SignIn
Kerala Kaumudi Online
Monday, 21 September 2026 11.36 AM IST

'കുഞ്ഞിന്റെ മുഖം ആരെപ്പോലെയെന്ന് നോക്കട്ടെ, എന്നിട്ട് ഉറപ്പിക്കാം; ആ മനുഷ്യന്റെ അധിക്ഷേപം'; തുറന്നുപറഞ്ഞ് ദിവ്യ

READ ENGLISH VERSION
divya-sreedhar

ടെലിവിഷൻ താരം ക്രിസ് വേണുഗോപാലിന്റെയും നടി ദിവ്യ ശ്രീധറിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹത്തിന് ടെലിവിഷൻ സീരിയൽ മേഖലയിൽ നിന്നുള്ള ഒട്ടേറെ പേർ പങ്കെടുത്തിരുന്നു. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ദിവ്യ. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആദ്യ ഭർത്താവിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് ദിവ്യ തുറന്നുപറയുന്നത്.

ദിവ്യയുടെ വാക്കുകളിലേക്ക്...
'എന്റെ ജീവിതത്തിലെ ഫ്ളാഷ് ബാക്കിൽ ഇരുട്ട് മാത്രമായിരുന്നു. വിവാഹം കഴിച്ച വ്യക്തി രണ്ടാം കെട്ടുകാരനാണെന്ന് പിന്നീടാണ് അറിഞ്ഞത്. മദ്യപിച്ച് ആളുകളുടെ മർദനമേറ്റ് ചോരയിൽ കുളിച്ചാണ് വീട്ടിൽ കയറിവരുന്നത്. എല്ലാം നേരെയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും മാറ്റമുണ്ടായില്ല. പ്രതീക്ഷകൾ വെറുതെയായി.

വീട്ടുകാരുടെ സമ്മതമില്ലാതെ നടന്ന വിവാഹമായത് കൊണ്ട് പിന്നീടങ്ങോട്ടുള്ള ജീവിതത്തിന്റെ അനന്തരഫലങ്ങൾ എന്റെ മാത്രം ഉത്തരവാദിത്തമായി. പിന്നീട് രാവെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിച്ചു. 'ഖൽബാണ് ഫാത്തിമ' എന്ന ആൽബത്തിലെ ഒരു പാട്ടിൽ നായികയായതോടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അതിന് ശേഷം സിനിമകൾ കിട്ടിത്തുടങ്ങി.

ബസ് കണ്ടക്ടർ, പച്ചക്കുതിര തുടങ്ങിയ സിനിമകളിൽ അവസരം ലഭിച്ചു. അഭിനയം ഇല്ലാത്ത സമയങ്ങളിൽ മേക്കപ്പ് ആർട്ടിസ്റ്റായും ജോലി ചെയ്തു. എന്നാൽ എന്നെ സ്വസ്ഥമായി വിടില്ലെന്ന് ഉറപ്പിച്ച ആ വ്യക്തി പറ്റാവുന്നിടത്തോളം ഉപദ്രവിച്ചു. മകളെ ഗർഭം ധരിച്ചപ്പോൾ കുഞ്ഞിന്റെ മുഖം ആരെപ്പോലെയിരിക്കും എന്ന് നോക്കട്ടെ, എന്നിട്ട് ഉറപ്പിക്കാമെന്ന് ആ മനുഷ്യൻ പറഞ്ഞു. ആ അധിക്ഷേപം ഇന്നും ചങ്കിൽ തുളയ്ക്കുന്ന മുറിവാണ്. 18 മുതൽ 32 വയസ് വരെ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇത്രയൊക്കെ സംഭവിച്ചിട്ടും മരിക്കാതെ മണ്ണിൽ വേരുറപ്പിച്ച് നിർത്തിയത് എന്റെ മക്കളാണ്'- ദിവ്യ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, DIVYA SREEDHAR, SERIAL, MOVIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY