തിന്റെ ചരിത്ര സാക്ഷ്യമായി നിലകൊള്ളുന്നു. മുൻകാലങ്ങളിൽ ലോകവ്യാപാരങ്ങളുടെ നേതൃത്വം വെനീസായിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുള്ള വ്യാപാര സാധനങ്ങൾ ഇവിടേയ്ക്ക് ഒഴുകിയിരുന്നു. ആ കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള സുഗന്ധദ്രവ്യങ്ങളും പേർഷ്യയിൽനിന്നുള്ള പട്ടും പരവതാനികളുമുണ്ടായിരുന്നു. ഈ വ്യാപാരത്തിലൂടെ പലരും ചരക്കു കപ്പലുകളുടെ ഉടമകളും സമ്പത്തിൽ പ്രഭുക്കൻമാരുമായി. അതിന്റെ നന്ദി സൂചകമായിട്ടാണ് ദൈവത്തെ പ്രസാദിപ്പിക്കാൻ സുന്ദരങ്ങളായ ദേവാലയങ്ങൾ ഇവർ പണികഴിപ്പിച്ചത്. അതേ സമയം തന്നെ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ദേവാലയങ്ങളുയർന്നത് യുദ്ധങ്ങളിൽ ജയിച്ചതിന്റെ ആഹ്ലാദമായിട്ടാണ്. ആദ്യകാലങ്ങളിൽ ഈ കൊട്ടാരത്തിന്റെ അടിഭാഗം ജയിലറകളായിരുന്നു. ഇതിന്റെ മുകൾ ഭാഗത്ത് നിന്ന് വെനീസിന്റെ നല്ലൊരു ഭാഗം കാണാം. മുകളിലുള്ള ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് പള്ളിമണി മുഴങ്ങിയത്. അല്പസമയത്തിനകം ഇമ്പമാർന്ന സംഗീതവും അന്തരീക്ഷത്തിലുയർന്നു. സെന്റ് മാർക്ക്സ് അങ്കണത്തിൽ കൂട്ടമായിരുന്ന പ്രാവുകളെല്ലാം കൊട്ടാരമുകളിലേയ്ക്ക് പറന്ന് ധ്യാനനിരതരായിരിക്കുന്നത് ഒരു അസാധാരണ കാഴ്ചയായിരുന്നു. ഇറ്റലിയിലെ നോഹര കാഴ്ചകളിൽ പ്രധാനപ്പെട്ടതാണ് വെനീസ്. ഇതുപോലെ വിസ്മയ കാഴ്ചകളിൽ മുഴുകി നിൽക്കാൻ കിഴക്കൻ വെനീസിന് കഴിയുമോ?

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE