SignIn
Kerala Kaumudi Online
Monday, 21 September 2026 7.26 PM IST

വയറ്റിൽ കോടികളുടെ മയക്കുമരുന്ന് ഗുളിക ബ്രസീലിയൻ ദമ്പതികൾ പിടിയിൽ

READ ENGLISH VERSION
p

നെടുമ്പാശേരി: ഗുളിക രൂപത്തിലാക്കി വിഴുങ്ങി കോടികളുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ബ്രസീലിയൻ ദമ്പതികൾ കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ. ലൂക്കാ ഡിസിൽവ,​ ഭാര്യ ബ്രൂണ ഗബ്രിയേല എന്നിവരെ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസാണ് (ഡി. ആർ.ഐ) കസ്റ്റഡിയിലെടുത്തത്. ബ്രസീലിലെ സാവോ പോളോയിൽ നിന്ന് ദുബായ് വഴി ഇന്നലെ രാവിലെ 8.45 നാണ് ഇവർ കൊച്ചിയിലെത്തിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും ലഭിച്ചില്ല. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സ്കാനിംഗ് നടത്തി. വയറ്റിൽ കാപ്സ്യൂൾ രൂപത്തിൽ വസ്തുക്കൾ കണ്ടെത്തി. ഇന്നലെ വൈകിട്ട് വരെ 70ഓളം ക്യാപ്സൂളുകൾ പുറത്തെടുത്തു. ബാക്കിയുള്ളവ പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. കൊക്കെയിൽ അല്ലെങ്കിൽ ഹെറോയിനാണ് ഇവയെന്നാണ് സൂചന. ഇതിന് കോടികൾ വിലവരും.മയക്കുമരുന്ന് പ്രത്യേക രീതിയിലുള്ള പ്ലാസ്റ്റിക് പേപ്പറിലാക്കിയാണ് കാപ്സ്യൂൾ നിർമ്മാണം. നെടുമ്പാശേരിയിൽ നിന്ന് തിരുവനന്തപുരത്ത് എത്താനായിരുന്നു ദമ്പതികളുടെ പദ്ധതി. ഹോട്ടൽ ബുക്ക് ചെയ്തതിന്റെ വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇടനിലക്കാർക്ക് ഇവിടെ വച്ച് മയക്കുമരുന്ന് കൈമാറാനായിരുന്നു പദ്ധതി. ഇടനിലക്കാരെ ഉൾപ്പെടെ കണ്ടെത്താൻ പ്രതികളുടെ ഫോൺ വിവരങ്ങളും മറ്റ് ഡാറ്റകളും ഐ.ടി വിദഗ്ദ്ധർ പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ വർഷം ജൂണിൽ സമാന രീതിയിൽ 19 കോടിയുടെ കൊക്കെയിൻ കടത്താൻ ശ്രമിച്ച ടാൻസാനിയക്കാരൻ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായിരുന്നു.

അപകടം 'ബോഡി പാക്കിംഗ്'

മയക്കുമരുന്ന് പോലുള്ളവ ശരീരത്തിനുള്ളിലാക്കി കടത്തുന്ന രീതിയാണ് ബോഡി പായ്ക്കിംഗും ബോഡി സ്റ്റഫിംഗും. അതീവ അപകടകരമായ രീതിയാണിത്. കാപ്സ്യൂളുകൾ വയറ്റിൽ വച്ച് പൊട്ടിയാൽ മരണം ഉറപ്പ്. രഹസ്യഭാഗങ്ങളിലൂടെ കടത്തുന്നതിനേക്കാൾ കൂടുതൽ ചരക്ക് വിഴുങ്ങി കടത്താനാകും. സി.ടി, അൾട്രാസൗണ്ട്, എക്സ്റേ പരിശോധനകളിലൂടെയാണ് ഇത് കണ്ടെത്തുക. വിഴുങ്ങിയ വസ്തുക്കൾ വയറിളക്കിച്ചും മറ്റുമാണ് പുറത്തെടുക്കുക. അന്വേഷണ ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും മറ്റും ശ്രമകരമായ ജോലിയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA