SignIn
Kerala Kaumudi Online
Monday, 21 September 2026 8.05 AM IST

നയൻതാര എന്ന പേരിട്ടത് ഞാനും രഞ്ജൻ പ്രമോദും,​ ജോൺ ഡിറ്റോ ആരാണെന്ന് പോലും അറിയില്ള: സത്യൻ അന്തിക്കാട്

nayanthara

മനസിനക്കരെ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി മലയാളികളുടെ ഇഷ്ടതാരമായി മാറാൻ നയൻതാരയ്ക്ക് കഴിഞ്ഞു. ചുരുക്കം ചില സിനിമകളിൽ മാത്രമേ മലയാളത്തിൽ അഭിനയിച്ചുള്ളുവെങ്കിലും തെന്നിന്ത്യയിലെ മറ്റ് ഭാഷ ചിത്രങ്ങളിൽ നിറസാന്നിധ്യമാണ് താരം . ഇപ്പോൾ തമിഴകത്തിന്റെ സ്വന്തം ലേഡി സൂപ്പ‌ർസ്റ്റാറാണ് നയൻതാര.

സൂപ്പർതാരമായ നയൻതാരയ്‌ക്ക് ആ പേരിട്ടത് താനാണെന്ന് സംവിധായകൻ ജോൺ ഡിറ്റോ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. 2009ൽ മനസിനക്കരെ എന്ന സിനിമയിൽ അഭിനയിക്കുന്ന ‌‌ഡയാന മറിയം കുര്യൻ എന്ന പെൺകുട്ടിക്ക് ഒരു പേരു നിർദ്ദേശിക്കാൻ പ്രശസ്ത ഫോട്ടോ ഗ്രാഫറായ സ്വാമിനാഥൻ സാറിന്റെ നിർദേശ പ്രകാരമാണ് നയൻതാര എന്ന പേരിട്ടതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ജോൺ ഡിറ്റോ പറഞ്ഞിരുന്നു. എന്നാൽ ജോൺ ഡിറ്റോയുടെ വാക്കുളെ നിഷേധിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് രംഗത്തെത്തിയിരിക്കുകയാണ്. നയൻതാര എന്ന പേര് നിർദേശിച്ചത് താനും രഞ്ജൻ പ്രമോദും കൂടിയാണെന്നും,​ ജോൺ ഡിറ്റോ ആരാണെന്ന് തനിക്കറിയില്ലെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കി.

''ഇങ്ങനെയൊരു തർക്കത്തിന്റെയോ അവകാശവാദത്തിന്റെയോ ആവശ്യം ഈ വിഷയത്തിലുണ്ടെന്നു പോലും ഞാൻ കരുതുന്നില്ല. മനസിനക്കരെ ചിത്രീകരണം നടക്കുന്ന സമയത്ത് ഒരു ദിവസം രാവിലെ ഞാനും രഞ്ജൻ പ്രമോദും ആലോചിച്ചുണ്ടാക്കിയ ചില പേരുകൾ ഒരു ലിസ്റ്റായി എഴുതി നയൻതാരയ്ക്ക് കൊടുത്തു. നയൻതാര തന്നെയാണ് അതിൽ നിന്ന് ഇഷ്ടപ്പെട്ട പേര് തിരഞ്ഞെടുത്തത്,”എന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

2003..
തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്ന കാലം.
ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു.
ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറിനെക്കാണാൻ എത്തി.
വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണ്ണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി ഡയാനയെന്നാണ് പേരത്രെ.
"ഡിറ്റോ ഒരു പേര് ആലോചിക്ക് "സർ നിർദ്ദേശിച്ചു.
ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാൻ
ചിന്തിച്ചു ..
മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെൺകുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി.
...നയൻതാര....
ഞാൻ പറഞ്ഞു: നയൻതാര ..

സാജൻസാർ തലയാട്ടി...

സ്വാമിനാഥൻ സാറും തലകുലുക്കി.
പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗൺസ് ചെയ്തു.
അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ ...
സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു.
നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

ഇന്ന് സാജൻ സാറിനെക്കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓർത്തത്..

"പുതിയ നിയമം" എന്ന മമ്മൂട്ടിപ്പടം സാജൻ സർ ഡയറക്റ്റ് ചെയ്തപ്പോൾ നായികയായ നയൻതാരയെ കാണാൻ കഴിഞ്ഞിരുന്നില്ല.
എങ്കിൽ ഈക്കഥ പറയാമായിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAYANTHARA, SATHYAN ANTHIKAD, DITTO JOHN, DAYANA MARIYAM KURYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY