
കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥയുടെ പ്രസാധനം നീട്ടിവച്ച ഡി.സി ബുക്ക്സ്, ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുമെന്ന് പറയുന്നു. ഇന്നലെ രാവിലെ പുസ്തകം പുറത്തിറക്കി ഡി.സി, കറന്റു ബുക്സിന്റെ ശാഖകളിൽ വില്പനയ്ക്ക് എത്തിക്കാൻ നീക്കമുണ്ടായിരുന്നു.
പല അപ്രിയ സത്യങ്ങളുടേയും തുറന്നു പറച്ചിലുകളുമായി പുസ്തകം ഉടൻ വരുന്നെന്ന് കവർചിത്രവുമായി ചൊവ്വാഴ്ചയാണ് ഡി.സി ബുക്ക്സ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ഇ.എം.എസിനൊപ്പമുള്ള ഇ.പിയുടെ ചിത്രമാണ് കവർപേജ്.
ഇ.പി ആത്മകഥ എഴുതുന്ന വിവരം പുറത്തുവന്നപ്പൊഴേ പ്രസിദ്ധീകരണാവകാശം ഡി.സി ബുക്സ് നേടിയതായാണ് അറിയുന്നത്. തന്റെ അറിവില്ലാതെയാണ് പുസ്തകം ഇറക്കിയതെന്ന ജയരാജന്റെ പരാമർശത്തോട് പ്രതികരിക്കാൻ വിദേശത്തുള്ള രവി ഡി.സിയോ ബന്ധപ്പെട്ടവരോ തയ്യാറായില്ല.
നിയമ നടപടി സ്വീകരിക്കും: ഇ.പി
ആത്മകഥ എഴുതി തീർന്നിട്ടില്ലെന്നും പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. ഡി.സി ബുക്സ് പുറത്തിറക്കുമെന്ന് അവകാശപ്പെടുന്ന പുസ്തകം ഏതാണെന്ന് തനിക്കറിയില്ല. പുറത്തുവന്ന വാർത്തകൾ ബോധപൂർവം സൃഷ്ടിച്ചതാണ്. രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. തിരഞ്ഞെടുപ്പ് കണക്കാക്കി സ്ഥാനാർത്ഥികളെ കുറിച്ചുള്ള പരാമർശം ബോധപൂർവം ഉണ്ടാക്കിയതാണ്. നിയമനടപടി സ്വീകരിക്കും.
പുറത്തുവന്ന ഒരു കാര്യവും ഞാൻ എഴുതിയതല്ല. രാവിലെ പത്തരയ്ക്ക് പ്രസിദ്ധീകരിക്കും എന്നുള്ള വാർത്തയാണ് കാണുന്നത്. അതിന് ആരെയും ഏൽപ്പിച്ചിട്ടില്ല. എന്റെ പുസ്തകം താമസിയാതെ പ്രസിദ്ധീകരിക്കുമ്പോൾ നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകും. പുസ്തകം പ്രസിദ്ധീകരിക്കാൻ സന്നദ്ധത അറിയിച്ച എല്ലാ പ്രസാധകരോടും, ആലോചിച്ചിട്ട് മറുപടി പറയാമെന്നാണ് പറഞ്ഞത്. പുസ്തകത്തിന്റെ കവർപേജ് പോലും ഞാൻ കണ്ടിട്ടില്ല. എന്നെയും പാർട്ടിയെയും നശിപ്പിക്കാനുള്ള ലക്ഷ്യമാണിത്.
പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകർ വിളിച്ചിരുന്നപ്പോൾ അവസാനഭാഗം എഴുതിക്കൊണ്ടിരിക്കുകയാണെന്നാണ് പറഞ്ഞത്. അവസാന ഭാഗം ഞങ്ങൾ എഴുതിയാൽ പോരെയെന്ന് ചോദിച്ചു. അത് പറ്റില്ലെന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ കാണിച്ചത് തെമ്മാടിത്തരമാണെന്നും ഇ.പി പറഞ്ഞു.
പാലക്കാട്ട് ഇ.പി എന്തുപറയും!
സരിനു വേണ്ടി ഇ.പി ഇന്ന് പാലക്കാട്ട് പ്രസംഗിക്കുമ്പോൾ എന്തുപറയുമെന്നാണ് പ്രവർത്തകർ ഉറ്റുനോക്കുന്നത്. വൈകിട്ട് അഞ്ചിന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്താണ് പൊതുയോഗം. സരിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്ന് ഇ.പിയുടെ ആത്മകഥയിലുണ്ടെന്നാണ് വിവരം. ഇ.പിയുടെവാക്കുകൾ ദുർവ്യാഖ്യാനം ചെയ്തതാണെങ്കിൽ വിഷയം ചർച്ചയാകണമെന്നാണ് സരിൻ പ്രതികരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |