
തിരുവനന്തപുരം: ചവിട്ടുനാടക കളരിയിലേക്ക് കൈപിടിച്ചു നടന്ന പൊന്നുമകളുടെ ഓർമ്മകളാണ് സിന്ധു റോയിയെ കലോത്സവ വേദിയിലെത്തിച്ചത്. ഒരുവർഷം മുൻപ് കുസാറ്റ് ക്യാമ്പസിലെ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തമാണ് ചവിട്ടു നാടക ഗുരുവായ റോയ് ആശാന്റെയും സിന്ധു റോയുടെയും മകളായ ഇരുപതുകാരി ആൻ റിഫ്റ്റയുടെ ജീവനെടുത്തത്.
വിദേശത്ത് ഹോം നഴ്‌സായിരുന്ന സിന്ധു മകളെ നഷ്ടപ്പെട്ടശേഷം വീട്ടിലേക്കൊതുങ്ങി. മകൾ മരിച്ച് ഒന്നരമാസത്തിനപ്പുറം റോയ് ആശാന് 15ലറെ ടീമുകളെ തട്ടിൽ കയറേണ്ടി വന്നിരുന്നു.
പിന്നീട് പല മത്സരവേദികളും റോയ് ജോർജും, മകൻ ഋതുലും കുട്ടികളെ പരിശീലിപ്പിച്ചു. സിന്ധു അപ്പോഴും വിട്ടു നിന്നു. ഒടുവിൽ റോയിയുടെയും ഋതുലിന്റെയു നിർബന്ധങ്ങൾക്ക് വഴങ്ങിയാണ് കലോത്സവ വേദിയിലെത്തിയത്. 12 ടീമുകളുമായാണ് പറവൂർ ഗോതുരുത്ത് സ്വദേശി റോയ് ജോർജും ഋതുലും മത്സരത്തിനെത്തിയത്. ഇവരോട് കുശലം പറയുമ്പോഴും സിന്ധുവിന്റെ മുഖത്ത് ആ പഴയ സന്തോഷമില്ല. ഇവരെ കാണുമ്പോൾ എന്റെ കുഞ്ഞിനെ ഓർമ്മ വരുമെന്ന് മാത്രം പറഞ്ഞ സിന്ധു മാദ്ധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ പലവട്ടം ശ്രമിക്കുന്നുണ്ടായിരുന്നു.
'മോളുണ്ടായിരുന്നെങ്കിൽ ഇന്നിവിടെ ഞങ്ങൾക്കൊപ്പമുണ്ടായേനേ''- എന്ന് പറയുമ്പോൾ റോയ് ആശാന്റെ മുഖവും സങ്കടക്കടലായി. ഒന്നര വയസിലാണ് അച്ഛൻ അവളെ ചവിട്ടു നാടകം പഠിപ്പിച്ചത്. രാജ്ഞിയുടെ വേഷത്തിൽ അവൾ സുന്ദരിയായിരുന്നെന്ന് പറയുമ്പോൾ സഹോദരൻ ഋതുലിന്റെ മുഖത്തും ആന്റെ ഒർമ്മകൾ മിന്നിമാഞ്ഞു. തങ്ങൾ പരിശീലിപ്പിക്കുന്ന ടീമുകളുടെ വിജയം ആൻ റിഫ്റ്റക്കുള്ള സമ്മാനമാണെന്നാണ് കുടുംബം പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |