
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം അതിജീവനത്തിലേക്കുള്ള ചുവടുറപ്പിക്കലാക്കി വയനാട് മഹാദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുരുന്നുകൾ. 'തിങ്കളും താരങ്ങളും തൂവെള്ളി കതിർ ചിന്നും തുങ്കമാം വാനിൻ ചോട്ടിലാണെന്റെ വിദ്യാലയം' എന്ന വരികൾക്കൊപ്പം ഉദ്ഘാടന വേദിയിൽ അവർ നൃത്തമാടി.
എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വൈഗ, വീണ, അഞ്ജലി, ശിവപ്രിയ, ഋഷിക, സാധിക, അശ്വിനി എന്നിവരാണ് കാഴ്ചക്കാരുടെ കണ്ണു നിറച്ച് നിറകൈയടി നേടിയത്.
33 കുട്ടികളെ ഉരുൾ കവർന്ന വെള്ളാർമല ജി.വി.എച്ച്.എസ്.എസ് പുനർ നിർമ്മിക്കുമെന്നായിരുന്നു നൃത്തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇവർക്ക് കൊടുത്ത ഉറപ്പ്. നർത്തക സംഘത്തിലെ എസ്. അഞ്ജലിയുടെ ആവശ്യത്തിനാണ് നെറുകയിൽ തലോടി മുഖ്യമന്ത്രിയുടെ പ്രതികരണം.
ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിൽ നിന്ന് ഇറങ്ങി വന്നപ്പോഴാണ് കുട്ടികളെ കണ്ടത്. തുടർന്ന് അവരെ ചേർത്തുപിടിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. കുട്ടികൾക്കൊപ്പം ഫോട്ടോയുമെടുത്തു. മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷകളുണ്ടെന്നും സന്തോഷമുണ്ടെന്നും അഞ്ജലി കേരളകൗമുദിയോട് പറഞ്ഞു. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ എന്നിവരും കുട്ടികളുമായി സമയം പങ്കിട്ടിരുന്നു.
നൃത്തം കണ്ടപ്പോൾ ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ള സ്‌കൂളിലെ അദ്ധ്യാപകരുടെയും അമ്മമാരുടെയുമെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി. 'വെള്ളരിമലയുടെ താഴ്‌വാരത്തൊരു വിദ്യാലയമുണ്ടേ പുന്നപ്പുഴയുടെ ഓരം ചേർന്നൊരു പള്ളിക്കൂടമുണ്ടേ...' എന്ന വരികൾ നിറകൈയടികളോടെ സദസ് ഏറ്റെടുത്തു. അഞ്ചു ദിവസം കൊണ്ടാണ് കുട്ടികൾ നൃത്തം പഠിച്ചത്. തൃശൂർ നാരായണൻകുട്ടിയുടെ വരികൾ നൃത്തസംവിധായകൻ അനിൽ വെട്ടിക്കാട്ടിരിയാണ് ചിട്ടപ്പെടുത്തിയത്.
അതിജീവനത്തിന്റെ നേർക്കാഴ്ച: മുഖ്യമന്ത്രി
കലാപ്രകടനത്തിനപ്പുറം അതിജീവനത്തിന്റെ നേർക്കാഴ്ചയാവുകയാണ് ഇത്തവണത്തെ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ, ചൂരൽമല ദുരന്തം അതിജീവിച്ച വെള്ളാർമല ജി.എച്ച്.എസിലെ വിദ്യാർത്ഥികൾ ഉദ്ഘാടന വേദിയിൽ സംഘനൃത്തം അവതരിപ്പിക്കാനെത്തിയത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
''കഠിനമായ ദുരന്തത്തിലൂടെ കടന്നു പോയിട്ടും മനസിലെ പ്രയാസങ്ങളെല്ലാം അടക്കിവച്ച് അതിജീവനത്തിലേക്ക് ഞങ്ങൾ കടക്കുകയാണെന്ന് പ്രഖ്യാപിച്ച് ഈ കുട്ടികളെത്തിയത് കാണുമ്പോൾ അതിയായ സന്തോഷമുണ്ട്
-കെ.രാജൻ,
റവന്യു മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |