പോളാർ വോർട്ടെക്‌സ്: തണുത്ത് വിറച്ച് അമേരിക്ക, ഉത്തരേന്ത്യയിലെ താപനില ഇനിയും താഴാൻ സാധ്യത

Wednesday 30 January 2019 3:48 PM IST
winter

വിസ്‌കോൻസിൻ: ഒരു മണിക്കൂറിനുള്ളിൽ തണുപ്പ് മൈനസ് 53 സെൽഷ്യസ് വരെ കടക്കുന്നു. അമേരിക്കയിലെ വിസ്‌കോൻസിനിലെ താപനിലയുടെ കാര്യമാണിത്. പുറത്തിറങ്ങാൻ സാധിക്കാത്ത തണുപ്പാണിവിടെ. ഈ തണുത്ത കാലാവസ്ഥയ്‌ക്ക് കാരണം 'പോളാർ വോർട്ടെക്‌സ്' എന്ന പ്രതിഭാസമാണ്. ഭൂമിയുടെ ഉത്തര, ദക്ഷിണ ധ്രുവങ്ങൾക്ക് സമീപം രൂപപ്പെടുന്ന ന്യൂനമർദ മേഖലയാണ് പോളാർ വോർട്ടെക്‌സ്. ആർട്ടിക് മേഖലയിൽനിന്നുവരുന്ന ഈ തണുത്ത കാറ്റാണ് ഉത്തരേന്ത്യയിലെ അതിശൈത്യത്തിനും കാരണമെന്നും ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

പ്രദേശവാസികളോട് വീടിനു പുറത്തു പോകുമ്പോൾ ദീർഘശ്വാസം എടുക്കുന്നത് ഒഴിവാക്കുവാനും സംസാരം പരിമിതപ്പെടുത്താനും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്‌ച മുതൽ വ്യാഴാഴ്‌ച വരെയാണ് ഏറ്റവും തീവ്രമായി തണുപ്പ് അനുഭവപ്പെടുക. ഷിക്കാഗോയിൽ അന്റാർട്ടിക്കയേക്കാൾ കൂടുതൽ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പറയുന്നു. ഉത്തരേന്ത്യയിൽ മാത്രമല്ല യു.എസിലും യൂറോപ്പിലും നിലവിൽ കടുത്ത ഹിമപാതവും –65 ഫാരൻഹീറ്റ് (ഏകദേശം –53 ഡിഗ്രി സെൽഷ്യസ്) വരെ താഴ്ന്ന താപനിലയുമാണ് പോളാർ വോർട്ടെക്‌സ് മൂലം ഉണ്ടായിരിക്കുന്നത്.

ആർട്ടിക്കിൽ നിന്നുള്ള ഈ തണുപ്പ് പടിഞ്ഞാറൻ കാറ്റിന്റെ ദുർബലപ്പെടൽ നിമിത്തം തെക്കൻ പ്രദേശങ്ങളായ യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്കാണു നീങ്ങുന്നത്. ഇതു സാധാരണ വരുന്ന കാറ്റിനേക്കാൾ അധികം തണുപ്പ് വടക്കേ ഇന്ത്യയിലേക്കാവും എത്തുക. വിസ്‌കോൻസിൻ, മിഷിഗൺ, ഇല്ലിനോയിസ്, അലബാമ, മിസിസിപ്പി തുടങ്ങിയ സംസ്ഥാനങ്ങളൊക്കെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു.

തണുപ്പേറിയ പ്രദേശത്ത് പ്രതിരോധിക്കുന്ന വേഷങ്ങൾ ഇല്ലാതെ 10 മിനിട്ട് നിന്നാൽ കൂടുതൽ ഇരുന്നാൽ ഈ ഭാഗം മുറിച്ചു മാറ്റേണ്ട സ്ഥിതി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഷിക്കാഗോയിൽ ബുധൻ രാത്രി –26 ഡിഗ്രി ഫാരൻഹീറ്റായിരിക്കും താപനില. 30 വർഷങ്ങൾക്കുമുൻപാണ് ഷിക്കാഗോയിൽ ഇത്രയും താഴ്ന്ന നിലയിൽ താപനില എത്തിയത്. തണുത്ത കാറ്റും വീശുന്നതിനാൽ –55 ഡിഗ്രിയുടെ തണുപ്പ് അനുഭവപ്പെടുമെന്നു ദേശീയ കാലാവസ്ഥാ സേവന വിഭാഗം അറിയിച്ചു. ബ്രിട്ടന്റെ പലഭാഗങ്ങളും കനത്ത മഞ്ഞുവീഴ്‌ചയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD